നമോ നരേന്ദ്ര

Saturday 27 July 2013 10:16 pm IST

കത്തിക്കരിഞ്ഞ സബര്‍മതി എക്സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിയില്‍നിന്നാണ്‌ ഗോധ്രാനന്തരകലാപങ്ങളിലേക്ക്‌ ഗുജറാത്തിനെ നയിച്ച തീ ആളിപ്പടര്‍ന്നത്‌. അറുപതോളം രാമഭക്തരുടെ ശരീരങ്ങള്‍ വെന്തൊടുങ്ങിയിരുന്നു. ആസൂത്രിതവും സംഘടിതവുമായ മതവെറിയുടെ ഇരകളായിരുന്നു ആ രാമസേവകര്‍. ദുരന്തസ്ഥലം സന്ദര്‍ശിച്ച്‌ മടങ്ങുമ്പോള്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ കണ്ണുകള്‍ കരഞ്ഞുകലങ്ങിയിരുന്നു. 'അമ്പത്തെട്ട്‌ ഹിന്ദുക്കള്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രചാരകനായ താങ്കളുടെ പ്രതികരണമെന്താണ്‌?' എന്ന മാധ്യമപ്രവര്‍ത്തകരുടെ മുനയുള്ള ചോദ്യത്തിന്‌ മോദി സമചിത്തതയോടെ മറുപടി പറഞ്ഞു, "മരണത്തിന്‌ മതമുണ്ടോ സുഹൃത്തേ? ഇത്‌ ഭീകരാക്രമണമാണ്‌. മരിച്ചവര്‍ സാധുക്കളായ മനുഷ്യരാണ്‌. സര്‍ക്കാര്‍ നടപടികള്‍ പിഴവുകളില്ലാതെ നടപ്പാക്കും."
മുസ്ലീം മതമൗലികവാദശക്തികള്‍ കൊളുത്തിയ തീ ഗുജറാത്തിലെങ്ങും കലാപമായി ആളിപ്പര്‍ന്നപ്പോള്‍ മോദി വിരുദ്ധ മാധ്യമങ്ങളും രാഷ്ട്രീയക്കാരും കുറുമുന്നണിയുണ്ടാക്കി. മരണത്തിന്‌ മതമുണ്ടോ എന്ന്‌ ചോദിച്ച മോദിയെ അവര്‍ മരണത്തിന്റെ വ്യാപാരിയെന്നും ചെകുത്താന്റെ അവതാരമെന്നും മുദ്രകുത്തി. കലാപത്തില്‍ മരണപ്പെട്ട എല്ലാ മുസ്ലീമിന്റെയും കൊലപാതകത്തിനുത്തരവാദി മോദിയാണെന്ന്‌ അവര്‍ പ്രചരിപ്പിച്ചു. ഗാന്ധിയന്മാരും ബുദ്ധിജീവികളും ഗുജറാത്തിലേക്ക്‌ വണ്ടികയറി. മോദിക്കെതിരെ കേട്ടാലറയ്ക്കുന്ന കെട്ടുകഥകളുടെ ഒഴുക്കായിരുന്നു. സര്‍ക്കാര്‍ നടപടികളൊന്നും വാര്‍ത്തയായില്ല. വസ്തുതകള്‍ എല്ലാം മറച്ചുപിടിക്കപ്പെട്ടു.
സംഘര്‍ഷമാരംഭിച്ച്‌ ഒരു മണിക്കൂര്‍ തികയുംമുമ്പ്‌ സൈനിക അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ച മോദിസര്‍ക്കാരിന്റെ നടപടി മാധ്യമങ്ങള്‍ പൂഴ്ത്തി. രാജ്യത്തുണ്ടായ ഏതൊരു വര്‍ഗീയസംഘര്‍ഷങ്ങളേക്കാളും വേഗത്തില്‍, 48 മണിക്കൂറിനകം ഗോധ്രാനന്തരകലാപം അടിച്ചമര്‍ത്തപ്പെട്ടതും ആരും കണ്ടില്ല. പോലീസിന്‌ വെടി വെക്കേണ്ടിവന്നു. അക്രമികള്‍ പലരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മരണത്തിന്‌ മതമില്ലാത്തതുപോലെ സര്‍ക്കാരിന്റെ കര്‍ശന നടപടികളും മതം നോക്കിയായിരുന്നില്ല. പോലീസ്‌ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരില്‍ പകുതിയിലധികവും ഹിന്ദുക്കളായിരുന്നു. എന്നിട്ടും മോദിസര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യപ്പെട്ടു. ചുട്ടുകൊല്ലലിന്റെയും കുത്തിപ്പിളര്‍ക്കലിന്റെയും കൂട്ടബലാത്സംഗത്തിന്റെയും കഥകള്‍. ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന്‌ ഭ്രൂണമടക്കം തീയിലിട്ട്‌ ചുട്ടെരിച്ചതിന്റെ 'ദൃക്‌സാക്ഷിവിവരണങ്ങള്‍.....' ഒന്നിനും അവസാനമുണ്ടായില്ല. ഗീബല്‍സിനെയും നാണിപ്പിക്കുന്ന കെട്ടുകഥകളുമായി ഹിന്ദുവിരുദ്ധ മാധ്യമങ്ങള്‍ നിറഞ്ഞാടി.
