ആത്മാര്‍ത്ഥത തെളിയിക്കട്ടെ

Tuesday 9 August 2011 9:54 pm IST

പാമോയിലില്‍ ചവിട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീഴുമോ ഇല്ലയോഎന്ന പ്രശ്നത്തെക്കാള്‍ ഗൗരവതരമാണ്‌ അതിനെക്കുറിച്ചുളള വിശകലനങ്ങളും നിരീക്ഷണങ്ങളും. വിജിലന്‍സ്‌ വകുപ്പ്‌ അദ്ദേഹം ഒഴിഞ്ഞെങ്കിലും ധാര്‍മികതയുടെ മാനദണ്ഡം ചൂണ്ടിക്കാട്ടി അല്‍പ്പനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ലെന്ന തരത്തില്‍ പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. പാമോയില്‍കേസില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ എന്താണെന്നതാണ്‌ നിലവില്‍ അറിയാനുള്ളത്‌. സ്വന്തം നിലയ്ക്കല്ലെങ്കിലും സ്വന്തക്കാരെ സഹായിക്കാന്‍ ഏതെങ്കിലും തരത്തില്‍ ഇടപെട്ടിരുന്നോ എന്നാണ്‌ അറിയേണ്ടത്‌.
അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച്‌ തുടരന്വേഷണം നടത്താനാണ്‌ വിജിലന്‍സ്‌ സ്പെഷല്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ കാലത്തുതന്നെ ഇതു സംബന്ധിച്ച വിഷയം ചര്‍ച്ചയായിരുന്നു. പ്രതിപക്ഷം നല്ലൊരു ആയുധമായി ഇത്‌ എടുത്തെങ്കിലും ഒടുവില്‍ ഉപേക്ഷിക്കേണ്ട അവസ്ഥവന്നു. അന്നത്തെ ഇടപാടില്‍ പ്രതിചേര്‍ക്കത്തക്കവണ്ണമുള്ള തെളിവുകളൊന്നും ഉമ്മന്‍ചാണ്ടിക്കെതിരെയില്ലെന്നായിരുന്നു 2011 മെയ്‌ 14 ന്‌ വിജിലന്‍സ്‌ കോടതിയില്‍ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട്‌. ഇതോടെയാണ്‌ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ തല്‍ക്കാലം ശമിച്ചത്‌.
എന്നാല്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനു വിരുദ്ധമായി കോടതി ഉത്തരവുവന്നിരിക്കുകയാണ്‌. അന്നത്തെ ധനകാര്യമന്ത്രിക്ക്‌ ഇക്കാര്യത്തില്‍ ലാഘവ സമീപനമുണ്ടായിരുന്നോ എന്നറിയാന്‍ തുടരന്വേഷണം ആവശ്യമാണെന്നാണ്‌ വിജിലന്‍സ്‌ കോടതിയുടെ പക്ഷം. അന്വേഷണത്തിന്റെ അന്തിമഫലം വന്നെങ്കില്‍ മാത്രമേ ഉമ്മന്‍ചാണ്ടിക്കു നേരെ ഉയര്‍ന്നിരിക്കുന്ന സംശയവിരല്‍ താഴുകയുള്ളൂ. അക്കാര്യത്തില്‍ കോടതി യുക്തിസഹമായ ഒരു നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നുതന്നെയാണ്‌ നിഷ്പക്ഷമതികള്‍ കരുതുന്നത്‌. ആരോപണത്തിന്‌ ഒരന്ത്യമുണ്ടായെങ്കില്‍ മാത്രമെ വസ്തുതകളെക്കുറിച്ച്‌ സമൂഹത്തിന്‌ ബോധ്യമുണ്ടാവൂ.
മുഖ്യമന്ത്രി എന്ന നിലയില്‍ ഊര്‍ജസ്വലതയോടെ നടപടികളും കാര്യപദ്ധതികളുമായി മുന്നോട്ടുപോവുമ്പോഴാണ്‌ ഇടിത്തീപോലെ വിജിലന്‍സ്കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്‌. പ്രതിയല്ലെങ്കില്‍ കൂടി ഇടപാടിലെ മറിമായങ്ങളെക്കുറിച്ച്‌ അന്ന്‌ ഉമ്മന്‍ചാണ്ടിക്ക്‌ ബോധ്യമുണ്ടാകാന്‍ ഇടയുണ്ടെന്നു തന്നെയാണ്‌ കോടതിയുടെ അഭിപ്രായം. അതെത്ര, എങ്ങനെ എന്നതാണ്‌ അറിയാനുള്ളത്‌. ഇക്കാര്യത്തില്‍തുടരന്വേഷണം നടക്കാതെ ഒന്നും പറയാനാവില്ല. അതിനാല്‍ തന്നെ സ്വാഗതാര്‍ഹമായ ഒരു ഇടപെടല്‍ തന്നെയാണ്‌ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്‌. മുഖ്യമന്ത്രിയെന്ന നിലയില്‍ കറപുരളാത്ത ഒരു വ്യക്തിത്വം ഉണ്ടാവണമെന്ന്‌ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്‌ ഒരു പക്ഷേ, ഉമ്മന്‍ചാണ്ടിതന്നെയായിരിക്കും.
അതുകൊണ്ടുതന്നെയാണ്‌ പ്രസ്തുത വിവരം അറിഞ്ഞയുടന്‍ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചതും. പക്ഷേ, സഹപ്രവര്‍ത്തകരും പാര്‍ട്ടിയും രാജിവേണ്ടെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്‌. ഇതിലെ ധാര്‍മികതയ്ക്ക്‌ മുന്‍തൂക്കം കൊടുക്കുകയാണെങ്കില്‍ രാജിവെക്കുകതന്നെയാണ്‌ നല്ലത്‌. വിജിലന്‍സിന്റെ ചുമതലയുള്ള മുഖ്യമന്ത്രി, തനിക്കെതിരെയുള്ള പ്രസ്തുത വകുപ്പിന്റെ പരാമര്‍ശം മുഖവിലക്കെടുക്കുകതന്നെയാണ്‌ വേണ്ടത്‌. അങ്ങനെയാണെങ്കില്‍ വിജിലന്‍സ്‌ വകുപ്പ്‌ ഒഴിഞ്ഞാല്‍ മതിയെന്നും പാര്‍ട്ടി അഭിപ്രായപ്പെടുന്നുണ്ട്‌. അത്‌ കണക്കിലെടുത്ത്‌ അദ്ദേഹം വിജിലന്‍സ്‌ വകുപ്പ്‌ ഒഴിഞ്ഞെങ്കിലും പ്രശ്നം അവിടെ അവസാനിക്കുന്നില്ല. ഒരു സംഭവത്തിന്റെ ന്യായാന്യായതകളിലേക്ക്‌ ആണ്ടിറങ്ങിയിട്ടുമതി അറ്റകൈപ്രയോഗം എന്ന നിലപാടിലാണ്‌ പാര്‍ട്ടിയുടെ ഘടകകക്ഷിനേതാക്കളും. തികഞ്ഞ അരക്ഷിതാവസ്ഥയിലാണ്‌ യുഡിഎഫ്‌ നേതൃത്വം എന്നത്‌ വസ്തുതയാണ്‌. തീരെ കുറഞ്ഞ ഭൂരിപക്ഷമാണ്‌ തങ്ങള്‍ക്കുള്ളതെന്ന തിരിച്ചറിവ്‌ അവരെ ഉത്കണ്ഠപ്പെടുത്തുന്നുണ്ട്‌. പ്രതിപക്ഷം കിട്ടിയ ആയുധം പ്രയോഗിക്കാന്‍ അങ്ങേയറ്റം മിടുക്കുള്ളവരാണ്‌.
അതുകൊണ്ടുതന്നെയാണ്‌ മുഖ്യമന്ത്രി തുടക്കത്തില്‍ തന്നെ രാജിസന്നദ്ധത അറിയിച്ചതും. കോണ്‍ഗ്രസ്സിലെ ചിലര്‍ക്കെങ്കിലും ഇത്‌ ആഹ്ലാദമുണ്ടാക്കുന്നതാണത്‌. മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച്‌ നില്‍ക്കുന്നവര്‍ക്ക്‌ വര്‍ധിതവീര്യം കിട്ടുന്ന ഒരു അവസരമാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌. അത്‌ എങ്ങനെയൊക്കെകറങ്ങിത്തിരിഞ്ഞുവരുമെന്ന്‌ കണ്ടറിയണം.
