സ്വഭാവശുദ്ധി പരമപ്രധാനം

Tuesday 9 August 2011 8:25 pm IST

യുവാതീയുവാക്കള്‍ അവരുടെ ഏറ്റവും നല്ല കാലം മനുഷ്യജീവിതത്തിന്റെ മൂല്യമെന്തെന്ന്‌ മനസ്സിലാക്കാന്‍ തയ്യാറാകാതെ പാഴാക്കിക്കളയുന്നു.മനുഷ്യനില്‍ രണ്ട്‌ സ്വഭാവങ്ങളുണ്ട്‌. ഒന്ന്‌ മൃഗസ്വഭാവും മറ്റേത്‌ മനുഷ്യത്വവും. നിര്‍ഭാഗ്യത്തിന്‌ മനുഷ്യന്‍ കാമക്രോധലോഭമദമാത്സര്യാസൂയകളാകുന്ന ഷഡ്‌ വൈരികള്‍ക്കടിപെട്ട്‌ മനുഷ്യത്വഹീനനായി ഈശ്വരദത്തമായി തനിക്ക്‌ ലഭിച്ച സിദ്ധികളെ ദുര്‍വിനിയോഗം ചെയ്യുകയാണ്‌. അങ്ങിനെ അയാല്‍ മൃഗത്തിന്റെ നിലയിലേയ്ക്ക്‌ തരം താഴുന്നു.
മറിച്ച്‌ മനുഷ്യന്‍ തന്റെ മനസ്സും പദവിയും കഴിവുകളും സദ്ഗുണങ്ങളിലേയ്ക്ക്‌ തിരിച്ച്‌ ധര്‍മമാര്‍ഗത്തില്‍ ചരിക്കുകയാണെങ്കില്‍ മനുഷ്യത്വത്തില്‍നിന്ന്‌ ഈശ്വരത്വത്തലേയ്ക്കുയരുവാന്‍ കഴിയും. ലോകത്തിലെ എല്ലാ വസ്തുവും വേണ്ടുംവിധം വിനിയോഗിക്കണം. യാതൊന്നും ദുരുപയോഗപ്പെടുത്തരുത്‌. കത്തികൊണ്ട്‌ കറിക്ക്‌ നുറുക്കാം. കഴുത്ത്‌ മുറിക്കുകയുമാവാം. മനുഷ്യന്‍ കൈകാര്യം ചെയ്യുന്നതിനുസരിച്ചാന്‌ കത്തിയുടെ നില. മനുഷ്യസ്വഭാവം അവന്റെ വിചാരങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. ഹൃദയം സ്വാഭാവികമായും പരിശുദ്ധമായിരിക്കും. എന്നാല്‍ വിചാരങ്ങള്‍ക്ക്‌ അതിനെ മലിനാക്കാനും വിശുദ്ധമാക്കാനുമാവും. ഒരുവന്‌ തന്റെ വിചാരങ്ങളും പ്രവൃത്തികളും കൊണ്ട്‌ വിധി നല്ലതോ ചീത്തയോ ആക്കാം.
ഇന്ന്‌ ലോകം അസ്വസ്ഥത, അവ്യവസ്ഥ എന്നിവയാല്‍ ഭയചകിതമായിരിക്കയാണ്‌. സജ്ജനങ്ങളാല്‍ നിറയപ്പെട്ട ഏത്‌ രാജ്യവും ശാന്തവും സന്തുഷ്ടവുമായേ തീരൂ. രാജ്യത്തിന്റെ ഈ ദുരവസ്ഥയ്ക്ക്‌ കാരണം സ്വഭാവശുദ്ധിയില്ലാത്ത സ്ത്രീപുരുഷന്മാര്‍ ആണ്‌. രാജ്യം സംരക്ഷിക്കാന്‍ ആയുധങ്ങളെക്കാള്‍ നന്ന്‌ മഹത്ഗുണങ്ങള്‍ ഉള്ള സ്ത്രീപുരുഷ്ണ്മാരാണ്‌.
അഭിവൃദ്ധിയും അധഃപതനവും യുവതീയുവാക്കളുടെ സ്വഭാവശുദ്ധിയെയാണാശ്രയിച്ചിരിക്കുന്നത്‌.അത്കൊണ്ട്‌ യുവജനങ്ങള്‍ ഹൃദയശുദ്ധിയുള്ളവരും രാജ്യത്തിന്‌ നിസ്വാര്‍ത്ഥസേവനം ചെയ്യുന്നവരുമായിരിക്കണം. പാപഭീതി വെടിയുകയും ദൈവപ്രീതി നേടാതിരിക്കുകയും ചെയ്യുന്നത്കൊണ്ട്‌ മനുഷ്യന്‌ അനുപേക്ഷണീയമായ മനുഷ്യത്വം തന്നെ ഇന്ന്‌ നഷ്ടമായിരിക്കുകയാണ്‌. ഇതിന്റെ ഫലമായാണ്‌ ലോകത്തില്‍ ശാന്തി നഷ്ടമായത്‌.