രാമപുരത്തെ കുടിവെള്ള വിതരണം: പഞ്ചായത്ത് പ്രസിഡന്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കരാറുകാരന്‍

Wednesday 24 July 2013 9:48 pm IST

പാലാ: രാമപുരം ഗ്രാമപഞ്ചായത്തില്‍ ശുദ്ധജലമെത്തിച്ച ഇനത്തില്‍ ലഭിക്കാനുള്ളതുക സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയംഗങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി കരാറുകാരന്‍ മംഗലാംകുന്നേല്‍ മാത്തച്ചന്‍ കുര്യന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. 2013 ഫെബ്രുവരി 26 മുതല്‍ ഏപ്രില്‍ 22വരെ പഞ്ചായത്തിന്റെ 18 വാര്‍ഡുകളില്‍ വെള്ളമെത്തിച്ച വകയില്‍ തനിക്ക് 188230 രൂപകൂടി ലഭിക്കാനുണ്ടെന്നാണ് കരാറുകാരന്‍ പറയുന്നത്. എന്നാല്‍ കരാറനുസരിച്ചുള്ള തുകയായ 216000 രൂപയും കരാറുകാരന് നല്‍കിയെന്നും അധികം വെള്ളം വിതരണം ചെയ്യാന്‍ പഞ്ചായത്ത് അധികാരികളോ ഭരണസമിതിയംഗങ്ങളോ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു പഞ്ചായത്തിന്റെ ആക്ടിംഗ് പ്രസിഡന്റ് മാത്യു എബ്രഹാം മാധ്യമപ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസം പറഞ്ഞത്. ശുദ്ധജലം വിതരണം ചെയ്ത ഇനത്തില്‍ തനിക്ക് ലഭിക്കാനുള്ള തുകയുടെ കാര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ മൗനംപാലിക്കുന്നതില്‍ പ്രതിഷഏധിച്ച് തിങ്കളാഴ്ച പഞ്ചായത്ത് സമിതികൂടുന്ന സമയത്ത് സഭയില്‍ കടന്നുകയറി ഫാനില്‍ കയര്‍കെട്ടി മത്തച്ചന്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. പ്രസിഡന്റ് ഉള്‍പ്പെടെ ഭരണസമിതിയംഗങ്ങള്‍ എല്ലാം നോക്കിനില്‍ക്കെയായിരുന്നു മത്തച്ചന്റെ പ്രകടനം. ശുദ്ധജലക്ഷാമം രൂക്ഷമായ അവസ്ഥയില്‍ ആര്‍ഡിഒയുടെ പ്രത്യേക ഉത്തരവിന്‍പ്രകാരം കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ടെന്നും കരാര്‍ നോക്കേണ്ട എന്നും സെക്രട്ടറിയും പ്രസിഡന്റിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റും പഞ്ചായത്തംഗങ്ങളും നിര്‍ദ്ദേശിച്ച പ്രകാരമാണ് കരാറില്‍ കൂടുതല്‍ വെള്ളം വിതരണം ചെയ്തത്. വിതരണത്തിന് അനുമതി നല്‍കി സെക്രട്ടറി, വൈസ് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങള്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ ഒപ്പിട്ട ട്രിപ്പ് ഷീറ്റ് അനുമതിക്ക് തെളിവാണെന്നും മത്തച്ചന്‍ പറയുന്നു. അധികമായി വന്നതുക അനുവദിക്കണമെന്നു കാണിച്ച് ജില്ലാ കളക്ടര്‍ക്കും പാലാ ആര്‍ഡിഒയ്ക്കും മത്തച്ചന്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.