സ്വാശ്രയം : മുഹമ്മദ്‌ കമ്മിറ്റിയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍

Tuesday 21 June 2011 3:59 pm IST

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പി.ജി. ഫീസ്‌ സംബന്ധിച്ച മുഹമ്മദ്‌ കമ്മിറ്റിയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മുഹമ്മദ്‌ കമ്മിറ്റിക്ക്‌ മേല്‍ സര്‍ക്കാരിന്‌ പരിമിതമായ അധികാരം മാത്രമാണ്‌ ഉള്ളതെന്നും സര്‍ക്കാരിന്‌ വേണ്ടി ഹാജരായ അഡ്വക്കേറ്റ്‌ ജനറല്‍ ദണ്ഡപാണി കോടതിയെ അറിയിച്ചു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്‌ വ്യക്‌തമാക്കണമെന്നു ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ.ചലമേശ്വര്‍, ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്‌ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു സര്‍ക്കാരിന്റെ വിശദീകരണം. സ്വാശ്രയ മെഡിക്കല്‍ വാര്‍ഷിക ഫീസ്‌ മൂന്നര ലക്ഷമായി നിശ്ചയിച്ച സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ജസ്റ്റിസ്‌ പി.എ. മുഹമ്മദ്‌ കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ സര്‍ക്കാര്‍ നിലപാട്‌ അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്‌. കെ.എസ്‌.ഇ.ബിയിലെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‌ സമാനമായാണ്‌ മുഹമ്മദ്‌ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നത്‌. കമ്മിറ്റിയില്‍ ആരോഗ്യവകുപ്പ്‌ സെക്രട്ടറിയും, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും അംഗങ്ങളാണ്‌. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അവശ്യകക്ഷി മാത്രമാണ്‌. ഫീസ്‌ കാര്യത്തില്‍ ഈ റെഗുലേറ്ററി കമ്മിറ്റിയാണ്‌ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അഡ്വക്കേറ്റ്‌ ജനറല്‍ അറിയിച്ചു. കമ്മിറ്റി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ സംരക്ഷിക്കേണ്ട ബാധ്യത കമ്മിറ്റിയ്ക്ക്‌ തന്നെയാണ്‌. അതേസമയം കമ്മിറ്റിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ കമ്മിറ്റിയ്ക്ക്‌ തന്നെ അനുമതിയുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നും സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.