ഇവര്‍ പിള്ളതീനികള്‍

Tuesday 30 July 2013 8:08 pm IST

ഞാന്‍ സാധാരണ നേരിടുന്ന ഒരു ചോദ്യമുണ്ട്‌. "വീട്ടില്‍ ആരൊക്കെയുണ്ട്‌?" "ആരുമില്ല." "അപ്പോള്‍ കുട്ടികളോ?" "കുട്ടികളില്ല." "അയ്യോ കഷ്ടം." എന്തിനാണാവോ ഈ സഹാനുഭൂതി! എന്റെ അമ്മ ആ ചോദ്യം കേള്‍ക്കുമ്പോള്‍ എന്നോട്‌ പറയുമായിരുന്നു. "കുട്ടികള്‍ ഇല്ലെങ്കില്‍ ഒരു ദുഃഖമേയുള്ളൂ. കുട്ടികളുണ്ടെങ്കില്‍ പല ദുഃഖങ്ങളാണ്‌."
കുട്ടികളുടെ പീഡന പരമ്പര അനുദിനം അനാവരണം ചെയ്യപ്പെടുമ്പോള്‍ എനിക്ക്‌ തോന്നുന്ന പ്രസക്തമായ ചോദ്യം കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്‌ സ്നേഹിച്ച്‌ ലാളിക്കപ്പെടാനോ അതോ സാഡിസ്റ്റുകളായ അച്ഛനമ്മമാര്‍ക്ക്‌ പീഡിപ്പിച്ച്‌ രസിക്കാനോ എന്നതാണ്‌. എല്ലാ ദിവസവും ആകാംക്ഷയോടെ പത്രത്താളുകളില്‍ ക്രൂരപീഡനത്തിനിരയായ ഷെഫീക്കിന്റെ ആരോഗ്യവാര്‍ത്തക്കുവേണ്ടി ചങ്കിടിപ്പോടെ പരതുമ്പോഴും ഞാന്‍ ചോദിക്കുന്നത്‌ ഈ ദുഷ്ടജീവികള്‍ എന്തിന്‌ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുന്നു എന്നാണ്‌.
ഷെഫീക്കിനെ പീഡിപ്പിച്ചത്‌ രണ്ടാനമ്മയും അവരുടെ വാലാട്ടിപ്പട്ടിയായ ഭര്‍ത്താവുംകൂടിയായിരുന്നു. പക്ഷെ ഇത്‌ ഒറ്റപ്പെട്ട കേസല്ല എന്ന്‌ തെളിയിക്കുന്നതാണ്‌ ഒരച്ഛന്‍ മദ്യപിച്ച്‌ വന്ന്‌ സ്വന്തം മകന്റെ മേല്‍ സിഗരറ്റ്‌ വച്ച്‌ പൊള്ളിക്കുന്നു എന്ന വാര്‍ത്ത. സ്വന്തം ലൈംഗിക സുഖത്തിന്‌ വേണ്ടി കാമുകനെ കല്യാണം കഴിക്കാന്‍ ഒരമ്മ നിര്‍ബന്ധിക്കുന്നു എന്നതാണ്‌ മറ്റൊരു വാര്‍ത്ത. ആറും നാലും വയസുള്ള സ്വന്തം മകളെ നിര്‍ബന്ധിച്ച്‌ അച്ഛന്‍ മദ്യം കഴിപ്പിച്ചു എന്നും മക്കളെ സിഗററ്റുകൊണ്ട്‌ പൊള്ളിച്ചു എന്നും വാര്‍ത്തകളുണ്ട്‌.
എന്നെ അമ്മ തല്ലുമ്പോള്‍ എന്തിനാണ്‌ തല്ലിയത്‌ എന്ന്‌ വിശദീകരിച്ചിരുന്നു. ചെയ്ത തെറ്റ്‌ ആവര്‍ത്തിക്കരുതെന്നും കുട്ടികളുടെ തുടയില്‍ ചൂരലോ ഈര്‍ക്കിലിയോ വച്ച്‌ മാത്രമേ തല്ലാവൂ എന്നും അമ്മക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. പെറ്റമ്മ തല്ലിയാല്‍ മക്കള്‍ക്ക്‌ ഒന്നും പറ്റില്ല എന്നും അമ്മ പറഞ്ഞിരുന്നു.
