മദനിക്കു വേണ്ടി ഇടപെടുന്നത്‌ ഭീകരവാദത്തെ സഹായിക്കാന്‍: വി.മുരളീധരന്‍

Friday 26 July 2013 9:36 pm IST

തിരുവനന്തപുരം: മദനിയുടെ ജാമ്യത്തിന്‌ രാഷ്ട്രീയസമ്മര്‍ദ്ദം ചെലുത്തണമെന്ന മുസ്ലിംലീഗിന്റെ ആവശ്യം ഭീകരവാദത്തെ അനുകൂലിക്കുന്നതാണെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍. ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി മദനിക്കുവേണ്ടി കര്‍ണ്ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടരുതെന്ന്‌ മുരളീധരന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അബ്ദുള്‍നാസര്‍ മദനി ഭീകരവാദിയാണെന്ന്‌ കോണ്‍ഗ്രസ്‌ ഭരിക്കുന്ന കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയില്‍ തെളിവുകള്‍ നിരത്തിയിരിക്കുകയാണ്‌. കര്‍ണ്ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ നിലപാടുകള്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരും ശരിവച്ചിരിക്കുകയാണ്‌. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അന്നു ബിജെപി സര്‍ക്കാര്‍ നിലപാടു സ്വീകരിച്ചത്‌. അതു ശരിയാണെന്ന്‌ തെളിഞ്ഞിരിക്കുന്നു.
കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത്‌ നിയമസംവിധാനങ്ങളെ അട്ടിമറിക്കുന്നതാകും. ഭീകരവാദ കേസില്‍ പിടിക്കപ്പെടുന്നവര്‍ക്ക്‌ ജാമ്യം നിഷേധിക്കുന്നതാണ്‌ ചട്ടം. അതിനെ മനുഷ്യാവകാശ ലംഘനമായി കാണാന്‍ കഴിയില്ല. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന്‌ മുറവിളികൂട്ടിയവര്‍ക്ക്‌ ഇപ്പോള്‍ എന്താണ്‌ പറയാനുള്ളത്‌.മദനിക്കായി സംസാരിച്ച ഇടതുപക്ഷക്കാര്‍ ഇപ്പോള്‍ അഭിപ്രായം വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
2009ലെ കാസര്‍കോട്‌ കലാപത്തിന്‌ ഉത്തരവാദികളായവരെ കണ്ടെത്താന്‍ അന്ന്‌ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പ്രാവര്‍ത്തികമാക്കണമെന്ന്‌ മുരളീധരന്‍ ആവശ്യപ്പെട്ടു. കലാപത്തിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ അന്ന്‌ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പിന്നീട്‌ വന്ന യുഡിഎഫ്‌ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. കലാപത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.