ജന്മാഷ്ടമി പുരസ്കാരം നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക്‌

Saturday 27 July 2013 11:06 pm IST

കോഴിക്കോട്‌: ആലുവ ബാലസംസ്കാരകേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്കാരം നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക്‌. ശ്രീകൃഷ്ണവേഷത്തില്‍ ദീര്‍ഘകാലം കേരളത്തിന്റെ കഥകളിയരങ്ങില്‍ നിറഞ്ഞാടിയതിനാണ്‌ 98ലെത്തിയ ഗുരുവിനെത്തേടി പുരസ്കാരം എത്തിയത്‌. 25,000 രൂപയും കീര്‍ത്തിപത്രവും ആര്‍ട്ടിസ്റ്റ്‌ കെ.കെ. വാര്യര്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ്‌ പുരസ്കാരമെന്ന്‌ ബാലഗോകുലം സംസ്ഥാന പ്രസിഡന്റ്ടി.പി. രാജന്‍ മാസ്റ്റര്‍, ബാലസംസ്കാരകേന്ദ്രം ജനറല്‍ സെക്രട്ടറി എസ്‌. ജയകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കൃഷ്ണദര്‍ശനത്തില്‍ അധിഷ്ഠിതമായ കലാ-സാഹിത്യ-സാംസ്കാരിക ജീവിതത്തിനുള്ള അംഗീകാരമാണ്‌ ആലുവ ബാലസംസ്കാര കേന്ദ്രം ഓരോ വര്‍ഷവും ജന്മാഷ്ടമിയോടനുബന്ധിച്ചു നല്‍കിവരുന്ന പുരസ്കാരം.
തപസ്യ കലാ-സാഹിത്യവേദിയുടെ അധ്യക്ഷന്‍ കവി എസ്‌. രമേശന്‍ നായര്‍ ചെയര്‍മാനും കലാമണ്ഡലം സുഗന്ധി, ഡോ. പ്രിയദര്‍ശന്‍ലാല്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ടി.പി. രാജന്‍ മാസ്റ്റര്‍, ബാലസംസ്കാരകേന്ദ്രം ജനറല്‍ സെക്രട്ടറി എസ്‌. ജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ പുരസ്കാര നിര്‍ണയ സമിതിയാണ്‌ ഗുരു ചേമഞ്ചേരിയെ തിരഞ്ഞെടുത്തത്‌. കഥകളിക്കും നൃത്തരൂപങ്ങള്‍ക്കും കളരിയൊരുക്കി ആയിരക്കണക്കിനു ശിഷ്യപ്രതിഭകളെ സൃഷ്ടിക്കുകയും കേരളത്തിലും വിദേശങ്ങളിലും അനേകം വേദികളില്‍ കൃഷ്ണഭാവങ്ങള്‍ നിറയ്ക്കുകയും ചെയ്ത ഗുരു ചേമഞ്ചേരിയുടെ സമര്‍പ്പിതമായ കലാജീവിതം അംഗീകാരങ്ങളും പുരസ്കാരങ്ങളും കൊണ്ടു നിറഞ്ഞതാണെന്നു സമിതി വിലയിരുത്തി.
ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോടനുബന്ധിച്ച്‌ ആഗസ്ത്‌ 23ന്‌ കോഴിക്കോട്ട്‌ സാംസ്കാരിക സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും. ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ. മോഹന്‍ദാസ്‌, കോഴിക്കോട്‌ മേഖലാ സെക്രട്ടറി എം. സത്യന്‍ മാസ്റ്റര്‍, ബാലസംസ്കാരകേന്ദ്രം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി വി. ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.