സിപിഎം പ്രവര്‍ത്തകന്‍ കയ്യേറിയ സ്ഥലത്ത്‌ ഡിവൈഎഫ്‌ഐ കൊടി നാട്ടി

Tuesday 9 August 2011 11:14 pm IST

കാഞ്ഞങ്ങാട്‌: പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ ചാലിങ്കാല്‍ മൊട്ടയില്‍ സിപിഎം പ്രവര്‍ത്തകന്‍ കയ്യേറിയ സര്‍ക്കാര്‍ സ്ഥലത്ത്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രാത്രി കൊടി നാട്ടി. ചാലിങ്കാല്‍ മൊട്ടയിലെ റോഡരികിലുള്ള സര്‍ക്കാര്‍ സ്ഥലത്ത്‌ ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പതാക നാട്ടിയത്‌. സിപിഎം പ്രവര്‍ത്തകനായ സ്വകാര്യ വ്യക്തിക്ക്‌ ചാലിങ്കാല്‍ മൊട്ടയില്‍ മൂന്നേക്കര്‍ സ്ഥലമാണ്‌ സ്വന്തമായുള്ളത്‌. ഇതിന്‌ പുറമെ സര്‍ക്കാര്‍ സ്ഥലം കൂടി കയ്യേറുകയും തനിക്ക്‌ ആറേക്കര്‍ സ്ഥലമുണ്ടെന്ന്‌ രേഖയുണ്ടാക്കി റവന്യൂ അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സ്വകാര്യ വ്യക്തി കയ്യേറിയ സര്‍ക്കാര്‍ ഭൂമിയിലെ രണ്ടേക്കര്‍ സ്ഥലത്ത്‌ അനധികൃതമായി ചെങ്കല്‍ ഖനനവും നടത്തി വരികയാണ്‌. സിപിഎം പ്രവര്‍ത്തകണ്റ്റെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്ത്‌ വരികയായിരുന്നു. സിപിഎം ശക്തി കേന്ദ്രമായ ചാലിങ്കാല്‍ മൊട്ടയില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെ സര്‍ക്കാര്‍ ഭൂമി കയ്യേറിയ സംഭവം പാര്‍ട്ടിയില്‍ ചൂടുപിടിച്ച ചര്‍ച്ചാ വിഷയമായി മാറുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ വില്ലേജ്‌ ഓഫീസര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറിയ സര്‍ക്കാര്‍ സ്ഥലത്ത്‌ കൊടിനാട്ടിയത്‌.