അമൂല്യസമ്പത്തിന്‌ ദേവചൈതന്യവുമായി ബന്ധം

Tuesday 9 August 2011 11:04 pm IST

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനടിയില്‍ നിക്ഷേപിച്ചിരിക്കുന്ന അമൂല്യ സമ്പത്തുകള്‍ക്ക്‌ ക്ഷേത്രത്തിന്റെ ചൈതന്യവുമായി അഭേദ്യ ബന്ധമാണുള്ളതെന്ന്‌ ദേവപ്രശ്നത്തില്‍ തെളിഞ്ഞു. ഇതിലെന്തെങ്കിലും ചലനമുണ്ടായാല്‍ ദൈവസാന്നിധ്യത്തിന്‌ ദോഷം വരുമെന്ന്‌ ഇന്നലെ നടത്തിയ താംബൂല വിധിപ്രശ്നത്തില്‍ കണ്ടെത്തി. ക്ഷേത്രത്തിലെ ധനശേഖരം രഹസ്യമായി സൂക്ഷിക്കേണ്ടതാണ്‌. അത്‌ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണം.
ശ്രീകോവിലിനടിയിലെ ഒരറയില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള അമൂല്യ ധാതുദ്രവ്യങ്ങള്‍ക്കൊപ്പം ഉല്‍കൃഷ്ടമായ ഒരു പ്രതിഷ്ഠയുമുണ്ട്‌. ശ്രീചക്ര പ്രതിഷ്ഠ പോലെ പ്രധാന പ്രതിഷ്ഠയുമായി ബന്ധമുള്ള ഒന്നാണിത്‌. പ്രധാന പ്രതിഷ്ഠയുടെ ആധാരമെന്നുവേണമെങ്കിലും വിശേഷിപ്പിക്കാം. ശ്രീകോവിലിന്‌ ചുറ്റും ഉണ്ടാകുന്ന ഊര്‍ജ്ജ പ്രഭാവത്തിന്‌ കാരണമായ ഒന്നുകൂടിയാണിത്‌. ഇതിന്‌ ചലനമുണ്ടാകുന്നത്‌ ക്ഷേത്രത്തിന്റെ മാത്രമല്ല ദേശത്തിനും രാഷ്ട്രത്തിനും തന്നെ ദോഷമുണ്ടാക്കും. രാഷ്ട്രത്തിന്റെ ഭരണ സ്ഥിരത തന്നെ ഇല്ലാതാക്കും. കേവലമൊരു മഹാക്ഷേത്രമല്ല ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. ലോകത്തിന്റെ സത്യധര്‍മ്മങ്ങളെ നിലനിര്‍ത്തുന്ന കേന്ദ്രമാണിത്‌. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ നാശം ലോകത്തിനു തന്നെ നാശമായി ഭവിക്കും. ക്ഷേത്രത്തിലെ അമൂല്യ സമ്പത്തുകള്‍ക്ക്‌ പീഡനം സംഭവിച്ചിട്ടുണ്ട്‌. മാറ്റിവയ്ക്കുക, നാശനഷ്ടം വരുത്തുക, എടുത്തുകൊണ്ടുപോകുക, സ്പര്‍ശിക്കുക എന്നിവയെല്ലാം ഇതില്‍പ്പെടും. അടുത്തകാലത്ത്‌ പരസ്യമായിട്ടാണ്‌ സമ്പത്തിന്‌ പീഡനം സംഭവിച്ചത്‌. എന്നാല്‍ മുന്‍പ്‌ പലതവണ രഹസ്യമായി സമ്പത്തിന്‌ ദോഷം പറ്റിയിട്ടുണ്ട്‌.
ഇതില്‍ ദേവന്‌ അതൃപ്തിയുണ്ട്‌. ദേവന്റെ സ്വത്ത്‌ സംരക്ഷിക്കാന്‍ ദേവന്‌ തന്നെ ശക്തിയുണ്ട്‌. ആരൊക്കെ എന്തൊക്കെ ചെയ്താലും അത്‌ സംരക്ഷിക്കപ്പെടും. ആവശ്യമെങ്കില്‍ നിഗ്രഹ ശക്തിയാര്‍ജ്ജിച്ച്‌ നരസിംഹരൂപത്തില്‍ വന്ന്‌ സ്വത്ത്‌ സംരക്ഷിക്കാനും കഴിയുന്ന ദേവനാണ്‌ അനന്തപത്മനാഭനെന്ന്‌ ദേവപ്രശ്നത്തില്‍ തെളിഞ്ഞു.
