പുല്‍പ്പള്ളി സീതാദേവീ ക്ഷേത്രം

Monday 22 July 2013 4:44 pm IST

കാര്‍ഷികവൃത്തി ഉപജീവന മാര്‍ഗ്ഗമാക്കിയ വയനാടന്‍ ജനത ഉത്സവങ്ങളും കാവുകളും ജീവിത താളമാക്കിമാറ്റിയെന്നതില്‍ അതിശയോക്തിയില്ല. പുത്തരിയും കതിര്‍വെയ്പ്പും കമ്പളനാട്ടിയും തുടിനാദവും ഗോത്രജീവിതത്തന്റെ അഭിവാജ്യഘടകം തന്നെ. അടിയോരുടെ നാട്ടുഗദ്ദികയും പണിയരുടെ കൂളികെട്ടും കുറിച്ച്യരുടെ വടക്കന്‍പാട്ടും ക്ഷേത്രാങ്കണത്തിലും കടന്നെത്തി. ഗുഡ മെനയുന്ന കാട്ടുനായ്ക്കര്‍ വാനാന്തരത്തില്‍ നിന്ന്‌ നാട്ടിലെത്തിയത്‌ ഈയിടെ മാത്രം. ഗോത്രജനതയിലും നാട്ടുകാരിലും രാമായണത്തിന്റെ സ്വാധീനം ചെറുതല്ല. പുല്‍പ്പള്ളി സീതാ ലവ-കുശ ക്ഷേത്രം, പൊന്‍കുഴി ശ്രീരാമക്ഷേത്രം, വള്ളിയൂര്‍ക്കാവ്‌ സീതാ-ലവകുശ ക്ഷേത്രം, ഇരുപ്പ്‌ ശ്രീരാമക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം രാമായണകാവ്യം മധുരം തുളുമ്പി നില്‍ക്കുന്നു.