മുഖ്യമന്ത്രിപദം രാജിവെച്ച്‌ മോദി തെരഞ്ഞെടുപ്പിനെ നേരിട്ടു. മോദിയെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ജെഎന്‍യു ബുദ്ധിജീവികളും കോണ്‍ഗ്രസും ഇംഗ്ലീഷ്‌ മാധ്യമങ്ങളും കൈകോര്‍ത്തു. ഒച്ചപ്പാടുകള്‍ക്കിടയില്‍ നരേന്ദ്രമോദി ഗുജറാത്ത്‌ ഗൗരവ്‌ യാത്രയ്ക്ക്‌ തുടക്കമിട്ടു. തുറന്ന ജീപ്പ്പില്‍ അദ്ദേഹം ജനങ്ങള്‍ക്കിയിലേക്ക്‌ കടന്നുചെന്നു. 'പ്രിയമുള്ള ജനങ്ങളേ, മോദി കൊലയാളിയും ഭീകരനുമാണെന്ന്‌ അവര്‍ പറയുന്നു. ഞാനിതാ നിങ്ങള്‍ക്കുമുന്നില്‍ നിരായുധനായി നില്‍ക്കുന്നു. മോദി ഭീകരനെങ്കില്‍ നിങ്ങള്‍ക്കെന്നെ കൈയില്‍കിട്ടിയതെന്തുമെടുത്ത്‌ ആക്രമിക്കാം, തല്ലിക്കൊല്ലാം. പക്ഷേ എല്ലായിടത്തും ആളുകള്‍ അദ്ദേഹത്തെ പൂക്കള്‍ വാരിയെറിഞ്ഞും സിന്ദൂരതിലകമണിയിച്ചും സ്വീകരിച്ചു. 2002 തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നപ്പോള്‍ പ്രതിഷേധക്കാര്‍ മാളത്തിലൊളിച്ചു. വിജയത്തേരേറിയ നരേന്ദ്ര മോദിയെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയ ഒരു പ്രമുഖ ഇംഗ്ലീഷ്‌ ചാനലിന്റെ റിപ്പോര്‍ട്ടറെ മോഡി എഴുന്നേറ്റുനിന്ന്‌ സ്വീകരിച്ചു. ഇരുകൈകളും ചേര്‍ത്തുപിടിച്ച്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി അയാളോട്‌ നന്ദി പറഞ്ഞു, 'നിങ്ങളടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ വിഷം വമിപ്പിക്കുന്ന പ്രചാരണമാണ്‌ എന്നെ ജനങ്ങള്‍ക്ക്‌ പ്രിയങ്കരനാക്കിയത്‌. സഹായം തുടര്‍ന്നുമുണ്ടാകണം.'
വര്‍ഷം പത്ത്‌ കഴിഞ്ഞു. പറഞ്ഞുപരത്തിയ കെട്ടുകഥകള്‍ ഓരോന്നായി പൊളിഞ്ഞിട്ടും ഇപ്പോഴും അവര്‍ മോദിക്കെതിരെ സ്വയം കോടതി ചമഞ്ഞിറങ്ങുന്നു. ഇസ്രത്‌ ജഹാന്റെയും ജാവേദ്‌ ഷെയ്ക്കിന്റെയും ഒപ്പം മരിച്ച സദ്ഗുണ സമ്പന്നരായ രണ്ട്‌ പാകിസ്ഥാനി ഭീകരന്മാരുടെയും ചെലവില്‍ മോദിയെ കുരുക്കാമെന്ന അതിമോഹമാണ്‌ ഇപ്പോള്‍ ശേഷിക്കുന്നത്‌. രാത്രിസ്വപ്നത്തില്‍ ഏതോ നക്ഷത്രഫലക്കാരന്‍ ആവേശിച്ചപ്പോഴുണ്ടായ ഷോക്കില്‍ ഞെട്ടിയുണര്‍ന്ന്‌ ഊഴവും പിന്നെ ഇപ്പോള്‍ അതിന്റെ ഇംപാക്ട്‌ എന്നവണ്ണം രണ്ടാമൂഴവും പൊലിപ്പിച്ച്‌ പത്ത്‌ പുത്തനുണ്ടാക്കാന്‍ ചില കവികള്‍ക്ക്‌ അവസരമുണ്ടാകുമെന്നതൊഴിച്ചാല്‍ മോദിക്കെന്തുണ്ടാവാന്‍? ഊഴക്കാരിയുടെ രോമാഞ്ചം കണ്ട്‌ സാക്ഷ്യം എഴുതിയ സച്ചിദാനന്ദന്‍ രണ്ടാം സാക്ഷ്യവുമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്‌. ടീസ്റ്റ സെതല്‍വാദുമാരെയും അരുന്ധതി റോയിമാരെയും മല്ലികാ സാരഭായിമാരെയും മുന്നില്‍നിര്‍ത്തി ശിഖണ്ഡിനാടകമാടിയ രാഷ്ട്രീയ മേലാളന്മാര്‍ ഇസ്രത്ത്‌ ജഹാന്റെ പ്രേതവും ചുമന്നാണിപ്പോള്‍ മോദിവേട്ട പൊലിപ്പിക്കാന്‍ നോക്കുന്നത്‌.