കോണ്‍ഗ്രസ്സിനെ സംബന്ധിച്ചാണെങ്കില്‍ തീരെ നിസ്സാരമായ ഒരു കാര്യമാണിത്‌. ഇതിന്റെ പേരില്‍ രാജിവെക്കാന്‍ പോയാല്‍ പിന്നെ ഭരിക്കാന്‍ ആരുമുണ്ടാവാത്ത സ്ഥിതിയാണ്‌. അഴിമതിക്കെതിരെ അത്രവലിയ അട്ടഹാസങ്ങളൊന്നും വേണ്ടെന്ന നിലപാടാണ്‌ അവര്‍ക്ക്‌. അവരുടെ സന്തതസഹചാരികളും നേതാക്കളും, തിഹാര്‍ജയിലിലേക്ക്‌ 'സുഖവാസ'ത്തിനുപോകുന്ന തിരക്കിലാണ്‌. അത്തരമൊരു സ്ഥിതി വിശേഷത്തില്‍ വിജിലന്‍സ്‌ കോടതിയുടെ തുടരന്വേഷണപരമാര്‍ശത്തില്‍ പിടിച്ച്‌ എന്തിന്‌ ഉമ്മന്‍ചാണ്ടി പുറത്തുപോകണമെന്നാണ്‌ കോണ്‍ഗ്രസ്‌ ചോദിക്കുന്നത്‌. ഭരണത്തിലേറി ആറുമാസം തികയുന്നതിനുമുമ്പുതന്നെ ഇത്തരം ഇടിത്തീവീഴുന്നതില്‍ വല്ലാതെ സംഭീതരാണവര്‍ കാര്യമെന്തായാലും പാമൊലിന്‍ അഴിമതിക്കേസിലെ വസ്തുതകള്‍ പുറത്തുവരുകതന്നെവേണം. മുഖ്യമന്ത്രിരാജിവെച്ച്‌ അന്വേഷണം അതിന്റെ ശരിയായ പാതയിലൂടെ മുന്നോട്ടുപോയാല്‍ വിശ്വാസ്യത ഏറെ വര്‍ദ്ധിക്കും. സംശയമുനയില്‍ നില്‍ക്കുന്ന വ്യക്തി അധികാരത്തിന്റെ ഉത്തുംഗതയിലുള്ളപ്പോഴുള്ള അന്വേഷണം എത്രകണ്ട്‌ ആത്മാര്‍ത്ഥമാവും എന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. പണ്ട്‌ പഞ്ചസാര അഴിമതിയെക്കുറിച്ച്‌ വാര്‍ത്തവന്ന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെച്ച ഇപ്പോഴത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ വ്യത്യസ്തമായ ഒരു നിലപാട്‌ സ്വീകരിച്ചതും ആശ്ചര്യജനകമായി വിലയിരുത്തപ്പെടേണ്ടതാണ്‌. രാഷ്ട്രീയമായാലും അല്ലെങ്കിലും പാമൊലിന്‍ ഇടപാടിനെക്കുറിച്ചുള്ള വസ്തുതകള്‍പുറത്തുവരാന്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം തന്നെയാണ്‌ അഭികാമ്യം. അല്ലെങ്കില്‍ ഉദ്യോഗസ്ഥതലത്തില്‍ അതൊക്കെ അട്ടിമറിക്കപ്പെടും.
സാധാരണജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഉമ്മന്‍ചാണ്ടിയും അന്വേഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കണം. വിജിലന്‍സ്‌ വകുപ്പ്‌ ഒഴിഞ്ഞുകൊണ്ടുള്ള ഒരു നിലപാട്‌ അത്രഗുണകരമാവണമെന്നില്ല. ജനങ്ങള്‍ക്കെല്ലാം അതിന്റെ സ്ഥിതി അറിയാം. അധികാരത്തില്‍ അളളിപ്പിടിച്ചിരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക്‌ താല്‍പര്യമില്ലെന്ന്‌ സൂചനയുണ്ടെങ്കിലും അത്‌ ആത്മാര്‍ഥമായിതെളിയിക്കണം. കറപുരളാത്ത ഒരു മുഖ്യമന്ത്രിയെ കിട്ടേണ്ടത്‌ പ്രബുദ്ധകേരളത്തിന്റെ ഒരവകാശമാണെന്ന്‌ നിശ്ചയിക്കണം.അതിനനുസരിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ പാര്‍ട്ടിയെയും ഘടകകക്ഷികളെയും നിര്‍ബ്ബന്ധരാക്കണം. രാഷ്ട്രീയവിശുദ്ധി എന്തെന്ന്‌ ഒരു തലമുറയെങ്കിലും അറിയട്ടെ.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.