തീവ്രവാദികള്‍ മടങ്ങി; സൊമാലി തലസ്ഥാനത്ത്‌ അഭയാര്‍ത്ഥികള്‍ നിറയുന്നു

Tuesday 9 August 2011 9:31 pm IST

മൊഗാദിഷു: തലസ്ഥാനത്തുനിന്ന്‌ മുസ്ലീം തീവ്രവാദികള്‍ മടങ്ങിയശേഷം ക്ഷാമവും അതിക്രമങ്ങളും മൂലം രാജ്യം വിട്ട ആയിരക്കണക്കിന്‌ സോമാലിയക്കാര്‍ തിരികെയെത്തി. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ഷബാബ്‌ അവരുടെ തീവ്രവാദികളെ കഴിഞ്ഞയാഴ്ച അവസാനത്തോടെ പിന്‍വലിച്ചിരുന്നു. ഈ പിന്‍വാങ്ങല്‍മൂലം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കടന്നുവരാനും സഹായങ്ങള്‍ പുനഃസ്ഥാപിക്കാനും കഴിഞ്ഞേക്കും. തീവ്രവാദികള്‍ വര്‍ഷങ്ങളായി ഇത്തരം സഹായങ്ങളെ ഉപരോധിക്കുകയായിരുന്നു. യുദ്ധത്തിന്റെ ഭീകരത പേറുന്ന തലസ്ഥാനത്തേക്ക്‌ അഭയാര്‍ത്ഥികളുടെ നീണ്ട നിര കാണാമായിരുന്നുവെന്നും പതിറ്റാണ്ടുകളായി അനുഭവപ്പെട്ടതില്‍ വച്ചേറ്റവും രൂക്ഷമായ വരള്‍ച്ചയാണ്‌ ഈ വര്‍ഷം അനുഭവപ്പെട്ടതെന്നും തദ്ദേശവാസികള്‍ വാര്‍ത്താലേഖകരെ അറിയിച്ചു.
ഇപ്പോഴുള്ള ഭക്ഷ്യസാധനങ്ങളുടെ നീക്കിയിരിപ്പ്‌ കുറഞ്ഞുകൊണ്ടിരിക്കുന്നു. സൊമാലിയയില്‍ 306 മില്ല്യണ്‍ പേരാണ്‌ പട്ടിണി കിടക്കുന്നതെന്നും തൊട്ടടുത്ത രാജ്യങ്ങളായ എത്യോപ്യയിലും ആഫ്രിക്കയിലും കൂടി 12 മില്ല്യണ്‍ ആളുകള്‍ പട്ടിണിയിലാണെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു. ബാക്കൂള്‍, ബേ എന്നീ പ്രദേശങ്ങളില്‍നിന്നും ആയിരക്കണക്കിന്‌ പേര്‍ തലസ്ഥാനമായ മൊഗാദിഷുവിലേക്കുള്ള യാത്രയിലാണെന്ന്‌ ബട്ബടോ ക്യാമ്പിലെ അഭയാര്‍ത്ഥിയായ ഷെറിഫ്‌ ഇസാക്ക്‌ അറിയിച്ചു. മഴ പെയ്യുമോ എന്നെനിക്കറിയില്ല. പക്ഷേ അല്‍ഷബാബ്‌ ഇല്ലാതായാല്‍ സംഗതികള്‍ കുറെയേറെ പുരോഗമിച്ചേനെ. കൂടുതല്‍ സഹായവും ഭക്ഷണവും ജോലിയും ലഭിക്കുമായിരുന്നു, ഇസാക്ക്‌ തുടര്‍ന്നു. സൊമാലിയയിലെ പാശ്ചാത്യ സഹായമുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ്‌ അല്‍ഷബാബ്‌ നടത്തിയിരുന്നത്‌. ഇതുമൂലം രാജ്യത്തെ ഭരണം ശിഥിലമായിത്തീര്‍ന്നു. 