എല്ലാം നേരിടാന്‍ തയാറെന്ന് അണ്ണാ ഹസാരെ

Wednesday 10 August 2011 1:16 pm IST

മുംബൈ: കേന്ദ്ര സര്‍ക്കാരിനെതിരെ ദല്‍ഹിയില്‍ നടത്താനിരിക്കുന്ന സമരത്തിന് സ്ഥലം അനുവദിക്കാതെ ജനമുന്നേറ്റം തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അണ്ണാ ഹസാരെ പറഞ്ഞു. മുംബൈയില്‍ ലോക് പാല്‍ സമരത്തെ പിന്തുണയ്ക്കുന്ന ബൈക്ക് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂവതീയുവാക്കളടക്കം ആയിരകണക്കിന് ആള്‍ക്കാരാണ് അണ്ണാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുംബൈ നഗരത്തില്‍ ഒത്തു കൂടിയത്. ദാദറില്‍ നിന്നു തുടങ്ങിയ റാലി ആസാദ് മൈതാനിയില്‍ അവസാനിച്ചു. അഞ്ഞൂറിലേറെ ബൈക്കുകളും കാറുകളും അണിനിരന്ന റാലിയില്‍ കോളേജ് വിദ്യാര്‍ത്ഥികളടക്കം ആയിരത്തി അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തു. ജന ലോക് പാല്‍ ബില്ല് അട്ടിമറിച്ച് സ്വാര്‍ത്ഥ താത്പര്യങ്ങള്‍ അടങ്ങിയ സ്വന്തം ലോക് പാല്‍ ബില്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഹസാരെ കുറ്റപ്പെടുത്തി. സമരത്തിനിടെ വെടിയുണ്ട പോലും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യപ്രാപ്തിക്കായി എന്തും നേരിടാന്‍ തയാറാണെന്നും ഹസാരെ വ്യക്തമാക്കി. രാജ്യത്തിന് ദോഷം ചെയ്യുന്നതാണ് ഇപ്പോഴത്തെ ലോക് പാല്‍ ബില്‍. അഴിമതിക്കാരെ സംരക്ഷിക്കുന്ന ഇപ്പോഴത്തെ ലോക് പാല്‍ ബില്ലിനെ അടിമുടി എതിര്‍ക്കുമെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.