ഗ്രൂപ്പ് പോര്: ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമായി

Monday 29 July 2013 1:57 pm IST

അങ്കമാലി: ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് അങ്കമാലി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ്സിന് നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഐ ഗ്രൂപ്പിന്റെ പിന്തുണയോടെ പാസാവുകയായിരുന്നു. ഇതോടെ എ വിഭാഗക്കാരനായ സി കെ വര്‍ഗീസിന് ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടു. എ, ഐ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് ചെയര്‍മാനായ വര്‍ഗീസിനെതിരെ ഇടതുപക്ഷം ഐ ഗ്രൂപ്പിന്റെ പിന്തുണയോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 12 എല്‍ഡിഎഫുകാരും ഐ ഗ്രൂപ്പുകാരായ ഏഴു കൗണ്‍സിലര്‍മാരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച്‌ വോട്ടുചെയ്തു. ഒരു ഐ ഗ്രൂപ്പുകാരന്റെ വോട്ട്‌ അസാധുവായി. ആകെ 30 സീറ്റാണുള്ളത്‌. ചെയര്‍മാനും വൈസ് ചെയര്‍മാനുമടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു. നേരത്തേയുണ്ടാക്കിയ ധാരണയനുസരിച്ച്‌ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ എ ഗ്രൂപ്പുകാരനായ സി.കെ. വര്‍ഗീസ്‌ തയാറാകുന്നില്ല എന്നാരോപിച്ചാണ്‌ ഐ ഗ്രൂപ്പുകാര്‍ അവിശ്വാസപ്രമേയത്തെ പിന്തുണച്ചു വോട്ടുചെയ്തത്‌. ചൊവ്വാഴ്ച വൈസ്‌ ചെയര്‍മാനെതിരായ അവിശ്വാസപ്രമേയവും കൗണ്‍സിലില്‍ വരുന്നുണ്ട്‌. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.