ബംഗളൂരു: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മദനിക്ക് ജാമ്യം നല്‍കരുത്. മദനി സ്ഥിരം കുറ്റവാളിയാണ്. ജാമ്യം നല്കിയാല് കേസ് അട്ടിമിറിക്കപ്പെടും, കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മദനി 57 കേസുകളില്‍ പ്രതിയാണ്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നമില്ല. നിലവിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മതിയായ ചികിത്സ നല്കുന്നുണ്ടന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
സ്വതന്ത്ര ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി നല്കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നലെ വാദം തുടരവേ പബ്ലിക് പ്രോസിക്യുടര്‍ ദോരൈരാജ് ആണ് ജസ്റ്റിസ് നഗമോഹന്‍ ദാസ് മുന്‍പാകെ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.
ബങ്കളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന മദനിക്ക് തുടര്‍ ചികിത്സ ആവശ്യമാണെന്ന് ബങ്കളൂരു സൗഖ്യ ആശുപത്രി അധികൃതര്‍ നല്കിയ റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയാണ് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 13ന് മദനി ഹൈക്കോടതിയെ സമീപിച്ചത്.
മദനിയുടെ ജയില്‍ മോചനം ആവശ്യപ്പെടുന്നവര്‍ക്കുള്ള കനത്ത പ്രഹരമാണ് സര്‍ക്കാര്‍ നിലപാട്. ഒപ്പം ബിജെപി സര്‍ക്കാര്‍ മുമ്പ് മദനിയെ അകാരണമായി പീഡിപ്പിക്കുകയാണെന്നു പ്രചരിപ്പിച്ചവര്‍ക്കും ഉത്തരം മുട്ടി.
2008 ജൂലൈ 25 ന് ബംഗളൂരുവിലെ വിവിധയിടങ്ങളില്‍ ഉണ്ടായ ബോംബുസ്ഫോടനങ്ങളില്‍ പ്രതിയെന്ന് ആരോപിച്ചാണ് അന്നത്തെ സംസ്ഥാന ബിജെപി സര്‍ക്കാര്‍ മദനിയെ അറസ്റ്റു ചെയ്തത്. മദനി കുറ്റവാളിയാണെന്നും ഭീകരവാദിയാണെന്നുമുള്ള കടുത്ത നിലപാടാണ് പ്രോസിക്യൂഷന് സ്വീകരിച്ചത്.
അതുകൊണ്ടുതന്നെ ജാമ്യം നല്‍കരുതെന്നും കോടതിയോട് ആവശ്യപ്പെട്ടു.
തടിയന്റവിട നസീര്‍ പിടിയിലായതോടെയാണ് കേസില്‍ അബ്ദുള്‍ നാസിര്‍ മദനിയെ 31 ാം പ്രതിയായി ഉള്‍പ്പെടുത്തിയത്.കേസിലെ 32 പ്രതികളില്‍ 25 പേരും മലയാളികളാണ്. രണ്ട് പാക്കിസ്ഥാന്‍കാരും ഇവരില്‍ ഉള്‍പ്പെടുന്നു. 380 സാക്ഷികള്‍ ഉണ്ട്.
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ 2010 ഓഗസ്റ്റ് 16 ന് അറസ്റ്റ് ചെയ്യപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിയുടെ ആരോഗ്യനില അപകടത്തിലാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഒമ്പത് ജാമ്യഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
‘കുറ്റപത്ര’ത്തില്‍
*അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നല്‍കരുത് * ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കപ്പെടും * ഭീകരവാദ കേസുകളിലെ പ്രതിക്ക് ജാമ്യം കൊടുക്കുന്ന പതിവില്ല * മദനി സ്ഥിരം കുറ്റവാളിയാണ് * രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനാഹ്വാനം നല്കുന്നു * മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്നു * പാക്, ബംഗ്ലാദേശ് ഭീകര വാദികളുമായി ബന്ധമുള്ളയാളാണ് * 57 കേസുകളില്‍ പ്രതിയാണ് * കേരളം അടക്കം പല സംസ്ഥാനങ്ങളിലും കേസുകളുണ്ട് * കേരളത്തില്‍ നാല്‍പ്പതിലേറെ കേസുകളുണ്ട് * മദനിക്ക് ആരോഗ്യ- കാഴ്ച്ച പ്രശ്നങ്ങളില്ല * അന്‍പതു വയസു കഴിഞ്ഞവര്‍ക്കുള്ള അസുഖങ്ങള്‍ മാത്രം * നിലവിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സ നല്കുന്നു * ജയിലില്‍ ചികിത്സാ സൗകര്യമുണ്ട് * ചികിത്സയ്ക്കായി ജാമ്യം കൊടുക്കേണ്ട കാര്യമില്ല * കൂടുതല്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്താം * സൗഖ്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിശ്വസിക്കരുത് * സ്വകാര്യ ആശുപത്രിയിലെ ചെലവ് സര്‍ക്കാരിന് ബാധ്യത * ജയിലിനു പുറത്തു കൊണ്ടുപോകുന്നത് സുരക്ഷാപ്രശ്നം സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: