അഞ്ച്‌ ദിവസത്തിനകം ചൈന മൂന്നുതവണ അതിര്‍ത്തി ലംഘിച്ചു

Monday 22 July 2013 9:14 pm IST

ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ചൈന മൂന്നുതവണ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ട്‌. ലഡാക്കിലെ ചുമാര്‍ സെക്ടറിലാണ്‌ ചൈന തുടര്‍ച്ചയായി കടന്നുകയറ്റം നടത്തി ഇന്ത്യന്‍ നേതൃത്വത്തെ വെല്ലുവിളിച്ചത്‌. ജൂലൈ 16, 18, 20 തീയതികളില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖ കടന്ന ചൈനീസ്‌ സൈനികര്‍ മൂന്ന്‌ കിലോമീറ്റര്‍ ഉള്ളിലേക്ക്‌ പ്രവേശിച്ചു. ഇന്ത്യന്‍ പ്രദേശത്ത്‌ ഓരോ തവണയും മൂന്ന്‌ മണിക്കൂറിലധികം സമയം അവര്‍ ചെലവഴിക്കുകയും ചെയ്തു. ഇതോടെ ലഡാക്ക്‌ മേഖലയിലെ ചൈനീസ്‌ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉയര്‍ന്നിട്ടുണ്ട്‌.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സേനാവിന്യാസം കൂടുതല്‍ ശക്തമാക്കുന്ന നടപടികള്‍ പ്രഖ്യാപിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ ബീജിംഗിന്റെ പ്രകോപനപരമായ കടന്നുകയറ്റമുണ്ടായത്‌. കൂടുതല്‍ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ പ്രതിരോധമന്ത്രാലയം തീരുമാനമെടുത്തിരുന്നു. പര്‍വ്വതങ്ങളില്‍ യുദ്ധപരിചയം നേടിയ അരലക്ഷം സൈനികരെ അതിര്‍ത്തിയിലേക്ക്‌ വിന്യസിക്കാനാണ്‌ ഇന്ത്യയുടെ തീരുമാനം. ചൈനീസ്‌ ഭീഷണിയെ ഇന്ത്യ കാര്യമായിതന്നെ കണക്കിലെടുക്കുന്നുവെന്നതിന്‌ തെളിവായിരുന്നു ഈ നടപടി.
പ്രഹര്‍കോറിനെ ചൈനീസ്‌ അതിര്‍ത്തിയില്‍ വിന്യസിക്കാനുള്ള ഇന്ത്യന്‍ തീരുമാനം ബീജിംഗിനെ പ്രകോപിപ്പിച്ചതായാണ്‌ വിലയിരുത്തപ്പെടുന്നത്‌. കൈയടക്കിവച്ചിരിക്കുന്ന സ്ഥലങ്ങളില്‍നിന്നും ഇന്ത്യയോട്‌ പിന്മാറാന്‍ നിര്‍ദ്ദേശിക്കുന്ന പ്ലക്കാര്‍ഡുകളുമായാണ്‌ 16ന്‌ ചൈനീസ്‌ സേന ഇന്ത്യന്‍ അതിര്‍ത്തി കടന്നുവന്നത്‌. ചുമാറില്‍ ചൈന കടന്നുകയറിയതായ വാര്‍ത്ത സേനയും സ്ഥിരീകരിച്ചിട്ടുണ്ട്‌. എന്നാല്‍ ചുമാറിലെ ചൈനീസ്‌ സേനയെ ഇന്ത്യന്‍ സൈനികര്‍ തടഞ്ഞ്‌ തിരിച്ചയച്ചതായി ഇന്ത്യയും അവകാശപ്പെടുന്നു. എങ്കിലും ഈ വിഷയം ഫ്ലാഗ്‌ മീറ്റിംഗിംഗ്‌ അവതരിപ്പിക്കുമെന്നും സേനാവൃത്തങ്ങള്‍ പറയുന്നു.
ലേയില്‍നിന്നും 300 കിലോമീറ്റര്‍ അകലെയാണ്‌ ചുമാര്‍. തന്ത്രപ്രധാനമായ ഈ മേഖലയില്‍ ഇന്ത്യക്ക്‌ മുന്‍തൂക്കം ലഭിക്കുന്ന രീതിയിലാണ്‌ ഭൂപ്രകൃതി. ഇത്‌ ഒഴിവാക്കുന്നതിനാവാം ചൈന നിരന്തരമായി ഈ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത്‌. ഏപ്രില്‍ മാസത്തിലും ലഡാക്ക്‌ മേഖലയില്‍ ചൈന നുഴഞ്ഞുകയറിയിരുന്നു. അന്ന്‌ 21ദിവസങ്ങള്‍ക്ക്‌ ശേഷമായിരുന്നു ചൈന പിന്മാറിയത്‌. ജൂലൈ 20ന്‌ ചൈന അതിര്‍ത്തി ലംഘിച്ചതോടെയാണ്‌ വാര്‍ത്ത പുറംലോകമറിഞ്ഞത്‌. ഈ സ്ഥലത്തിനുമേല്‍ അവകാശവാദമുന്നയിച്ച പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി വരുംദിവസങ്ങളിലും അത്‌ ആവര്‍ത്തിക്കുമെന്ന സൂചനയാണ്‌ നല്‍കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.