ജനാധിപത്യത്തില്‍ സമാനതകളില്ലാത്ത വിജയം കൊയ്തെടുത്ത ഒരു നേതാവിന്‌ നേരെയാണ്‌ പലകുറി പാഴായ അടവുകള്‍ വീണ്ടും തേച്ചുമിനുക്കുന്നത്‌. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ലേഖകന്‍ അടുത്തിടെ ആ പഴയ ചോദ്യം മോഡിയോട്‌ വീണ്ടുമുന്നയിച്ചു. ഇക്കുറി ഗോധ്രാനന്തരകലാപത്തെക്കുറിച്ചും അതിന്‌ ഇരകളായവരെക്കുറിച്ചുമായിരുന്നു പ്രതികരണമാരാഞ്ഞത്‌. ഒരു നായ്ക്കുട്ടി വാഹനാപകത്തില്‍ കൊല്ലപ്പെടുമ്പോള്‍ ആ വാഹനത്തിന്റെ ഡ്രൈവര്‍ക്ക്‌ ഉണ്ടാകുന്ന വേദനയും സഹാനുഭൂതിയും ഉത്തരവാദിത്തവും തനിക്കും ഉണ്ടായി എന്ന മോദിയുടെ ഉപമ വിവാദമാക്കുകയായിരുന്നു പിന്നെ. മോദി പറഞ്ഞതിന്റെ താര്‍പര്യം അറിയാത്തവരല്ല വിവാദം സൃഷ്ടിച്ച മാധ്യമങ്ങള്‍. ഒരു നായ്ക്കുട്ടിയുടെ മരണത്തിലും വേദനിക്കുന്ന പ്രകൃതമാണ്‌ തന്റേതെന്ന മോദിയുടെ വാചകത്തെ വേട്ടക്കാര്‍ തന്നിഷ്ടംപോലെ പ്രചരിപ്പിച്ചു. മുസ്ലീം സമൂഹത്തെ മോദിയുടെ പേര്‌ പറഞ്ഞ്‌ രാവെളുക്കുവോളം അവര്‍ നായ്ക്കുട്ടിയെന്ന്‌ വിളിച്ച്‌ അധിക്ഷേപിച്ചു.
ഒരു ഹിന്ദു ദേശീയവാദിയാണ്‌ താനെന്ന അഭിമാനത്തോടെയുള്ള മോദിയുടെ പ്രഖ്യാപനമായിരുന്നു മറ്റൊരു ആയുധം. ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍ എന്ന്‌ കരുതുന്ന ഹിന്ദുദേശീയത നായ്ക്കുട്ടിയുടെ മരണത്തിലും വേദനിക്കുന്ന പാരമ്പര്യത്തെയാണ്‌ ഉയര്‍ത്തിപ്പിടിക്കുന്നത്‌. ഇപ്പോള്‍ മോദിക്ക്‌ വിസ അനുവദിക്കരുതെന്ന്‌ എംപിമാരുടെ കള്ളയൊപ്പുകള്‍ സഹിതം വൈതൗസിലേക്ക്‌ കത്തയച്ചിരിക്കുന്നു. സഹിക്കുന്നില്ല അവര്‍ക്ക്‌ മോദിയെ. നട്ടാല്‍ കിളിര്‍ക്കാത്ത കള്ളപ്രചാരണങ്ങളുമായി പിന്നെയും പിന്നാലെ കൂടുകയാണ്‌. പ്രായാധിക്യം കൊണ്ട്‌ മരണാസന്നമായ കോണ്‍ഗ്രസിന്‌ അതല്ലാതെ വേറെ വഴിയില്ല. എന്നാല്‍ വസ്തുതകള്‍ക്കൊപ്പം നില്‍ക്കേണ്ട മാധ്യമങ്ങളോ?
എം. സതീശന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.