അത്‌ ജാംബവാന്റെ കാലം! ഇന്ന്‌ വീട്ടിലും സ്കൂളിലും ശാരീരിക പീഡനം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്‌. കുട്ടികള്‍ക്ക്‌ വളരെയധികം അവകാശങ്ങള്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്നു. വിദ്യാഭ്യാസത്തിനുള്ള അവകാശം തന്നാല്‍ കുട്ടികളുടെ അവകാശം സംരക്ഷിക്കപ്പെടുമോ? ഇന്ത്യയില്‍ 6 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളില്‍ 50 ശതമാനം സ്കൂളിലേക്ക്‌ പോകുന്നില്ലത്രേ. ഒന്നുമുതല്‍ അഞ്ചാം ക്ലാസ്‌ വരെ വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ പോകുന്നവരില്‍ 50 ശതമാന ആണ്‍കുട്ടികളും 58 ശതമാനം പെണ്‍കുട്ടികളുമുണ്ട്‌. കുട്ടികള്‍ക്ക്‌ അഭിപ്രായം പറയാനാവില്ല. അടിസ്ഥാന അവകാശങ്ങളോ സാമൂഹ്യസ്ഥാനമോ അവര്‍ക്ക്‌ ലഭ്യമല്ല. പോഷകാഹാരത്തിനവകാശം ഭരണഘടനയിലുണ്ടെങ്കിലും 50 ശതമാനം കുട്ടികളിലും പോഷകാഹാരക്കുറവുണ്ട്‌. അട്ടപ്പാടി തന്നെ ഇതിന്‌ തെളിവാണല്ലോ. ആരോഗ്യാവകാശമുണ്ടെങ്കിലും രണ്ട്‌ വയസിന്‌ താഴെയുള്ള 58 ശതമാനം കുട്ടികളും പ്രതിരോധകുത്തിവെപ്പിന്‌ വിധേയരാകുന്നില്ല. അഞ്ച്‌ വയസ്‌ പൂര്‍ത്തിയാകുന്നതിന്‌ മുമ്പ്‌ ആയിരം കുട്ടികളില്‍ 95 പേര്‍ മരണപ്പെടുന്നു. ഒരു വയസു വരെ ജീവിക്കാത്തവര്‍ ആയിരത്തില്‍ എഴുപതും.
പീഡനത്തില്‍നിന്നുള്ള സംരക്ഷണത്തിന്‌ അവകാശമുണ്ടെങ്കിലും രണ്ട്‌ കോടി കുട്ടികള്‍ സുരക്ഷിതരല്ല. അഞ്ചിനും 15 നുമിടക്ക്‌ വേശ്യാവൃത്തിക്ക്‌ പോകുന്നത്‌ 40 ശതമാനം പേരാണ്‌. അഞ്ചുലക്ഷം കുട്ടികളെങ്കിലും വേശ്യാവൃത്തിക്ക്‌ നിര്‍ബന്ധിതരാകാറുണ്ട്‌. കൊച്ചുകുട്ടികളെ ബാലവേലക്ക്‌ വില്‍ക്കുന്ന മാതാപിതാക്കളും ധാരാളമുണ്ട്‌. സുരക്ഷിതത്വത്തിനും പൂര്‍ണവികാസത്തിനും അവകാശമുള്ള കുട്ടികളുടെ അവസ്ഥ ഇതാണ്‌.
പെണ്‍കുട്ടികള്‍ ഗര്‍ഭപാത്രത്തില്‍ തന്നെ കൊല്ലപ്പെടുന്നു. പട്ടിണി, പണം, ലൈംഗികത, അമിതപ്രതീക്ഷ ഇങ്ങനെ എത്രയോ കാരണങ്ങളാല്‍ പെണ്‍കുട്ടികള്‍ ക്രൂശിക്കപ്പെടുന്നു. പക്ഷെ മൂന്ന്‌ കോടി പെണ്‍കുട്ടികള്‍ 15 വയസിന്‌ മുമ്പേ മരിക്കുന്നു. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ശുദ്ധജലം, പരിശുദ്ധമായ സാഹചര്യങ്ങള്‍ എല്ലാം അവകാശങ്ങളില്‍പ്പെടുന്നു. പക്ഷെ 'യൂണിസെഫ്‌' റിപ്പോര്‍ട്ട്‌ പറയുന്നത്‌ ജീവിക്കാനുള്ള അവകാശം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ശുദ്ധജലം ഒന്നും കിട്ടാതെ 63 ശതമാനം കുട്ടികളുണ്ടെന്നും 53 ശതമാനം സ്ഥിരമായ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്നവരുമാണെന്നാണ്‌. രക്ഷിതാക്കള്‍ക്ക്‌ അവകാശങ്ങള്‍ക്ക്‌ പുറമെ കടമകളുമുണ്ട്‌ എന്ന്‌ അവര്‍ മറക്കുന്ന കലികാലമാണിത്‌.
ഒരു ജന്തു വേദനയില്‍ പിടയുന്നത്‌ കണ്ടാല്‍ പോലും സഹൃദയരുടെ മനസ്‌ പിടയും. പക്ഷെ ഇവിടെ കുട്ടികള്‍ ഇന്ന്‌ രക്ഷിതാക്കള്‍ക്ക്‌ പീഡനം നടത്താനുള്ള കളിപ്പാട്ടങ്ങള്‍ മാത്രമാണ്‌. സ്വന്തം രക്തത്തില്‍ പിറന്ന കുട്ടിയെ പീഡിപ്പിക്കാന്‍ അതിന്റെ മാതാവല്ലാത്ത തന്റെ രണ്ടാം ഭാര്യയെ ഒരച്ഛന്‌ എങ്ങനെ അനുവദിക്കാനാവുന്നു എന്ന്‌ ആലോചിക്കുകപോലും വയ്യ. ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള പീഡനങ്ങളേല്‍പ്പിക്കാന്‍ കത്തിയും മറ്റും അവര്‍ക്ക്‌ ഉപകരണങ്ങളാവുന്നു. കാല്‍മുട്ട്‌ തല്ലിയൊടിച്ച ശേഷം തറയില്‍ മലമൂത്ര വിസര്‍ജനം ചെയ്തതിന്‌ നെഞ്ചില്‍ ചവിട്ടുന്നു. ക്രൂരതയുടെ പര്യായങ്ങളായ ഇവരെ പ്രദര്‍ശനവസ്തുക്കളാക്കേണ്ടതാണ്‌.
ഉറുമ്പ്‌ കടിച്ചാല്‍ പോലും തട്ടിമാറ്റുകയല്ലാതെ കൊല്ലാതെ വിടുന്ന എന്നെപ്പോലെ ഒരുപാട്‌ പേരുണ്ട്‌. പക്ഷെ മറ്റുള്ളവരുടെ, പ്രത്യേകിച്ച്‌ കുട്ടികളുടെ വേദനയില്‍ ആനന്ദിക്കുന്നവരാണ്‌ ഇന്ന്‌ ഭൂരിപക്ഷവുമെന്ന്‌ തോന്നുന്നത്‌ ഇത്തരം പീഡന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ്‌. മദ്യപിച്ചെത്തി സ്വന്തം പെണ്‍മക്കളെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന, ഉപയോഗിക്കുന്ന മാതാപിതാക്കള്‍ കൂടിവരുന്നതായാണ്‌ സ്കൂള്‍ അധികൃതര്‍ പറയുന്നത്‌. കേരളത്തില്‍ മദ്യപരുടെ എണ്ണം കൂടിവരികയാണല്ലോ. മകളുടെ വായില്‍ നിര്‍ബന്ധിച്ച്‌ മദ്യമൊഴിച്ച്‌ കുടിപ്പിക്കാന്‍ ഒരച്ഛന്‍ ശ്രമിച്ചു എന്ന വാര്‍ത്ത വായിക്കുമ്പോള്‍ അധാര്‍മ്മിക പാതയിലൂടെ കേരളം എത്രദൂരം സഞ്ചരിച്ചു എന്നോര്‍ത്ത്‌ നാം വിസ്മയഭരിതരാകും.
ക്രൂരത ഇന്ന്‌ വിശപ്പോ ഉറക്കമോ പോലെ ഒഴിച്ചുകൂടാത്ത ഒരു സ്വഭാവമായി മനുഷ്യരില്‍ ശക്തി പ്രാപിക്കുന്നു. പണ്ട്‌ സ്ത്രീകളായിരുന്നു ഇരകള്‍. ഇന്നും അവര്‍ ഇരകള്‍തന്നെയാണ്‌. പക്ഷെ അതോടൊപ്പം കുട്ടികളും ഇന്ന്‌ ക്രൂരവിനോദത്തിന്റെ ഇരകളാകുമ്പോള്‍ അമ്മമാര്‍ എന്തേ നിശ്ശബ്ദരാകുന്നത്‌? എന്തുകൊണ്ട്‌ ഇതിനെതിരെ ശൈശവാവകാശ കമ്മീഷനിലോ ജുവനെയില്‍ ജസ്റ്റിസ്‌ ബോര്‍ഡിലോ പരാതിപ്പെടാന്‍ ധൈര്യപ്പെടുന്നില്ല? ഭര്‍തൃസുഖമാണ്‌ തന്റെ കുഞ്ഞിന്റെ സുരക്ഷയെക്കാള്‍ പ്രധാനം എന്ന്‌ കരുതുന്നവര്‍ കുഞ്ഞിനെ ശിശുഭവനുകളിലോ അനാഥമന്ദിരങ്ങളിലോ ഏല്‍പ്പിക്കുകയാണ്‌ വീട്ടില്‍ പീഡനവസ്തുവാക്കുന്നതിനേക്കാള്‍ ഭേദം.
