തിരുവനന്തപുരത്ത് അഞ്ച് കിലോ സ്വര്‍ണം പിടികൂടി

Thursday 1 August 2013 11:20 am IST

തിരുവനന്തപുരം: ദുബായില്‍ നിന്ന് ഒളിപ്പിച്ചു കൊണ്ടുവന്ന അഞ്ചുകിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ആലപ്പുഴ സ്വദേശി മുനീര്‍ അലിക്കുഞ്ഞ്, പാലക്കാട് സ്വദേശി നൗഷാദ് ആടിക്കുഴിയില്‍ എന്നിവര്‍ പിടിയിലായി. എമിറേറ്റ്‌സ് വിമാനത്തിലാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പുറത്തേക്കുള്ള വാതിലില്‍ കാത്തുനിന്ന് പിടികൂടുകയായിരുന്നു. പത്തു വര്‍ഷത്തിനിടെ കസ്റ്റംസ് പ്രിവന്റീവ്‌ വിഭാഗം നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. അടുത്തകാലത്തായി കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വ്യാപകമായിരിക്കുകയാണ്. കരിപ്പൂര്‍ വിമാനത്താവളമാണ് സ്വര്‍ണകള്ളക്കടത്തില്‍ മുന്നില്‍. കഴിഞ്ഞ നാല് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രം 6 കോടി രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. മാര്‍ച്ചില്‍ 3 കോടി 28 ലക്ഷത്തിന്റേയും ഏപ്രില്‍ മാസം 1 കോടി 61 ലക്ഷത്തിന്റേയും സ്വര്‍ണം പിടികൂടി. ഏപ്രില്‍ നാലാം തിയതി മാത്രം ഒരുകോടി 18 ലക്ഷത്തിന്റെ സ്വര്‍ണവേട്ടയാണ് നടന്നത്. ജൂലൈ 23 വരെ 4 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഈ മാസം നാല് കിലോഗ്രാം സ്വര്‍ണവുമായി നെടുമ്പാശേരിയിലും മംഗലാപുരത്തും ഓരോ സ്ത്രീകളെ പിടികൂടിയിരുന്നു. അനധികൃതമായ സ്വര്‍ണകടത്ത് ചില ജ്വല്ലറികള്‍ക്ക് വേണ്ടിയാണെന്നും പിടികൂടിയവര്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണവിലയിലെ ഇടിവും കസ്റ്റംസ് പരിശോധകര്‍ക്ക് ലഭ്യമാക്കേണ്ട നൂതന സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് സ്വര്‍ണകടത്ത് കൂടാന്‍ കാരണമായി പറയപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.