ക്ഷേത്ര സമ്പത്ത്‌ സംബന്ധിച്ച്‌ ഇപ്പോഴുണ്ടായ പ്രശ്നങ്ങളും തര്‍ക്കങ്ങളും ദേവന്‍ തന്നെ ഉണ്ടാക്കിയതാണ്‌. കുറെ വര്‍ഷങ്ങളായി നടന്നുവരുന്ന സംഭവങ്ങള്‍ക്ക്‌ അറുതിവരുത്തണമെന്ന ആഗ്രഹം കൊണ്ടാണിത്‌. അതിന്‌ ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. തെറ്റ്‌ തെറ്റാണെന്ന്‌ മനസ്സിലാക്കി ഉചിതമായ പ്രായശ്ചിത്തം ചെയ്താല്‍ മതി.
ക്ഷേത്രത്തിലെ വിഗ്രഹത്തിന്‌ കേട്‌ സംഭവിച്ചിട്ടുണ്ടെന്നും പ്രശ്നത്തില്‍ തെളിഞ്ഞു. അനന്തന്റെ ഭാഗത്താണ്‌ പ്രധാന കേട്‌. കൂടാതെ അടിഭാഗത്തും ഒന്ന്‌ രണ്ട്‌ കേടുപാടുകള്‍ ഉണ്ട്‌. ഇതിന്‌ പുറമെ കുളത്തില്‍ കിടന്നിരുന്ന ഒരു ഗണപതി വിഗ്രഹം ക്ഷേത്രപരിസരത്തെവിടെയോ അനാഥമായി കിടപ്പുണ്ട്‌. ഇതും ദോഷത്തിന്‌ കാരണമായി.
ക്ഷേത്രത്തിലെ നിവേദ്യങ്ങളൊന്നും തന്നെ വേണ്ടവിധത്തില്‍ നടത്തുന്നില്ല എന്ന കണ്ടെത്തലും പ്രശ്നചിന്തയിലുണ്ടായി. നിവേദ്യത്തിന്റെ അളവ്‌ കുറച്ചു. ചേരുവകള്‍ പലതും ചേര്‍ക്കുന്നുമില്ല. നിവേദ്യത്തിന്റെ അളവ്‌, ശുദ്ധി, ഉല്‍കൃഷ്ഠി എന്നിവയെല്ലാം കുറഞ്ഞു. നെയ്യ്‌ ഇല്ലാത്ത നെയ്യപ്പം എന്നതുപോലെയാണ്‌ പ്രഥമ നിവേദ്യം പോലും പലപ്പോഴും തയ്യാറാക്കുന്നത്‌. ഇതൊക്കെ ദേവന്റെ അപ്രീതിക്ക്‌ കാരണമായിട്ടുണ്ട്‌.
ക്ഷേത്രത്തിലെ ജീവനക്കാരെ കുറിച്ചും വളരെ വിമര്‍ശനകരമായ കണ്ടെത്തലാണ്‌ പ്രശ്നവിധിയില്‍ ഉണ്ടായത്‌. ഈശ്വരപൂജയാണ്‌ ക്ഷേത്രജോലിയെന്ന ചിന്തപോലുമില്ലാതെയാണ്‌ പരിചാരകര്‍ പ്രവര്‍ത്തിക്കുന്നത്‌. നാമജപം ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ദേവനാണ്‌ അനന്തപത്മനാഭന്‍. നാമജപത്തെ അലോരസരപ്പെടുത്തുന്ന രീതിയില്‍ പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദം ദേവന്‌ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്‌. ക്ഷേത്രജീവനക്കാര്‍ ക്ഷേത്രത്തിനുള്ളില്‍ തന്നെ സദാചാരവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. അവിഹിത സ്ത്രീ ബന്ധങ്ങള്‍ പോലും പരിചാരകന്മാരുമായി ബന്ധപ്പെട്ടുണ്ട്‌. സ്ത്രീകളോട്‌ ദേഷ്യത്തോടെയും ശൃംഗാരത്തോടെയും സമീപക്കുന്ന ജീവനക്കാരുടെ നിലപാട്‌ തിരുത്താന്‍ ബന്ധപ്പെട്ടവര്‍ക്കും കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ യൂണിയന്‍ പ്രവര്‍ത്തനം ദുഷ്ടക്കൂട്ടിനാകരുതെന്നും പണ്ഡിതന്മാര്‍ പ്രശ്നചിന്തയില്‍ സൂചിപ്പിച്ചു.
