അരിപ്പ ഭൂസമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: ഹിന്ദു നേതാക്കള്‍

Tuesday 23 July 2013 9:04 pm IST

അഞ്ചല്‍: പാര്‍പ്പിടഭൂമിക്കും കൃഷിഭൂമിക്കും വേണ്ടി 200 ഓളം ദിവസങ്ങളായി കുളത്തൂപ്പുഴ അരിപ്പയില്‍ ഭൂരഹിത-ദരിദ്ര-പിന്നോക്ക ജനസമൂഹം നടത്തിവരുന്ന ഭൂസമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന്‌ ഹിന്ദു സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.
അരിപ്പ ഭൂസമരവേദിയിലെത്തി സമരഭടന്‍മാരെ നേരില്‍ കണ്ട്‌ പിന്തുണ പ്രഖ്യാപിച്ചതിന്‌ ശേഷമാണ്‌ നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്‌. സാമൂഹ്യനീതി കര്‍മ്മ സമിതിയുടെ നേതൃത്വത്തിലാണ്‌ സമരഭൂമിയിലെത്തിയത്‌.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്‌ ബിജു, സംസ്ഥാന സെക്രട്ടറി കെ.പി. ഹരിദാസ്‌, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, അഖിലകേരള പാണര്‍ സമാജം സംസ്ഥാന ജന. സെക്രട്ടറി തഴവ സഹദേവന്‍, കേരള ചേരമര്‍ സര്‍വീസ്‌ സൊസൈറ്റി സംസ്ഥാന ജന. സെക്രട്ടറി കെ.ടി ഭാസ്കരന്‍ അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പി.പി. വാവ, ഭാരതീയ വേലന്‍ മഹാസഭ സംസ്ഥാന രക്ഷാധികാരി എം.എന്‍. വിജയന്‍, അഖിലകേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന ജന. സെക്രട്ടറി കെ.കെ. തങ്കപ്പന്‍, പ്രസിഡന്റ്‌ എന്‍.കെ. കൃഷ്ണന്‍കുട്ടി, അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന സെക്രട്ടറി പള്ളം പി.ജെ, അഖില കേരള പുലയന്‍ മഹാസഭ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ തമ്പി പട്ടശ്ശേരില്‍, എസ്സി എസ്റ്റി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.കെ. ബാഹുലേയന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കൈനകരി ജനാര്‍ദ്ദനന്‍, സംസ്ഥാന സെക്രട്ടറിമാരായ കിളിമാനൂര്‍ സുരേഷ്‌, തെക്കടം സുദര്‍ശന്‍ എന്നിവരാണ്‌ സംഘത്തില്‍ ഉണ്ടായിരിക്കുന്നത്‌.
സംസ്ഥാനത്ത്‌ പാട്ടകുടിശിഖ വരുത്തിയതും, പാട്ടക്കാലാവധി കഴിഞ്ഞതുമായ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത്‌ ഭൂരഹിതര്‍ക്കായി വിതരണം ചെയ്യണം. അന്യാധീനപ്പെട്ട റവന്യു ഭൂമി തിരിച്ചു പിടിക്കല്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഭൂരഹിത - ദരിദ്ര - ജനസമൂഹങ്ങളുടെ ന്യായമായ ആവശ്യങ്ങളെ മൂന്നു സെന്റ്‌ കോളനിയിലൊതുക്കി ജന്മി - മുതലാളി - മാടമ്പി സമൂഹത്തിന്റെ ആധുനിക രൂപമായ ഭൂമാഫിയ സംഘങ്ങളുടെ കയ്യടി നേടാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.
ചെങ്ങറ, മുത്തങ്ങ, ആറളം തുടങ്ങി സംസ്ഥാനത്ത്‌ നടന്ന ഭൂസമരത്തില്‍ സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ വഞ്ചിതരായ പാവങ്ങളാണ്‌ സമരരംഗത്തുള്ളത്‌. 200 ദിവസമായി ദുരിത ജീവിതം അനുഭവക്കുന്ന സമരഭൂമിയിലെ ജനസമൂഹത്തിന്‌ ആരോഗ്യപരിപാലന മരുന്നുകളും സൗജന്യറേഷനും വിതരണം ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.