ലഡാക്കില്‍ വീണ്ടും ചൈനീസ്‌ കടന്നുകയറ്റം

Monday 22 July 2013 9:14 am IST

ന്യൂദല്‍ഹി: ലഡാക്ക്‌ മേഖലയിലെ അതിര്‍ത്തിയിലുള്ള നിയന്ത്രണ രേഖ ചൈനീസ്‌ സൈന്യം വീണ്ടും ലംഘിച്ച്‌ ഇന്ത്യയിലേക്ക്‌ കടന്നു കയറി. ഇന്ത്യയുടെ ഭൂപ്രദേശത്തേക്ക്‌ കടന്നു കയറിയ ചൈനീസ്‌ സൈന്യം കയ്യേറിയ പ്രദേശം ഉടന്‍ വിട്ടുപോകണമെന്ന മുന്നറിയിപ്പ്‌ ഇന്ത്യക്ക്‌ നല്‍കി ബാനര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിയന്ത്രണ രേഖ ലംഘിച്ച ചൈനീസ്‌ സൈന്യം ഇന്ത്യന്‍ പ്രദേശത്തേക്ക്‌ കടന്നു കയറിയത്‌ കഴിഞ്ഞ ആഴ്ചയാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ കടുത്ത സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും കടന്നു കയറ്റത്തില്‍ ഇരുവശത്തും ആളപായമുണ്ടായിട്ടില്ല. കടന്നു കയറ്റത്തെക്കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസിനും പ്രതിരോധ -വിദേശ വകുപ്പുകള്‍ക്കും ഇന്ത്യന്‍ അധികൃതര്‍ക്കും റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌.
സ്പാന്‍ഗര്‍ ഗാപിലെ ഏരിയ കമാന്റര്‍മാരടക്കമുള്ള ചൈനീസ്‌ ഉദ്യോഗസ്ഥരെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്‌. ഇതാദ്യമല്ല ചൈനീസ്‌ സൈന്യം ബലമായി ഇന്ത്യന്‍ പ്രദേശത്തേക്ക്‌ കടന്നുകയറുന്നത്‌. ഈ വര്‍ഷം ഏപ്രില്‍ 15ന്‌ ചൈനയുടെ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയുടെ ശക്തമായ ഒരു പ്ലറ്റൂണ്‍ കിഴക്കന്‍ ലഡാക്കിലെ ദൗളത്‌ ബെഗ്‌ ഒള്‍ഡി എന്ന ഇന്ത്യന്‍ പ്രദേശത്ത്‌ പത്തുകിലോമീറ്റര്‍ ഉള്ളിലേക്ക്‌ അതിക്രമിച്ച്‌ കടന്നിരുന്നു. ഏറ്റവും അവസാനത്തെ ചൈനീസ്‌ കടന്നു കയറ്റമുണ്ടായത്‌ ഇന്ത്യയുടെ പ്രതിരോധമന്ത്രി എ.കെ. ആന്റണി ബീജിംഗ്‌ സന്ദര്‍ശിച്ച്‌ ഒരുമാസം കഴിയും മുമ്പെയാണ്‌.
അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനും സൗഹൃദം തുടരാനും ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വം ഇച്ഛിക്കണമെന്ന്‌ പ്രതിരോധമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ ചൈനീസ്‌ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചയും ഒത്തുചേര്‍ന്നുള്ള നിരീക്ഷണവും നടത്തി അതിര്‍ത്തിയില്‍ സമാധാനവും സ്വസ്ഥതയും സ്ഥിരത്വവും നിലനിര്‍ത്തണമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്ന പൊതുവായ വികസനപൂര്‍ത്തിയുണ്ടാകുമെന്ന്‌ പ്രധാനമന്ത്രി ലീ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.