ഭീകരവാദബന്ധം അന്വേഷിക്കാതെ കവിത പിന്‍വലിച്ച്‌ തലയൂരാന്‍ വി സിയുടെ ശ്രമം

Friday 26 July 2013 9:20 pm IST

കോഴിക്കോട്‌: കഴിഞ്ഞ രണ്ട്‌ വര്‍ഷമായി പഠിപ്പിച്ചുവരുന്ന വിവാദകവിത പിന്‍വലിച്ചുകൊണ്ട്‌ പ്രശ്നത്തില്‍നിന്നും തലയൂരാന്‍ സര്‍വകലാശാല ശ്രമം. കഴിഞ്ഞ വര്‍ഷം ബിബിഎ വിദ്യാര്‍ഥികള്‍ക്കും ഈ വര്‍ഷം ബിഎ വിദ്യാര്‍ഥികള്‍ക്കുമാണ്‌ അല്‍ഖ്വയ്ദ ഭീകരവാദി അല്‍റൂബായിഷിന്റെ വിവാദകവിത പഠിപ്പിക്കാന്‍ സര്‍വകലാശാലതീരുമാനിച്ചിരുന്നത്‌.
പതിനൊന്നംഗ ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസിന്റെ പരിശോധനയ്ക്കു ശേഷമാണ്‌ പുസ്തകവും കവിതയും സിലബസില്‍ ഉള്‍പ്പെടുത്തിയത്‌. ഭീകരവാദിയുടെ കവിത സിലബസില്‍ ഉള്‍പ്പെട്ടതെങ്ങിനെയെന്നതിനെക്കുറിച്ച്‌ യാതൊരന്വേഷണവും നടത്താതെയാണ്‌ പ്രശ്നത്തില്‍ നിന്ന്‌ തലയൂരാന്‍ സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്‌.
ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസ്‌ പുനഃസംഘടിപ്പിച്ചു കഴിഞ്ഞു. പഴയ ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസ്‌ അംഗങ്ങള്‍ നിലവില്‍ ഇംഗ്ലീഷ്‌ വിഭാഗം അധ്യാപകരായി വിവിധ കോളജുകളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. അല്‍ഖ്വയ്ദ ഭീകരനാണ്‌ കവിത എഴുതിയതെന്ന്‌ വിശദീകരണം മുഖവിലയ്ക്കെടുത്താണ്‌ ഡീന്‍ വൈസ്‌ ചാന്‍സലര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ഒരിടത്തും പരാമര്‍ശമില്ലാത്ത അല്‍ റൂബായിഷിന്റെ കവിത എങ്ങനെ തെരഞ്ഞെടുക്കപ്പെട്ടെന്നും അതിനുപിന്നിലാരാണെന്നും കണ്ടെത്തണമെന്ന ആവശ്യത്തെയാണ്‌ വൈസ്ചാന്‍സലര്‍ നിരാകരിച്ചിരിക്കുന്നത്‌. മനുഷ്യാവകാശത്തിന്റെ മറവില്‍ ഭീകരവാദം പ്രചരിപ്പിക്കുന്ന ചില സംഘടനകള്‍ ഇതിനു പിന്നിലുണ്ടെന്നാണ്‌ ആരോപണം. അത്തരം ശക്തികള്‍ക്ക്‌ സര്‍വകലാശാലയിലുള്ള സ്വാധീനമാണ്‌ കവിത സിലബസില്‍ ഉള്‍പ്പെടുത്താന്‍ ഇടയാക്കിയത്‌.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.