പണ്ട്‌ പരീക്ഷാപീഡന വാര്‍ത്തകളായിരുന്നു പുറത്തുവന്നിരുന്നത്‌. പരീക്ഷയില്‍ തോല്‍ക്കുമെന്ന്‌ ഭയന്ന്‌ കുട്ടികള്‍ ആത്മഹത്യവരെ ചെയ്തിരുന്നു. പക്ഷെ ഇന്ന്‌ വീടുകളില്‍ പീഡനമനുഭവിക്കുന്നത്‌ ഷെഫീക്കിനെപ്പോലെ അഞ്ചു വയസും മറ്റും പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളാണ്‌. വീടുകളില്‍നിന്നും ഓടിരക്ഷപ്പെടാനും കുട്ടികള്‍ക്കാകാത്തത്‌ വീടിന്‌ പുറത്ത്‌ അവരെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യാന്‍ തയ്യാറെടുത്ത്‌ നില്‍ക്കുന്ന ഒരു രാക്ഷസസമൂഹം ഉണ്ടെന്നതിനാലാണ്‌. ഇന്ന്‌ ലൈംഗിക കമ്പോളത്തില്‍ ഏറ്റവും വില കുട്ടികള്‍ക്കാണ്‌. 10 നും 15 നും ഇടയില്‍ പ്രായമുള്ള 33 മില്യണ്‍ കുട്ടികള്‍ ലൈംഗികമാര്‍ക്കറ്റിലുണ്ട്‌. ആണ്‍കുട്ടികള്‍ക്കും ലൈംഗികകമ്പോളത്തില്‍ നല്ല വിലയാണ്‌. അതുകൊണ്ടുതന്നെ ആണ്‍-പെണ്‍ ഭേദമില്ലാതെ സ്കൂളുകളിലും അവര്‍ അധിവസിക്കുന്ന മറ്റിടങ്ങളിലും കുട്ടികള്‍ ചൂഷണവിധേയരാകുന്നു.
കുട്ടികളുടെ സുരക്ഷ കടലാസിലോ വീടുകളിലോ അല്ല സമൂഹത്തിലാണ്‌ നിക്ഷിപ്തമാകേണ്ടത്‌. മുട്ടുകാല്‍ തല്ലിയൊടിച്ചപ്പോഴും നെഞ്ചില്‍ ചവിട്ടിയപ്പോഴും പാവം ഷെഫീക്ക്‌ ഉറക്കെ കരഞ്ഞുകാണില്ലേ? അത്‌ കേള്‍ക്കാന്‍ ഒരു അയല്‍ക്കാരനും ഉണ്ടായിരുന്നില്ലേ? പട്ടിയോടൊപ്പം പൂട്ടിയിട്ടിരുന്ന കുട്ടിയുടെ കഥ അയല്‍വാസികളാണല്ലോ പുറംലോകത്തെ അറിയിച്ചത്‌!
ഇന്ത്യക്കാര്‍ക്ക്‌, പ്രത്യേകിച്ച്‌ വികസനത്തിലും വിദ്യാഭ്യാസത്തിലും ലോകോത്തരമെന്നും വിശേഷിപ്പിക്കുന്ന മലയാളികള്‍ക്ക്‌ മനുഷ്യത്വം എന്ന ഘടകം മാത്രമില്ല എന്ന തോന്നല്‍ ഉളവാകുന്നത്‌ സ്വന്തം അയല്‍പക്കത്ത്‌ അരങ്ങേറുന്ന ക്രൂരതകളെപ്പറ്റി ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ അവര്‍ കാണിക്കുന്ന വൈമുഖ്യമാണ്‌. ആരെയാണവര്‍ ഭയപ്പെടുന്നത്‌? പീഡനം നടത്തുന്ന നികൃഷ്ടരെയോ?
കേരള സമൂഹം സാംസ്കാരികമായി അധഃപതിക്കുമ്പോള്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്‌. പോലീസില്‍ അറിയിച്ചാല്‍ തെളിവിന്‌ സ്റ്റേഷന്‍ കയറിയിറങ്ങേണ്ടിവരുമെന്ന അസൗകര്യം ഒഴിവാക്കാന്‍ മലയാളികള്‍ ആഗ്രഹിക്കുന്നു. ഇതിനാല്‍ ക്രൂരത വര്‍ധിക്കുകയും നിസ്സഹായരും നിരാലംബരുമായ കൂടുതല്‍ കുട്ടികള്‍ പീഡനോപാധികളായി മാറുകയും ചെയ്യും. അവര്‍ രാജ്യത്തെ ഭാവിപൗരന്മാരാണ്‌! ഇവര്‍ വലുതായാല്‍ എന്തുതരം പൗരന്മാരായിട്ടാണ്‌ പ്രത്യക്ഷപ്പെടുക? പീഡിതര്‍ പീഡകരായി വളരുമ്പോള്‍ ഒരു പീഡക-പീഡിത സമൂഹമായി ദൈവത്തിന്റെ സ്വന്തം നാട്‌ മാറും.
ലീലാ മേനോന്‍ e-mail: leelamenon2001@yahoo.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.