  പുല്‍പ്പള്ളി സീതാദേവീ ക്ഷേത്രം ലോകാപവാദത്തെത്തുടര്‍ന്ന്‌ ശ്രീരാമന്‍ ഗര്‍ഭിണിയായ പത്നി സീതാദേവിയെ കാട്ടിലുപേക്ഷിച്ചപ്പോള്‍ ദേവി പുല്‍പ്പള്ളിയില്‍ എത്തിയെന്നും അവിടുത്തെ വാത്മീകി ആശ്രമം ദേവിക്ക്‌ അഭയമരുളിയെന്നും ഐതിഹ്യം. ദേവി ലവകുശന്മാര്‍ക്ക്‌ ജന്മം നല്‍കിയതിവിടെയെന്നും പുരാണത്തിലുണ്ട്‌. പുല്‍പ്പള്ളി സീതാ-ലവകുശ ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ്‌ ചേടാറ്റിന്‍കാവ്‌. ശ്രീരാമന്‍ ദ്വിഗ്‌വിജയത്തിനയച്ച അശ്വത്തെ സീതാദേവിയുടെ ആശീര്‍വാദത്തോടെ ലവകുശന്മാര്‍ ബന്ധിച്ചു. അശ്വമോചനത്തിനെത്തിയ ശ്രീരാമ ചക്രവര്‍ത്തിയെ കാണാനിടയായ സീതാമാതാവ്‌ തത്ക്ഷണം ഭൂമിദേവിയില്‍ വിലയം പ്രാപിക്കാന്‍ തുനിഞ്ഞ മാതാവിനെ തടയാനായി തിരുമുടിയില്‍ ശ്രീരാമന്‍ പിടുത്തമിട്ടെന്നും തത്ലക്ഷണം മുടിയറ്റുപോയെന്നും ഭാഷ്യം. മുടിയറ്റുപോയ അമ്മയുടെ സങ്കല്‍പ്പമായി ചേടാറ്റിലമ്മ ഇവിടെ വിരാജിക്കുന്നുവെന്നാണ്‌ പഴമക്കാരുടെ വിശ്വാസം. സീതാദേവിയോടൊപ്പം മക്കളായ ലവകുശന്മാരുടെ മുനികുമാരന്മാരുടെ (മുരിക്കന്മാര്‍) സങ്കല്‍പ്പവും അടുത്തുകാണാം. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ഇവിടം ദര്‍ശിച്ചാല്‍ പുല്‍പ്പള്ളി ക്ഷേത്രദര്‍ശനം പൂര്‍ണ്ണതയിലെത്തി. പഴശ്ശിത്തമ്പുരാന്റെ കാലത്താണ്‌ ഇപ്പോഴത്തെ സീതാദേവീ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്‌. പുല്‍പ്പള്ളി ക്ഷേത്ര ഭരണം അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായിരുന്ന കുപ്പത്തോട്‌ നായര്‍ തറവാട്ടുകാര്‍ക്ക്‌ പിന്നീട്‌ കൈമാറിക്കിട്ടി. സീതദേവിയെ മക്കളായ ലവകുശന്മാരോടൊപ്പം പ്രതിഷ്ഠിക്കപ്പട്ടിട്ടുള്ളത്‌ പുല്‍പ്പള്ളിയിലും കുപ്പത്തോട്‌ നായര്‍ തറവാടിന്റെ ഊരാണ്മയിലുള്ള മീനങ്ങാടിക്കടുത്ത കുപ്പത്തോട്‌ ക്ഷേത്രങ്ങളിലുമാണ്‌. പുല്‍പ്പള്ളി മാവിലാംതോട്ടില്‍ വീരമൃത്യു വരിച്ച പഴശ്ശി തമ്പുരാന്റെ സ്വര്‍ണ്ണവാളടക്കമുള്ള അമൂല്യ വസ്തുക്കള്‍ നിക്ഷേപിക്കപ്പെട്ടത്‌ ക്ഷേത്രത്തിനടുത്ത കൈതക്കാട്ടിലായിരുന്നു. ക്ഷേത്രത്തിന്റെ പ്രധാന ഉപദേവത സ്ഥാനമാണ്‌ തെക്കുവശത്തുള്ള വെള്ളാട്ടുത്തറ. ലവകുശന്മാര്‍ കളിച്ചുവളര്‍ന്നതിനെ അനുസ്മരിപ്പിച്ച്‌ ഇവിടെ വെള്ളാട്ട്‌ നടത്തപ്പെടുന്നു. ഉപസ്ഥാനങ്ങളില്‍ പ്രധാനം വാത്മീകി ആശ്രമത്തിനാണ്‌. ആദികവി ഇവിടെ രാമായണ രചന നടത്തിയെന്നും സീതാമാതാവിനെ സംരക്ഷിച്ചുവെന്നും ഐതിഹ്യം. വര്‍ഷംതോറും ദര്‍ഭപ്പുല്ല്‌ പുതച്ച്‌ ആശ്രമം സംരക്ഷിച്ചുവരുന്നു. ഇവിടെയുള്ള മന്ദാരവൃക്ഷത്തില്‍ നിത്യവും വിരിയുന്ന രണ്ട്‌ പൂക്കള്‍ ദേവിയുടെ ഇരുമക്കളെ അനുസ്മരിപ്പിക്കുന്നു. തൊട്ടുതാഴെയുള്ള ആശ്രമക്കൊല്ലിയുടെ പാറപ്പുറത്തിരുന്നാണ്‌ ആദികവി തപസനുഷ്ഠിച്ചത്‌. കുട്ടികളുടെ ഭൂമി എന്ന സങ്കല്‍പ്പത്തില്‍ പുല്‍പ്പള്ളി ക്ഷേത്രഭൂമി ഇന്നും മൈനര്‍സ്വത്തായി സര്‍ക്കാര്‍ പരിഗണിച്ചുവരുന്നു. സീതമാതാവിന്റെ അശ്രിതവല്‍സലനായ ഹനുമാന്റെ സങ്കല്‍പ്പസ്ഥാനവും പുല്‍പ്പള്ളിയിലുണ്ട്‌. 14,000 ഏക്കറിലധികം വനഭൂമിയുണ്ടായിരുന്ന പുല്‍പ്പള്ളി ദേവസ്വത്തിന്‌ ആനപിടുത്തകേന്ദ്രങ്ങളും ആനപ്പന്തികളും നിരവധി ആനകളും ഉണ്ടായിരുന്നു. ക്ഷേത്രസ്വത്ത്‌ കണ്ട്‌ ആക്രമണത്തിനെത്തിയ ടിപ്പുവിനെ ദിഗ്ഭ്രമം വരുത്തി സീതാദേവി ക്ഷേത്രകുളത്തിനടുത്തുനിന്നും തിരിച്ചയച്ച കഥയും ഇവിടെ പ്രചാരത്തിലുണ്ട്‌. വയനാടിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച്‌ തലയുയര്‍ത്തി നില്‍ക്കുന്ന വത്മീകങ്ങള്‍ (ചിതല്‍പുറ്റുകള്‍) പുല്‍പ്പള്ളിയുടെ മാത്രം പ്രത്യേകതയാണ്‌. ദേവി മക്കളുടെ സുരക്ഷക്കായി തപോഭൂമിയില്‍ നിന്നും അട്ടകളെയും ക്ഷുദ്രജീവികളെയും അകറ്റിയിരുന്നു. ഒരുകാലത്തും ഇവിടെ അട്ടകള്‍ ഉണ്ടായിരുന്നില്ല എന്നതും കൗതുകകരം തന്നെ. ദര്‍ഭ വിരിച്ച മെത്ത എന്ന അര്‍ത്ഥത്തിലാണ്‌ പുല്‍പ്പള്ളിയുടെ നാമധേയം എന്നാണ്‌ വിശ്വാസികളുടെ മതം. സജീവന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.