പൊന്‍കുഴി ശ്രീരാമ-സീതാ ക്ഷേത്രം

Sunday 4 May 2014 4:34 pm IST

ബത്തേരിയില്‍ നിന്നും 18 കി.മി. അകലെ കര്‍ണ്ണാടക അതിര്‍ത്തിയില്‍ വനാന്തരത്തിലാണ്‌ പൊന്‍കുഴി ശ്രീരാമ-സീത ക്ഷേത്രം. ക്ഷേത്ര സമുച്ചയത്തെ രണ്ടായി പകുത്തുകൊണ്ട്‌ ദേശീയ പാത 212 കടന്നുപോകുന്നു. കര്‍ക്കിടക ബലിതര്‍പ്പണത്തിനായി അന്യ ജില്ലകളില്‍ നിന്നപ്പോലും ആയിരങ്ങള്‍ ഇവിടെയെത്തുന്നു. ആദികവി വാത്മീകി മഹര്‍ഷിയുടേയും ധന്യരായ മറ്റനേകം ഋഷിമാരുടേയും ആശ്രമ സ്ഥാനമാണിവിടം. 700 വര്‍ഷം മുന്‍പ്‌ ഇതുവഴി കടന്നുപോയ മഹാരാജാവ്‌ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും പൂര്‍വ്വക്ഷേത്രത്തിന്‌ രൂപം നല്‍കുകയുമുണ്ടായി. സന്യാസി ശ്രേഷ്ഠന്മാര്‍ ആരാധന നടത്തിവന്ന സാളഗ്രാമങ്ങള്‍ ചൈതന്യ വസ്തുക്കള്‍ എന്നിവ രാജാവ്‌ നേരിട്ട്‌ കണ്ടു. സേവകര്‍ സംഭരിച്ച വിശിഷ്ട വസ്തുക്കള്‍ക്ക്‌ ആചാരക്രമപ്രകാരം പൂജ നടത്താന്‍ രാജാവ്‌ ബ്രാഹ്മണര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. 300 വര്‍ഷം മുന്‍പ്‌ ഈ ക്ഷേത്രം വീണ്ടും നശിപ്പിക്കപ്പെട്ടു. പ്രകൃതിദത്തമായ സംശുദ്ധികൊണ്ടും ആദിവാസികളുടെ നിഷ്കളങ്കഭക്തികൊണ്ടും പൊന്‍കുഴി ക്ഷേത്രസമുച്ചയം ധന്യമാണ്‌. ഇവിടുത്തെ ശ്രീരാമക്ഷേത്ര ശ്രീകോവിലില്‍ ശ്രീരാമന്‍, ലക്ഷ്മണന്‍, സീതാദേവി, ഭക്തഹനുമാന്‍ എന്നീ ദേവവിഗ്രഹങ്ങളുടെ പ്രതിഷ്ഠയും ദക്ഷിണാമൂര്‍ത്തിക്ക്‌ പ്രത്യേക ഇരിപ്പിടവുമുണ്ട്‌. വിരഹാര്‍ത്തയായ സീതാദേവിയുടെ വേദനയുടെ പ്രതീകമായ കണ്ണീര്‍തടാകം സീതാക്ഷേത്രത്തിന്‌ പിന്നിലാണ്‌. പ്രകൃതിയുടെ വരദാനമായ ഈ തടാകം കൊടുംവേനലിലും നീരുറവ പ്രദാനം ചെയ്യുന്നു. വനമദ്ധ്യത്തില്‍ മുത്തങ്ങക്ക്‌ സമീപമുള്ള ദേവസ്ഥാനമായ ആലിന്‍കുളവും ശ്രീരാമ സ്മരണയുണര്‍ത്തുന്നു. ലവകുശന്മാര്‍ രാമായണകഥ പാടിനടന്ന ഭാഗമാണിതെന്ന്‌ വിശ്വാസം. യതീശ്വരനായ വാത്മീകിക്ക്‌ കേരളത്തില്‍ പ്രതിഷ്ഠ നടത്തപ്പെട്ട ഒരു ആശ്രമസങ്കേതമെന്ന നിലയില്‍ പൊന്‍കുഴിക്ക്‌ ഏറെ ചരിത്രപ്രാധാന്യമുണ്ട്‌. കെ. സജീവന്‍ മാനന്തവാടി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.