നഗരസഭാ സെക്രട്ടറിയെ ഘെരാവോ ചെയ്തു

Wednesday 10 August 2011 11:44 am IST

അങ്കമാലി: അങ്കമാലി നഗരസഭയില്‍ കഴിഞ്ഞ മാസം 28 ന്‌ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്സ്‌ നല്‍കാതെ 2 ദിവസമായി ചെയര്‍മാന്‍ മുങ്ങി നടക്കുന്നതുമൂലം കൗണ്‍സില്‍ മിനിറ്റ്സിന്റെ കോപ്പി ലഭിക്കുന്നില്ലയെന്ന്‌ ആരോപിച്ചുകൊണ്ട്‌ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഘരാവോ ചെയ്തു. കൗണ്‍സില്‍ യോഗം കഴിഞ്ഞ്‌ 12 ദിവസം പിന്നിട്ടിട്ടും മിനിറ്റ്സിന്റെ കോപ്പി നല്‍കിയിട്ടില്ല. കൗണ്‍സിലര്‍മാര്‍ മിനിറ്റ്സ്‌ ആവശ്യപ്പെട്ട്‌ 5 ന്‌ കത്തുനല്‍കിയിരുന്നു. എന്നാല്‍ ആ കത്തിനു മറുപടി ലഭിച്ചിരിക്കുന്നത്‌ കരട്‌ മിനിറ്റ്സ്‌ തയ്യാറാക്കി ഒന്നിന്‌ ചെയര്‍മാന്റെ അംഗീകാരത്തിന്‌ സമര്‍പ്പിച്ചിരുന്നു എന്നും എന്നാല്‍ ഇതുവരെ മിനിറ്റ്സിന്റെ കോപ്പി അംഗീകരിച്ച്‌ നല്‍കിയിട്ടില്ല എന്നുമാണ്‌ പറഞ്ഞിരിക്കുന്നത്‌. കൗണ്‍സില്‍ യോഗം കഴിഞ്ഞ്‌ 96 മണിക്കൂറിനുള്ളില്‍ മിനിറ്റ്സിന്റെ കോപ്പി നല്‍കണമെന്നാണ്‌ ആക്ട്‌ ആന്റ്‌ റൂള്‍ പറഞ്ഞിട്ടുള്ളത്‌. എന്നാല്‍ 12 ദിവസം കഴിഞ്ഞിട്ടും മിനിറ്റ്സിന്റെ കോപ്പി കൗണ്‍സില്‍ അംഗങ്ങള്‍ക്ക്‌ നല്‍കിയിട്ടില്ല. ജൂലൈ 28ന്‌ ശേഷം 2, 3, 4 തീയതികളില്‍ കൗണ്‍സില്‍ യോഗം നടന്നിരുന്നു. ഈ കൗണ്‍സില്‍ യോഗങ്ങളുടേയും മിനിറ്റ്സ്‌ ഇന്നുവരെ നല്‍കിയിട്ടില്ല. കൗണ്‍സില്‍ യോഗം കഴിഞ്ഞ്‌ 7 ദിവസത്തിനകം വിയോജനക്കുറിപ്പ്‌ നല്‍കണമെന്നാണ്‌ ആക്ട്‌ ആന്റ്‌ റൂളില്‍ പറഞ്ഞിരിക്കുന്നത്‌. എന്നാല്‍ 12 ദിവസം കഴിഞ്ഞതിനാല്‍ വിയോജനക്കുറിപ്പ്‌ നിയമപരമായി നിലനില്‍ക്കാതിരിക്കാനാണ്‌ ഈ നടപടി. ജൂലൈ 28ന്‌ ചേര്‍ന്ന കൗണ്‍സില്‍ യോഗം ചെയര്‍മാന്‍ അജണ്ട ചര്‍ച്ച ചെയ്യാതെ പാസ്സാക്കുകയായിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ ക്രമപ്രശ്നം കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ യോഗം അവസാനിപ്പിച്ചു എന്ന്‌ പറഞ്ഞ്‌ ചെയര്‍മാന്‍ ഇറങ്ങിപോകുകയാണുണ്ടായത്‌. കൗണ്‍സില്‍ യോഗത്തില്‍ കൃഷിഭൂമിയിലൂടെ റോഡ്‌ നിര്‍മ്മാണവും, റയില്‍വേ അണ്ടര്‍ ബ്രിഡ്ജ്‌ എന്നിവ സംബന്ധിച്ച്‌ പ്രമേയം അജണ്ടയിലുണ്ടായിരുന്നു. എന്നാല്‍ വിഷയത്തില്‍ 1999 ലെ തണ്ണീര്‍ത്തട പദ്ധതി പ്രകാരം അനുവദനീയമല്ല എന്ന്‌ വില്ലേജ്‌ ആഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ പൂഴ്ത്തിക്കൊണ്ടാണ്‌ പ്രമേയം അജണ്ടയില്‍ അടിച്ചുച്ചേര്‍ത്തത്‌. മുന്‍ കൗണ്‍സില്‍ യോഗത്തില്‍ ശബരി റെയില്‍ വരുന്നതുമൂലം നഷ്ടപ്പെടുന്ന റോഡുകള്‍ക്ക്‌ പകരമായി റെയില്‍വേ റോഡുകള്‍ നിര്‍മിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 16-ാ‍ം വാര്‍ഡ്‌ കൗണ്‍സിലര്‍ എം.എസ്‌.ഗിരീഷ്‌കുമാര്‍ അവതരിപ്പിച്ച പ്രമേയം ഭരണകക്ഷി അംഗങ്ങള്‍ പരാജയപ്പെടുത്തുകയായിരുന്നു. ആ പ്രമേയം പരാജയപ്പെടുത്തിയശേഷമാണ്‌ ഭൂമാഫിയയെ സഹായിക്കുന്നതിനുവേണ്ടി ജൂലൈ 28ന്‌ മൂന്നുപൂപ്പും നെല്‍കൃഷി ചെയ്യുന്ന പാടത്തിനു കുറുകെ റയില്‍വേ അണ്ടര്‍ ബ്രിഡ്ജ്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രമേയം ഭരണകക്ഷിക്കാര്‍ കൊണ്ടുവന്നത്‌. ഈ പ്രമേയത്തിനു വിയോജനക്കുറിപ്പ്‌ നല്‍കാതിരിക്കുവാനാണ്‌ കൗണ്‍സില്‍ മിനിറ്റ്സിന്റെ കോപ്പി വൈകിക്കുന്നത്‌ എന്ന്‌ പ്രതിപക്ഷം അഭിപ്രായപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചാണ്‌ പ്രതിപക്ഷം മുനി.സെക്രട്ടറിയെ ഘരാവോ ചെയ്തത്‌. ഘരാവോ സമരത്തെ കൗണ്‍സില്‍ അംഗങ്ങളായ ഇ.വി.കമലാക്ഷന്‍, എം.എസ്‌.ഗിരീഷ്‌കുമാര്‍, ജോസ്‌ പള്ളിയാല്‍, ബെന്നി മൂഞ്ഞേലി, ടി.ജി.ബേബി, കെ.ഒ.ദേവസ്സിക്കുട്ടി, എ.എന്‍.ഹരി, സെലീന ദേവസ്സി, പങ്കജം കുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പിന്നീട്‌ അങ്കമാലി പോലീസ്‌ കൗണ്‍സിലര്‍മാരെ അറസ്റ്റ്‌ ചെയ്ത്‌ നീക്കി മുനിസിപ്പല്‍ സെക്രട്ടറിയേയും, കൗണ്‍സില്‍ ക്ലര്‍ക്കിനേയും മോചിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.