നഗരസഭ ചെയര്‍മാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി

Monday 29 July 2013 10:16 pm IST

അങ്കമാലി: ചരിത്രം ആവര്‍ത്തിച്ചു. അങ്കമാലി നഗരസഭയില്‍ അവിശ്വാസപ്രമേയം പാസായി. ചെയര്‍മാന്‍ സി. കെ വര്‍ഗ്ഗീസിനെതിരെ 12 പ്രതിപക്ഷ അംഗങ്ങള്‍ ഒപ്പിട്ട്‌ നല്‍കിയ അവിശ്വാസപ്രമേയമാണ്‌ കോണ്‍ഗ്രസ്സിലെ വിമതപക്ഷമായ ഐ ഗ്രൂപ്പിലെ 8 അംഗങ്ങളുടെ സഹായത്തോടെ പാസായത്‌. 30 അംഗ കൗണ്‍സിലിലെ എ വിഭാഗത്തില്‍പ്പെട്ട ചെയര്‍മാനും വൈസ്‌ ചെയര്‍പേഴ്സണും ഉള്‍പെടെ 10 അംഗങ്ങള്‍ അവിശ്വാസപ്രമേയചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു. പങ്കെടുത്ത 20 പേരില്‍ ഒന്നിനെതിരെ 19 വോട്ടിനാണ്‌ അവിശ്വാസം പാസായത്‌.
ഐ ഗ്രൂപ്പിനെ നയിക്കുന്ന ലില്ലി രാജൂ മാത്രമാണ്‌ ചെയര്‍മാനനുകൂലമായി വോട്ട്‌ ചെയ്തത്‌. പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിന്റെ തീരുമാനപ്രകാരമാണ്‌ ഇവര്‍വിട്ടുനിന്നത്‌. ഇന്ന്‌ രാവിലെ 10.30ന്‌ വൈസ്‌ ചെയര്‍പേഴ്സണ്‍ മേരി വര്‍ഗീസിനെതിരെയുമുള്ള അവിശ്വാസം ചര്‍ച്ചയ്ക്ക്‌ എടുക്കും. ഭരണകക്ഷിയിലെ ചേരിപോര്‌ മുതലെടുത്ത്‌ വിമത വിഭാഗത്തിന്റെ പിന്‍ന്തുണ്ണ ഉറപ്പിച്ചതിനുശേഷമാണ്‌ പ്രതിപക്ഷം അവിശ്വാസം നല്‍കിയത്‌. അവിശ്വാസപ്രമേയചര്‍ച്ചയില്‍ എടുക്കേണ്ട നിലപാടിനെ കുറിച്ച്‌ ആലോചിക്കുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ്‌ പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍നിന്നും വിമതപക്ഷത്തുനിന്നുള്ള 8 പേര്‍ വിട്ടുനിന്നിരുന്നു. യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഇവര്‍ വിപ്പ്‌ കൈപ്പറ്റാതിരിക്കുവാന്‍ വേളാങ്കണ്ണിയില്‍ പ്രാര്‍ത്ഥനയ്ക്ക്‌ പോയിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ്‌ ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്‌.
ഇവരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ പാര്‍ലമെന്റി പാര്‍ട്ടി യോഗതീരുമാനങ്ങള്‍ അറിയിക്കുവാന്‍ ഫോണ്‍ വിളിച്ചിട്ട്‌ എടുക്കുവാന്‍ പോലും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗ തീരുമാനം സംബന്ധിച്ചുള്ള ഡിസിസി പ്രസിഡന്റിന്റെ വിപ്പ്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ക്ക്‌ നേരിട്ടും പോസ്റ്റുവഴി വിതരണം ചെയ്തെങ്കിലും ഇത്‌ കൈപ്പറ്റാന്‍ ഇവര്‍ തയ്യാറായില്ല. പാര്‍ലിമെന്ററി യോഗത്തില്‍ പങ്കെടുക്കുവാനോ, നേരിട്ട്‌ വിപ്പ്‌ വാങ്ങുവാനോ വിമത കൗണ്‍സിലര്‍മാര്‍ തയ്യാറാകാത്തതുമൂലമാണ്‌ പോസ്റ്റുവഴി വിപ്പ്‌ അയയ്ക്കുവാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി തീരുമാനിച്ചത്‌. വിമത പക്ഷത്തിന്റെ താല്‍പര്യപ്രകാരം രാജിവയ്ക്കുവാന്‍ തയ്യാറാകാത്ത ചെയര്‍മാന്‍ സി. കെ. വര്‍ഗീസിനെയും വൈസ്‌ ചെയര്‍പേഴ്സണ്‍ മേരി വര്‍ഗീസിനെയും സ്ഥാനങ്ങളില്‍നിന്ന്‌ പുറത്താക്കിയതിനുശേഷം കോണ്‍ഗ്രസിലെ അംഗങ്ങളെ തന്നെ ചെയര്‍മാന്‍, വൈസ്‌ ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളിലേക്ക്‌ കൊണ്ടുവരുന്നതിന്‌ വിമതപക്ഷം തയ്യാറാണെന്ന്‌ വിമത കൗണ്‍സലിര്‍മാര്‍ പറഞ്ഞു. അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുന്ന ദിവസങ്ങളില്‍ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത്‌ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പോലീസ്‌ സംരക്ഷണം നല്‍കണമെന്ന്‌ ഹൈക്കോടതി ഉത്തരവ്‌ നല്‍കിയതുമൂലം വിമത കൗണ്‍സിലര്‍മാരെ പോലീസ്‌ വാനിലാണ്‌ കൊണ്ടുവന്നതും തിരിച്ച്‌ കൊണ്ടുപോയതും. വിമത വിഭാഗത്തെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ചര്‍ച്ചയ്ക്ക്‌ വരുന്ന കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ്‌ പോലീസ്‌ സംരക്ഷണത്തിന്‌ ഹൈക്കോടതി അനുമതി നല്‍കിയത്‌.
ഇപ്പോഴത്തെ ഭരണസമിതിയുടെ തുടക്കം മുതല്‍ ഭരണകക്ഷിയില്‍ ഭിന്നത ഉണ്ടായിരുന്നു. ഈ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ബഡ്ജറ്റ്‌ അവതരണം മുനിസിപ്പല്‍ സെക്രട്ടറിയാണ്‌ അവതരിപ്പിച്ചത്‌. ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണസമിതി നോക്കിനില്‍ക്കെ സെക്രട്ടറി അവതരിപ്പിച്ച ബഡ്ജറ്റ്‌ സമ്മേളനത്തില്‍ കോണ്‍ഗ്രസിലെ വിമത 8 അംഗങ്ങള്‍ പ്രതിപക്ഷത്തെ 12 അംഗങ്ങളോടൊപ്പം ചെയര്‍മാനെതിരെ നിന്നത്‌ ഏറെ വിവാദമാക്കിയിരുന്നു. ഐ ഗ്രൂപ്പില്‍പ്പെട്ട ലില്ലി രാജൂ, കെ. എ. പൗലോസ്‌, റോസിലി തോമസ്‌, ലിസി ബേബി, മീര അവറാച്ചന്‍, ജയ ജിബി, റോസിലി തോമസ്‌, എല്‍സി വര്‍ഗ്ഗീസ്‌ തുടങ്ങിയവരാണ്‌ പാര്‍ട്ടി വിപ്പ്‌ ലംഘിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌. അവിശ്വാസപ്രമേയ ചര്‍ച്ചക്കുശേഷം നഗര സഭ ഓഫീസിനു മുമ്പില്‍ എല്‍ഡിഎഫ്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തിയത്‌ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അങ്കമാലി പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ബാബുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം നഗരസഭ ഓഫീസ്‌ പരിസരത്ത്‌ ഉണ്ടായതുമൂലം സംഘര്‍ഷാവസ്ഥ രൂക്ഷമായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.