മനുഷ്യമനസ്സില്‍ വ്യക്തി അഹം വന്ന് തഴച്ചു. അതോടെ എല്ലാറ്റിനും മറവ് പറ്റി. കാണേണ്ടതിനെ കാണാനോ അനുഭവിക്കേണ്ടതിനെ അനുഭവിക്കാനോ മനുഷ്യന് കഴിയാതായി. നമ്മുടെ ദുരവസ്ഥ ഇതാണ്. വ്യക്തി അഹം ഉടലെടുത്താല്‍ പ്രകൃതിയുടെ ചലനങ്ങളെ തിരിച്ചറിയാന്‍ എങ്ങനെ സാധിക്കും? സൂര്യപ്രകാശം ശുദ്ധസ്ഫടികത്തിലൂടെ നിര്‍ബാധമായി കടന്നുപോകുന്നു. അവിടെ പ്രകാശത്തിന് യാതൊരു അപഭ്രംശവും വന്നുചേരുന്നില്ല. എന്നാല്‍ ചായം തേച്ച കണ്ണാടിയില്‍ കൂടി നോക്കുമ്പോള്‍ തേച്ച ചായത്തിന്റെ വര്‍ണമാണ് കാണുന്നത്. വ്യക്തി അഹം വന്ന ബുദ്ധിയും മനസ്സും ചായം തേച്ച കണ്ണാടിപോലെയാണ്. പ്രകൃതിയുടെ ചലനങ്ങള്‍ അതില്‍ പ്രതിഫലിക്കുമ്പോള്‍ നമ്മുടെ മനസ്സിന്റെ വൈകല്യങ്ങളാണ് അതില്‍ ദൃശ്യമാകുക. നമ്മുടെ മനസ്സില്‍ പ്രതിബിംബിക്കുന്ന അസൂയയും പകയും വിദ്വേഷവും അന്ധമായ കാമാസക്തിയും മറ്റും പ്രകൃതിയുടെ ചലനങ്ങളെ മലിനമാക്കി നമ്മുടെ മനസ്സില്‍ പ്രതിഫലിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വൈരുദ്ധ്യങ്ങളാണ്. അതിനെ തമോപ്രകൃതിയുടെ ചലനങ്ങളെന്ന് നമുക്ക് വിളിക്കാം.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: