2ജി സ്പെക്ട്രം: കോര്‍പ്പറേറ്റ്‌ തലവന്മാരുടെ ജാമ്യ ഹര്‍ജിയില്‍ സിബിഐക്ക്‌ നോട്ടീസ്‌

Tuesday 9 August 2011 9:30 pm IST

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ കുറ്റാരോപിതരായ യുണിടെക്‌ എംഡി സഞ്ജയ്‌ ചന്ദ്രാ, സ്വാന്‍ ടെലകോം ഡയറക്ടര്‍ വിനോദ്‌ ഗോയങ്ക എന്നിവരുടെ ജാമ്യ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട്‌ സുപ്രീംകോടതി സിബിഐക്ക്‌ നോട്ടീസയച്ചു.
തങ്ങളുടെ ജാമ്യ ഹര്‍ജികള്‍ തള്ളിയ ദല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട്‌ ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ജസ്റ്റിസുമാരായ ജി.എസ്‌.സിംഗ്‌വി, എച്ച്‌.എന്‍.ദത്തു എന്നിവരടങ്ങിയ ബെഞ്ച്‌ സിബിഐക്ക്‌ നോട്ടീസയച്ചത്‌.
കഴിഞ്ഞ ഏപ്രില്‍ 2 ന്‌ സിബിഐ ഹാജരാക്കിയ കേസിന്റെ ഒന്നാം കുറ്റപത്രത്തിലാണ്‌ ഇരുവരുടേയും പേരുള്‍പ്പെട്ടിട്ടുള്ളത്‌. ചന്ദ്രയും ഗോയങ്കയും ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കൃത്യങ്ങളിലേര്‍പ്പെട്ടിരുന്നതായി സിബിഐ റിപ്പോര്‍ട്ട്‌ പറയുന്നു. ഇതോടൊപ്പം താന്‍ നൂറ്റിയെട്ട്‌ ദിനങ്ങളിലേറെ ജയിലില്‍ കഴിഞ്ഞതായും മുന്‍ ടെലികോം മന്ത്രി രാജയ്ക്ക്‌ താന്‍ കൈക്കൂലി നല്‍കിയെന്ന ആരോപണത്തിന്‌ തെളിവില്ലെന്നും ചന്ദ്രയുടെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
സിബിഐ അന്വേഷണത്തില്‍ തങ്ങള്‍ ആത്മാര്‍ത്ഥമായാണ്‌ സഹകരിച്ചതെന്നും ഇക്കാരണത്താല്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നുള്ള സിബിഐ വാദം ന്യായമല്ലെന്നും ഇരുവരും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ചന്ദ്രയും ഗോയങ്കയുമുള്‍പ്പെടെയുള്ള അഞ്ച്‌ കോര്‍പ്പറേറ്റ്‌ തലവന്മാരുടെ ജാമ്യ ഹര്‍ജികള്‍ ദല്‍ഹി ഹൈക്കോടതി കഴിഞ്ഞ 23 നാണ്‌ തള്ളിയത്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.