20 വര്‍ഷത്തിനുമുമ്പ്‌ മൊഹമ്മദ്‌ സിയാദ്‌ ബാറെയുടെ മരണത്തിനുശേഷം സൊമാലിയയില്‍ ഇന്നുവരെ കാര്യക്ഷമമായ ഒരു സര്‍ക്കാര്‍ നിലവില്‍ വന്നിട്ടില്ല. തീവ്രവാദികള്‍ പാശ്ചാത്യനാടുകളില്‍നിന്നുള്ള എല്ലാ സഹായങ്ങളും, സഹായങ്ങള്‍ ആശ്രിതതത്വം ഉണ്ടാക്കുമെന്ന കാഴ്ചപ്പാടോടെ തടയുകയായിരുന്നു. തീവ്രവാദികള്‍ക്ക്‌ സ്വാധീനമുള്ള സ്ഥലങ്ങളില്‍ സഹായമെത്തിക്കാന്‍ തങ്ങള്‍ക്ക്‌ സാധിക്കുന്നില്ലെന്ന്‌ ഐക്യരാഷ്ട്രസഭയടക്കമുള്ള സഹായ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
രണ്ട്‌ മില്യണ്‍ വരുന്ന പട്ടിണിപ്പാവങ്ങള്‍ക്കാണ്‌ ഭക്ഷണം എത്തിക്കാന്‍ സാധിക്കാതിരുന്നത്‌. അല്‍ഷബാബിന്റെ പിന്‍വാങ്ങലിനുശേഷം ഐക്യരാഷ്ട്രസഭയുടെ മൂന്നു സഹായ ഹെലികോപ്റ്ററുകളില്‍ ഒന്ന്‌ തിങ്കളാഴ്ച മൊഗാദിഷുവില്‍ 31 ടണ്‍ താല്‍ക്കാലിക വസതികള്‍ നിര്‍മിക്കാനാവശ്യമായ സാമഗ്രികള്‍, പുതപ്പുകള്‍, വെള്ളം കുടിക്കാനുള്ള ക്യാനുകള്‍ ഇവയുമായി എത്തിയിരുന്നു. തങ്ങള്‍ക്ക്‌ പ്രതീക്ഷകള്‍ ഉണ്ടെന്ന്‌ പ്രാദേശിക ഭരണകൂടം അറിയിച്ചു. ഇങ്ങനെ സഹായവുമായി വിമാനങ്ങള്‍ വന്നാല്‍ ജനങ്ങള്‍ മരണമടയില്ലെന്ന്‌ അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്പോള്‍ നിലവില്‍ സാമഗ്രികളുടെ ശേഖരം കുറയുകയാണ്‌. ഭീകരവാദി സംഘടനയായ അല്‍ഷബാബ്‌ തങ്ങളുടെ പിന്‍മാറ്റം തന്ത്രപരമാണെന്നും വീണ്ടും തങ്ങള്‍ തിരിച്ചെത്തുമെന്നും അറിയിച്ചു.
ഇതിനിടെ മൊഗാദിഷുവിന്‌ 13 കിലോമീറ്റര്‍ തെക്ക്‌ ഒരു കാര്‍ ബോംബ്‌ സ്ഫോടനമുണ്ടായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഫോടക വസ്തുക്കള്‍ നിറഞ്ഞ കാര്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതാണെന്ന്‌ ആഫ്രിക്കന്‍ യൂണിയന്‍ സമാധാനസേനയുടെ വക്താവ്‌ അറിയിച്ചു.
മൊഗാദിഷുവിനെ ലക്ഷ്യമാക്കിയാണ്‌ കാര്‍ പോയിരുന്നത്‌. അല്‍ഷബാബ്‌ യുദ്ധം നിര്‍ത്തിയിട്ടില്ല. കൂടുതല്‍ സ്ഫോടനങ്ങള്‍ നടത്താന്‍ അവര്‍ ശ്രമിക്കുകയാണെങ്കിലും തങ്ങള്‍ ജാഗരൂകരാണ്‌, അദ്ദേഹം തുടര്‍ന്നു. തങ്ങള്‍ ഇപ്പോഴും സുരക്ഷിതരല്ലെന്ന്‌ മൊഗാദിഷു നിവാസികള്‍ വെളിപ്പെടുത്തി. തലസ്ഥാനത്ത്‌ ബാക്കി വന്ന തീവ്രവാദികളും സര്‍ക്കാര്‍ സേനയും ഇപ്പോഴും ഏറ്റുമുട്ടലിലാണ്‌, അവര്‍ തുടര്‍ന്നു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.