മലബാറിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നിര്‍ത്തി; പഠന സമയം വെട്ടിക്കുറച്ചു

Saturday 2 July 2016 3:16 pm IST

തിരുവനന്തപുരം: റംസാന്‍ വ്രതത്തിന്റെ പേരില്‍ മലബാറിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തലാക്കി. വ്രതക്കാലമായതിനാല്‍ സ്കൂള്‍ കലണ്ടര്‍ അട്ടിമറിച്ച്‌ പഠനസമയം വെട്ടിക്കുറച്ചതായും പരാതി. രാവിലെ പത്തുമുതല്‍ വൈകിട്ട്‌ നാലുവരെയുള്ള പഠന സമയം ഉച്ചവരെയാക്കിയാക്കിയിരിക്കുകയാണ്‌. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലും ഉച്ചഭക്ഷണം നല്‍കണമെന്നത്‌ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ്‌. ജാതിമതഭേതമെന്യേ എല്ലാ വിദ്യാര്‍ഥികളും സംസ്ഥാനത്ത്‌ നടപ്പിലാക്കിവരുന്ന സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പങ്കാളികളാണ്‌. സര്‍ക്കാര്‍ സ്കൂളുകളില്‍ മുസ്ലിം മതവിഭാഗത്തിലുള്ള കുട്ടികള്‍ മാത്രമല്ല പഠിക്കുന്നത്‌. മുസ്ലിം മതത്തില്‍പ്പെട്ട കുട്ടികള്‍ മാത്രം വ്രതമെടുക്കുമ്പോള്‍ മുസ്ലിം രാജ്യങ്ങളിലെപ്പോലെ എല്ലാപേര്‍ക്കും അതു ബാധകമാണെന്ന തരത്തിലാണ്‌ മലബാറിലെ സ്കൂളുകള്‍ക്ക്‌ പ്രത്യേകം നിയമം നടപ്പിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ അനുമതി നല്‍കിയിരിക്കുന്നത്‌. റംസാന്‍ വ്രതം തുടങ്ങിയ ശേഷം പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ ജില്ലകളിലെ ഭൂരിപക്ഷം സര്‍ക്കാര്‍ സ്കൂളുകളും ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തിയിരിക്കുകയാണ്‌. ഇതു മൂലം വലയുന്നത്‌ മുസ്ലിംസമുദായക്കാരല്ലാത്ത കുട്ടികളാണ്‌. മുസ്ലിം കുട്ടികള്‍ വ്രതമെടുക്കുന്നതിനാല്‍ റംസാന്‍ കഴിയുന്നതുവരെ മറ്റു സമുദായക്കാരായ കുട്ടികള്‍ക്കും ഉച്ചഭക്ഷണമില്ലെന്നാണ്‌ സ്കൂളധികൃതരും അവിടങ്ങളിലെ പിടിഎ ഭാരവാഹികളും പറയുന്നത്‌. ചില സ്കൂളുകളിലെ പിടിഎ ഭരണസമിതികളിലുള്ളവരും രക്ഷകര്‍ത്താക്കളും ഇതിനെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ചില രക്ഷകര്‍ത്താക്കള്‍ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിലേക്ക്‌ നേരിട്ട്‌ പരാതി അയച്ചിട്ടും നടപടിയുണ്ടായില്ല. തിരൂരങ്ങാടി, വേങ്ങര, തെന്നല, മഞ്ചേരി, പെരുമണ്ണ, താനൂര്‍, വാണിമേല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ചില സ്കൂളുകള്‍ നിലവിലുണ്ട്‌. ഇവിടങ്ങളില്‍ എല്ലാവര്‍ഷവും റംസാന്‍ വ്രതക്കാലത്ത്‌ ഒരു മാസം അവധി നല്‍കാറുണ്ട്‌. ഇത്തവണയും ഈ സ്കൂളുകളില്‍ ഒരു മാസം അവധിയാണ്‌. മുസ്ലിം സമുദായത്തില്‍ പെട്ട കുട്ടികളാണ്‌ ഇവിടെ കൂടുതലും പഠിക്കുന്നത്‌. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകള്‍ സംസ്ഥാനത്തിന്റെ പൊതുവായ വിദ്യാഭ്യാസ കലണ്ടറും പദ്ധതികളും അനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. എല്ലാ മതവിഭാഗത്തിലുമുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നത്‌ കണക്കിലെടുക്കാതെയാണ്‌ വ്രതത്തിന്റെ പേരില്‍ ഉച്ചഭക്ഷണം നിര്‍ത്തുന്നതും സമയം വെട്ടിക്കുറയ്ക്കുന്നതും. രാവിലെ 9 മുതല്‍ 3 വരെയും 10 മുതല്‍ 4 വരെയും പഠന സമയം നിര്‍ണയിച്ചവയാണ്‌ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. എന്നാല്‍ വ്രതം തുടങ്ങിയശേഷം ഈ സ്കൂളുകളിലെല്ലാം ഉച്ചയ്ക്കു മുമ്പേ പഠനം അവസാനിക്കും. വെള്ളിയാഴ്ചകളില്‍ ക്ലാസ്സുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു. നാദാപുരം, കിനാശ്ശേരി, പൂക്കുന്ന്‌, കൊടിയത്തൂര്‍, കൂമ്പാറ എന്നിവിടങ്ങളിലെ ചില സ്കൂളുകളുടെ ഭരണസമിതിയില്‍ തീവ്ര മുസ്ലിംനിലപാടുകളുള്ള ചിലര്‍ കടന്നുകൂടിയിട്ടുണ്ടെന്നും അവര്‍ മുസ്ലിം നിയമങ്ങള്‍ കര്‍ശനമായി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്‌. ഇതും സംബന്ധിച്ചും അധികൃതര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും തീവ്രവാദികള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ വിദ്യാഭ്യാസവകുപ്പ്‌ സ്വീകരിച്ചത്‌. റംസാന്‍ വ്രതത്തിന്റെ പേരില്‍ മലബാറിലെ സ്കൂളുകളിലെ പഠനസമയം മാറ്റിയത്‌ നിയമവിരുദ്ധവും മതപ്രീണനവുമാണെന്ന്‌ ബിജെപി സംസ്ഥാനപ്രസിഡന്റ്‌ വി.മുരളീധരന്‍ കുറ്റപ്പെടുത്തി. സ്കൂളുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക്‌ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയും വ്രതം തുടങ്ങിയ ശേഷം നിര്‍ത്തി വച്ചിരിക്കുകയാണ്‌. സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മറ്റ്‌ സമുദായക്കാരായ വിദ്യാര്‍ഥികളും ഉച്ചയ്ക്ക്‌ ഭക്ഷണം കഴിക്കേണ്ടെന്നാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിച്ചിരിക്കുന്നത്‌. സമയംമാറ്റാനുള്ള അധികാരം സ്കൂളുകള്‍ക്കില്ല. മറ്റ മതക്കാരുടെ ആഘോഷങ്ങള്‍ വരുമ്പോഴും വ്രതമെടുക്കുന്ന കാലം വരുമ്പോഴുമൊക്കെ ഇത്തരത്തിലുള്ള ഇളവുകള്‍ ആവശ്യപ്പെട്ടാല്‍ അത്‌ നല്‍കേണ്ടിവരും. മതത്തിന്റെ രീതികള്‍ക്കനുസരിച്ച്‌ വിദ്യാഭ്യാസകലണ്ടറില്‍ മാറ്റം വരുത്തുന്നത്‌ പഠന രീതിയെ തന്നെ അട്ടിമറിക്കുന്നതാകുമെന്ന്‌ മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.