ഭാട്ടിയുടെ കൊലപാതകം മതപരമായ കാരണങ്ങളാല്‍ അല്ലെന്ന്‌

Tuesday 9 August 2011 9:31 pm IST

ഇസ്ലാമാബാദ്‌: പാക്‌ ന്യൂനപക്ഷാവകാശ മന്ത്രി ഷബാബ്‌ ഭാട്ടിയുടെ വധത്തിന്‌ കാരണം സ്വത്ത്‌ സംബന്ധമായ കുടുംബ വഴക്കാണെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. മതപരമായ കാരണങ്ങളല്ല മരണത്തിന്‌ ഹേതുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. പഞ്ചാബിലെ താലിബാന്‍ ഭാട്ടിയുടെ മരണത്തിനുത്തരവാദിത്തം ഏറ്റെടുത്തിരുന്നതായി എക്സ്പ്രസ്‌ ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. ഭാട്ടിയുടെ കൊലപാതകികള്‍ പാക്കിസ്ഥാനില്‍നിന്നും കടന്ന്‌ ഇപ്പോള്‍ ദുബായിയിലോ ക്വാലാലംപൂരിലോ ആയിരിക്കുമെന്നാണ്‌ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചത്‌. തങ്ങള്‍ അവരുടെ അറസ്റ്റിനായി ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഫൈസലാബാദില്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ താമസിച്ചിരുന്ന ബന്ധുക്കളുമായുള്ള കുടിപ്പകയാണ്‌ മരണത്തിന്‌ കാരണമെന്ന്‌ സംയുക്ത അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പ്രതികള്‍ യഥാര്‍ത്ഥത്തില്‍ എവിടെയാണെന്നതിനെക്കുറിച്ച്‌ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇതുവരെ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടില്ലെന്ന്‌ ആഭ്യന്തര വകുപ്പിലെ പേര്‌ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തെളിവുകളുടെ പിന്‍ബലമില്ലാതെ തങ്ങള്‍ക്ക്‌ ഇന്റര്‍പോളിന്റെ സഹായം തേടാനാവില്ല.
തങ്ങള്‍ അന്വേഷണം അവസാനിപ്പിക്കാനിരിക്കെയാണ്‌ കുടുംബങ്ങള്‍ തമ്മില്‍ ശത്രുതയിലായിരുന്നുവെന്നും അതാണ്‌ മരണകാരണമെന്നും മനസിലാക്കുന്നത്‌, ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പാക്കിസ്ഥാനില്‍നിന്ന്‌ സ്ഥലം മാറിയ ഒരു കുടുംബത്തെയാണ്‌ സംയുക്ത അന്വേഷക സംഘം സംശയിക്കുന്നത്‌. ഈ കുടുംബം ഖുഷ്പൂരിലാണ്‌ താമസിച്ചിരുന്നത്‌. ഈ കുടുംബത്തില്‍ പ്രശസ്തരായ പുരോഹിതരും കന്യാസ്ത്രീകളുമുണ്ടായിരുന്നു. അവരില്‍ ചിലര്‍ അറബിരാജ്യങ്ങളില്‍ പാര്‍പ്പുറപ്പിച്ചിട്ടുണ്ട്‌. അതില്‍ രണ്ടുമൂന്നുപേര്‍ ഇസ്ലാംമതം സ്വീകരിച്ച്‌ മലേഷ്യയില്‍ താമസിക്കുന്നതായും സംയുക്ത അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. വണ്ടിയോടിച്ചുപോകുമ്പോള്‍ ഇസ്ലാമാബാദിലെ വസതിക്കടുത്തുവെച്ചാണ്‌ മാര്‍ച്ച്‌ രണ്ടിന്‌ ഭട്ടിയെ വെടിവെച്ചു വീഴ്ത്തിയത്‌. കൊലപാതകത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നു. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ഇല്യാസ്‌ കാശ്മീരിയാണ്‌ കൊലപാതകം ആസൂത്രണം ചെയ്തതെന്ന്‌ കൊല്ലപ്പെട്ട ഭാട്ടിയുടെ സഹോദരന്‍ പോള്‍ ഭാട്ടി വെളിപ്പെടുത്തിയിരുന്നു. ഭാട്ടിയുടെ രണ്ടു സഹോദരന്മാര്‍ ഒഴികെയുള്ളവര്‍ സംഭവത്തിനുശേഷം സുരക്ഷാ കാരണങ്ങളാല്‍ യൂറോപ്പിലേക്കു കുടിയേറിയിരുന്നു. കുടുംബവഴക്കാണോ സഹോദരന്റെ കൊലപാതകത്തിന്‌ കാരണമെന്ന ചോദ്യത്തിന്‌ അറബി നാടുകളില്‍നിന്ന്‌ പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയതായി റഹ്മാന്‍ മാലിക്‌ തന്നെ അറിയിച്ചതായി പോള്‍ വെളിപ്പെടുത്തി. കൊലപാതകത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ ഏര്‍പ്പെടുത്തണമെന്ന്‌ പ്രധാനമന്ത്രിയോടഭ്യര്‍ത്ഥിക്കുമെന്നും പോള്‍ അറിയിച്ചു.
വിവിധ മതവിശ്വാസങ്ങളുടെ ഐക്യത്തിനായുള്ള മന്ത്രി അക്രം മാസിഷ്‌ ഗില്‍ താന്‍ ഇക്കാര്യം പ്രധാമന്ത്രിയുമായും പ്രസിഡന്റുമായും ഭട്ടിയുടെ സ്മാരകട്രസ്റ്റ്‌ ഉദ്ഘാടനം ചെയ്യുന്ന ആഗസ്റ്റ്‌ 11 ന്‌ സംസാരിക്കുമെന്നറിയിച്ചു. ദിവസം കഴിയുംതോറും ഉണ്ടാകുന്ന ന്യൂനപക്ഷത്തിന്റെ നിരാശയെക്കുറിച്ച്‌ പോളും ഇവരുമായി ചര്‍ച്ച നടത്തും, മന്ത്രി കൂട്ടിച്ചേര്‍ത്തു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.