ട്രോളിംഗ്‌ നിരോധനം അവസാനിച്ചു

Tuesday 30 July 2013 9:16 pm IST

തിരുവനന്തപുരം: ഒന്നരമാസത്തെ മണ്‍സൂണ്‍കാല ട്രോളിംഗ്‌ നിരോധനം അവസാനിക്കുന്നു. ഇന്ന്‌ അര്‍ധരാത്രിക്കുശേഷം മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക്‌ പോകും. ഇതിനു മുന്നോടിയായി മത്സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച്‌ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. അറ്റകുറ്റപ്പണികളും പെയിന്റിംഗ്‌ ജോലികളും പൂര്‍ത്തീകരിച്ച ബോട്ടുകള്‍ ഹാര്‍ബറുകളില്‍ എത്തിതുടങ്ങി. പുതിയ വലകള്‍ സെറ്റ്‌ ചെയ്യുന്ന പണികളും പഴയവലകളുടെ അറ്റകുറ്റപ്പണികളും നടത്തി മത്സ്യബന്ധനത്തിന്‌ തയാറായിരിക്കുകയാണ്‌ തൊഴിലാളികള്‍.
ദിവസങ്ങള്‍ നീളുന്ന മത്സ്യബന്ധനത്തിനായി പോകുന്ന വലിയബോട്ടുകള്‍ എല്ലാം തന്നെ ഐസും വെള്ളവും ഭക്ഷണ സാധനങ്ങളും സ്റ്റോക്ക്‌ ചെയ്തു കഴിഞ്ഞു. 350 ബ്ലോക്ക്‌ ഐസാണ്‌ വലിയ ബോട്ടുകളില്‍ സാധാരണ കരുതിവെക്കുന്നത്‌.ഇവ ക്രഷറിന്റെ സഹായത്തോടെ പൊടിച്ചാണ്‌ സ്റ്റോറിലേക്ക്‌ തളളുന്നത്‌.
ആയിരക്കണക്കിനു ലീറ്റര്‍ ഡീസലാണ്‌ വലിയ ബോട്ടുകളില്‍ നിറക്കുന്നത്‌. നിരോധനത്തെതുടര്‍ന്ന്‌ സ്വന്തം നാട്ടിലേക്ക്‌ പോയവര്‍ തിരിച്ചെത്തിയതോടെ ഹാര്‍ബറുകള്‍ സജീവമായി. ഇത്തവണ കാലവര്‍ഷം ശക്തമാവുകയും കടല്‍ നല്ലതുപോലെ ഇളകിക്കിടക്കുന്നതിനാലും തൊഴിലാളികള്‍ വന്‍ പ്രതീക്ഷയോടെയാണ്‌ മത്സ്യബന്ധനത്തിന്‌ തയാറെടുക്കുന്നത്‌. ആദ്യദിനങ്ങളില്‍ തന്നെ നിറയെ കിളിമീനും കരിക്കാടിയും കണവയും ലഭിക്കുമെന്നാണ്‌ കണക്കുകൂട്ടല്‍. നിരോധനം കഴിഞ്ഞ്‌ ചുരുങ്ങിയത്‌ മൂന്നു ദിവസമെങ്കിലും കഴിഞ്ഞാലെ മത്സ്യമാര്‍ക്കറ്റുകള്‍ ഉണരുകയുള്ളൂ. ട്രോളിംഗ്‌ നിരോധനകാലയളവില്‍ മത്സ്യബന്ധനബോട്ടുകള്‍ കടലിലേക്ക്‌ പോകുന്നത്‌ തടയാന്‍ മുന്‍കാലങ്ങളിലേതുപോലെ മറൈന്‍ എന്‍ഫോഴ്സ്മെന്റും ഫിഷറീസ്‌ ഉദ്യോഗസ്ഥരും പൊലീസും ശക്തമായ കാവല്‍ ഏര്‍പെടുത്തിയിരുന്നെങ്കിലും ആരും തന്നെ ഇത്തവണ നിയമലംഘനത്തിനു മുതിര്‍ന്നിരുന്നില്ല. നിരോധന കാലയളവില്‍ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.
ജൂണ്‍ 14ന്‌ അര്‍ദ്ധരാത്രിയാണ്‌ ട്രോളിംഗ്‌ നിരോധനം ഏര്‍പെടുത്തിയത്‌. 45 ദിവസം നീണ്ടുനിന്ന നിരോധന കാലാവധി നീട്ടണമെന്ന്‌ ആവശ്യമുയര്‍ന്നിരുന്നു. കേരള തീരത്തെ ട്രോളിംഗ്‌ നിരോധനത്തെക്കുറിച്ചും മത്സ്യ സമ്പത്തിനേയും കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ട്രോളിംഗ്‌ നിരോധന സമയം വര്‍ധിപ്പിക്കണമെന്ന്‌ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഓഗസ്റ്റ്‌ 31 വരെ നീട്ടി 75 ദിവസത്തേക്ക്‌ ദീര്‍ഘിപ്പിക്കണമെന്നാണ്‌ സമിതി നല്‍കിയ നിര്‍ദേശം.
ഇതിനെ എതിര്‍ത്ത്‌ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തുകയും ചെയ്തു. പ്രധാന മത്സ്യങ്ങളായ കോര, പരവ, താട, വെള്ളാങ്കണ്ണി തുടങ്ങിയവയുടെ പ്രജനന കാലമായതിനാല്‍ മൂന്ന്‌ മാസത്തേക്ക്‌ യന്ത്രവല്‍കൃത ബോട്ടുകള്‍ കടലിലേക്ക്‌ പോകുന്നത്‌ തടയണമെന്നായിരുന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം. 1988 മുതല്‍ ട്രോളിംഗ്‌ നിരോധനത്തിന്റെ ആദ്യത്തെ ഒമ്പത്‌ വര്‍ഷം ലഭ്യതയുടെയും ആദായത്തിന്റെയും അടിസ്ഥാനത്തില്‍ വളര്‍ച്ച കാണിച്ചെങ്കിലും പന്നീട്‌ ആ വളര്‍ച്ചാനിരക്ക്‌ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 2000ന്‌ ശേഷം ലഭ്യതയും ആദായവും കുറയുകയുമാണ്‌ ഉണ്ടായത്‌. യന്ത്രവല്‍കൃത മേഖലയില്‍ 2000ന്‌ ശേഷം വളര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.