മനുഷ്യന്‍ ക്രൂരനാകുന്നതെങ്ങനെ

Wednesday 31 July 2013 6:20 pm IST

കാടന്റെ കാര്യമെടുക്കുക. അവന്ന്‌ മനസംസ്കാരമെന്തെന്നറിഞ്ഞുകൂടാ, ഗ്രന്ഥം വായിക്കാനറിഞ്ഞുകൂടാ, എഴുത്ത്‌ എന്തെന്ന്‌ കേട്ടിട്ടേ ഇല്ല. അവന്‌ കഠിനമായ ഒരു മുറിവേല്‍ക്കട്ടെ, വളരെ വേഗം സ്വാസ്ഥ്യം കിട്ടുന്നു. നമ്മള്‍, ഒരു പോറലേറ്റാല്‍ മതി, മരിക്കും. യന്ത്രങ്ങള്‍ ചുരുങ്ങിയ വിലയ്ക്കുസാധനങ്ങള്‍ ഉണ്ടാക്കുന്നു; അതുവഴിക്ക്‌ അഭിവൃദ്ധിയും പരിഷ്കാരവുമുണ്ടാകുന്നു. എന്നാല്‍ അതോടൊപ്പം ലക്ഷോപലക്ഷം ജനങ്ങള്‍ ഞെരിഞ്ഞുപോകുന്നു. ഒരുവന്‍ ധനികനാകുവാന്‍വേണ്ടി അനേകായിരം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ താണുതാണുപോകുന്നു, വലിയ ജനവിഭാഗങ്ങള്‍ അടിമപ്പെടുന്നു. ലോകം ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നു.
മൃഗപ്രായമനുഷ്യന്‍ ഇന്ദ്രിയങ്ങളില്‍ ജീവിക്കുന്നു. അവന്‌ വേണ്ടുവോളം തിന്നാന്‍ കിട്ടാഞ്ഞാല്‍ ദുഃഖമായി. അഥവാ വല്ല പരിക്കും പറ്റിപ്പോയാലും അവന്‍ ദുഃഖിക്കും. അവന്റെ സുഖവും ദുഃഖവും ഇന്ദ്രിയങ്ങളില്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. അവന്‌ പുരോഗതിയുണ്ടാകുമ്പോള്‍, അയാളുടെ സുഖപരിധി വിസ്തൃതമാകും. അതോടൊപ്പം ദുഃഖപരിധിയും. കാട്ടുമനുഷ്യന്‍ അസൂയയെന്തന്നറിഞ്ഞുകൂടാ. കോടതിക്കുപോകുക, നികുതി കൊടുക്കുക, സ്വജനങ്ങള്‍ക്ക്‌ തെറ്റുകാരനാവുക, മനുഷ്യന്റെ നീചത്വം കണ്ടുപിടിച്ചിട്ടുള്ള സര്‍വദ്രോഹങ്ങളിലുംവച്ച്‌ അതികഠിനവും പരഹൃദയരഹസ്യങ്ങളെ ചൂഴ്‌ന്നുനോക്കുന്നതുമായ പീഡനഭരണത്തിന്‌ വിധേയനാവുക, ഇതൊന്നും കാട്ടുമനുഷ്യനറിഞ്ഞുകൂട. എത്രയോ വൃഥാജ്ഞാനവും എത്രയോ ഗര്‍വവും വച്ചുകൊണ്ട്‌ മനുഷ്യന്‍ മറ്റേതൊരു ജീവിയെക്കാളും ആയിരം മടങ്ങു ക്രൂരനാകുന്നതെങ്ങനെയെന്ന്‌ അവന്നറിഞ്ഞുകൂടാ. ഇങ്ങനെയാണ്‌, നാം ഇന്ദ്രിയങ്ങളെ കടന്ന്‌ ഉയര്‍ന്ന്‌ സുഖസംവേദനശക്തി സമ്പാദിക്കുംതോറും ഏറിയ ദുഃഖസംവേദന ശക്തിയും സമ്പാദിക്കേണ്ടിയിരിക്കുന്നത്‌.
സ്വാമി വിവേകാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.