ക്ഷേത്രത്തിന്‌ പാരമ്പര്യ പരിചാരകവൃന്ദം ഉണ്ടായിരുന്നു. അവരിന്ന്‌ പരിചാരകരായി വരുന്നില്ല. അതിന്റെ കാരണം കണ്ടെത്തി പരിഹാരം കാണണം. അനന്തന്‍കാടിന്റെ ഇന്നത്തെ അവസ്ഥ ക്ഷേത്രത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നതായും പ്രശ്നവിധിയില്‍ കണ്ടെത്തി. പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ആവിര്‍ഭാവത്തിന്‌ കാരണമായ സ്ഥലമാണ്‌ അനന്തന്‍കാട്‌. വില്വമംഗലം സ്വാമിയാര്‍ക്ക്‌ ദേവസാന്നിധ്യം കാട്ടിക്കൊടുത്തത്‌ ഇവിടെവച്ചാണ്‌. അവിടമിന്ന്‌ മലീമസമായിക്കിടക്കുകയാണ്‌. അതേപോലെ വടക്കേനടയിലെ ശ്രീപാദം കൊട്ടാരത്തിന്‌ സമീപത്തെ കുളം മലീമസമായിക്കിടക്കുന്നതും ദേവന്റെ അപ്രീതിക്ക്‌ കാരണമായിട്ടുണ്ട്‌. ക്ഷേത്രവുമായി ബന്ധപ്പെട്ട രണ്ട്‌ കിണറുകളും ഒരു കുളവും മൂടികിടക്കുന്നു. ദിവ്യമായ ജലാശയങ്ങളായിരുന്നു ഇവ. അനന്തന്‍കാട്ടിലുള്ള ക്ഷേത്രത്തിന്‌ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്‌ തുല്യമായ സ്ഥാനമാണ്‌ നല്‍കേണ്ടത്‌. ആ പരിസരം ഇന്ന്‌ ദുര്‍ജനങ്ങളുടെ കൈകളിലാണ്‌. അതിനെ പുനഃസ്ഥാപിക്കാന്‍ ശാസ്ത്രീയമായി നോക്കണം. ആരു ഭരിച്ചാലും ആരുടെ കൈവശമാണെങ്കിലും അനന്തന്‍കാടിന്റെ ജീര്‍ണാവസ്ഥ മാറ്റാന്‍ ക്ഷേത്രാധികാരികളും ഭക്തജനങ്ങളും തയ്യാറാകണമെന്ന്‌ പ്രശ്നചിന്തയില്‍ പണ്ഡിതന്മാര്‍ പറഞ്ഞു.
അഗ്നിദോഷം, രക്തദോഷം തുടങ്ങി പല ദോഷങ്ങളും ക്ഷേത്രത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനൊന്നും പ്രായശ്ചിത്ത പരിഹാരങ്ങള്‍ ചെയ്തിട്ടില്ല. അതും പ്രശ്നമായിട്ടുണ്ട്‌.
ക്ഷേത്രം ഇപ്പോഴത്തെ രാജവംശത്തിന്‌ ലഭിക്കുംമുമ്പ്‌ ഒരു യതിവര്യന്റെ വംശത്തിന്റേതായിരുന്നു. അവരെ ഇല്ലാതാക്കി. അവരുടെ ദുരിതശാപം ഉണ്ട്‌. ഇതിന്‌ പക്ഷെ പ്രായശ്ചിത്തം ചെയ്തിരുന്നു. ചക്രാജനപൂജ, മുറജപം, പ്രത്യേക ദീപാരാധന തുടങ്ങി വിവിധ തരത്തിലുള്ള പ്രായശ്ചിത്തങ്ങള്‍ക്ക്‌ മുമ്പ്‌ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും ചെയ്യുന്നില്ല. നേരത്തെ ചെയ്ത പ്രായശ്ചിത്തങ്ങളുടെ ഫലമായി ഇതുവരെ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായില്ല. ഇപ്പോഴുള്ള കുഴപ്പങ്ങള്‍ക്കു കാരണം മതിയായ പ്രായശ്ചിത്തങ്ങള്‍ ഒന്നുംതന്നെ ക്ഷേത്രത്തില്‍ നടത്തുന്നില്ല എന്നതാണ്‌.
പ്രശ്നചിന്ത ഇന്ന്‌ തീര്‍ക്കാനായിരുന്നു നേരത്ത തീരുമാനിച്ചിരുന്നത്‌. എന്നാല്‍ വിഷയങ്ങളും പ്രശ്നങ്ങളും നിരവധിയായതിനാല്‍ പ്രശ്നവിചാരം നീളുമെന്ന സൂചനയാണ്‌ ഇന്നലെ പണ്ഡിതന്മാര്‍ നല്‍കിയത്‌.
ക്ഷേത്രത്തിലെ അമൂല്യസമ്പത്തിന്റെ മൂല്യം നിര്‍ണയിക്കാനുള്ള സാങ്കേതിക സമിതി ഇന്ന്‌ വീണ്ടും പരിശോധനക്കെത്തുന്നുണ്ട്‌.
പി. ശ്രീകുമാര്‍