രണ്ടു തട്ടില്‍

Monday 29 July 2013 10:19 pm IST

ന്യൂദല്‍ഹി: തമ്മില്‍ കാണാന്‍ പോലും തയ്യാറാകാത്ത വിധം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും അകന്നതോടെ ഹൈക്കമാന്റ്‌ നടത്തിയ മന്ത്രിസഭാ പുന:സംഘടനാ ചര്‍ച്ചകള്‍ വഴിമുട്ടി. ഇരുവരേയും ഒരുമിച്ചിരുത്തി പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഹൈക്കമാന്റ്‌ നടത്തിയെങ്കിലും മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടു പിന്‍വലിക്കാനോ തമ്മില്‍ കാണാനോ കെപിസിസി പ്രസിഡന്റ്‌ തയ്യാറായില്ല.
എഐസിസി പ്രതിനിധികളായ ഓസ്കാര്‍ ഫെര്‍ണ്ണാണ്ടസ്‌,മുകുള്‍ വാസ്നിക്‌ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ നിലപാടില്‍ മാറ്റമില്ലെന്ന്‌ ചെന്നിത്തല വക്തമാക്കുകയായിരുന്നു. ആഭ്യന്തരവകുപ്പ്‌ നല്‍കി രമേശ്‌ ചെന്നിത്തല സംസ്ഥാന മന്ത്രിസഭയില്‍ പ്രവേശിക്കണമെന്നതായിരുന്നു ഹൈക്കമാന്റ്‌ തീരുമാനം. എന്നാല്‍ രമേശ്‌ ചെന്നിത്തല ഇത്‌ അംഗീകരിക്കാതായതോടെ ദല്‍ഹി യാത്ര പാഴായ മുഖ്യമന്ത്രി ഇന്ന്‌ രാവിലെ തിരുവനന്തപുരത്തേക്ക്‌ തിരിച്ചുപോകുകയാണെന്ന്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ഹൈക്കമാന്റ്‌ ആവശ്യപ്പെടുകയാണെങ്കില്‍ വീണ്ടും ദല്‍ഹിയിലേക്ക്‌ എത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസ്‌ ഹൈക്കമാന്റിനെ ഉപയോഗിച്ച്‌ രമേശ്‌ ചെന്നിത്തലയെ വരുതിയിലാക്കാമെന്ന ഉമ്മന്‍ചാണ്ടിയുടേയും എ ഗ്രൂപ്പിന്റേയും ശ്രമങ്ങള്‍ക്ക്‌ ശക്തമായ തിരിച്ചടിയാണ്‌ ഇന്നലെ ഉണ്ടായിരിക്കുന്നത്‌. മന്ത്രിസഭയിലേക്കില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാട്‌ പിന്‍വലിപ്പിക്കാന്‍ രണ്ടു ദിവസമായി ഹൈക്കമാന്റ്‌ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്ക്‌ കഴിയാതെ വരുമെന്ന്‌ മുഖ്യമന്ത്രി പ്രതീക്ഷിച്ചിരുന്നില്ല. ശനിയാഴ്ച കേരളത്തില്‍നിന്നും പുറപ്പെടുമ്പോള്‍ ഉണ്ടായിരുന്ന ആത്മവിശ്വാസം ദല്‍ഹിയില്‍ നിന്നും മടങ്ങുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കില്ല. കേരളത്തിലെ പ്രശ്നങ്ങള്‍ മന്ത്രിസഭാ പുനസംഘടനയില്‍ അവസാനിക്കില്ലെന്ന ഐ ഗ്രൂപ്പ്‌ നിലപാട്‌ ഹൈക്കമാന്റിന്‌ ബോധ്യപ്പെട്ടതും ഉമ്മന്‍ചാണ്ടിക്ക്‌ ക്ഷീണമായി.
തിങ്കളാഴ്ച പകല്‍ മുഴുവന്‍ ഹൈക്കമാന്റ്‌ ഇടപെടലുകള്‍ പ്രതീക്ഷിച്ച്‌ കേരളാ ഹൗസില്‍ ഇരുന്ന ഉമ്മന്‍ചാണ്ടിക്ക്‌ വൈകിട്ട്‌ 6 മണിയോടെ മാത്രമാണ്‌ അഹമ്മദ്‌ പട്ടേലിനെ കാണാനായത്‌. എന്നാല്‍ കൂടിക്കാഴ്ചയില്‍ കെപിസിസി പ്രസിഡന്റിന്റെ നിലപാട്‌ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്‌ ഉമ്മന്‍ചാണ്ടിയേയും അഹമ്മദ്പട്ടേലിനേയും അറിയിച്ചു. അവസാന ശ്രമമെന്ന നിലയില്‍ മുകുള്‍ വാസ്നിക്കിനോട്‌ ചെന്നിത്തലയുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ആവശ്യപ്പെട്ട്‌ അഹമ്മദ്‌ പട്ടേല്‍ മടങ്ങി. തുടര്‍ന്ന്‌ രാത്രി 7 മണിക്കു നടന്ന ചര്‍ച്ചയിലും മന്ത്രിസഭയിലേക്കില്ലെന്ന നിലപാട്‌ രമേശ്‌ ആവര്‍ത്തിച്ചു.
നിലവിലെ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ ചേര്‍ന്നാല്‍ സോളാര്‍ കേസന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പഴികേള്‍ക്കേണ്ടി വരുമെന്ന ആശങ്കയിലാണ്‌ ഹൈക്കമാന്റ്‌ തീരുമാനത്തോട്‌ ചെന്നിത്തല പുറംതിരിഞ്ഞു നില്‍ക്കുന്നത്‌. സോളാര്‍ പ്രശ്നം അവസാനിച്ച ശേഷം മന്ത്രിസഭാ പ്രവേശനം ആകാമെന്നും ചെന്നിത്തല പറയുന്നു. എന്നാല്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി നേരിട്ട്‌ ആവശ്യപ്പെട്ടാല്‍ മന്ത്രിസഭയില്‍ ചേരാന്‍ രമേശ്‌ ചെന്നിത്തല തയ്യാറാകേണ്ടി വരും. തെലുങ്കാന പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ നിര്‍ണ്ണായക ചര്‍ച്ചകളുമായി സോണിയാഗാന്ധി തിരക്കായതിനാല്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷയെ കാണാന്‍ സാധിച്ചില്ല.
എംപിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തേക്ക്‌ രാവിലെ മടങ്ങുന്ന ഉമ്മന്‍ചാണ്ടി ഇന്ന്‌ രാത്രിയോടെ ദല്‍ഹിയിലേക്ക്‌ തിരിച്ചെത്തിയേക്കാം. ദല്‍ഹിയില്‍ തങ്ങുന്ന ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും സോണിയാഗാന്ധി നാളെ വിളിച്ചുവരുത്തി അന്തിമ തീരുമാനമുണ്ടാക്കാനും സാധ്യതയുണ്ട്‌.
എസ്‌.സന്ദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.