നരേന്ദ്രമോദി അടുത്ത പ്രധാനമന്ത്രിയാകും: യശ്വന്ത്‌ സിന്‍ഹ

Thursday 1 August 2013 8:39 pm IST

ന്യൂദല്‍ഹി: നരേന്ദ്രമോദി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന്‌ ബിജെപി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ. മോദിയുടെ പേരും പെരുമയും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല ഈ വര്‍ഷം അവസാനം നടക്കുന്ന നാല്‌ വലിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക്‌ വിജയം സമ്മാനിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌ നരേന്ദ്രമോദിയായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന്‌ താന്‍ ഉറപ്പിച്ച്‌ പറയുന്നതെന്നും സിന്‍ഹ വ്യക്തമാക്കി.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണ സമിതി അധ്യക്ഷനായി പാര്‍ട്ടി നിശ്ചയിച്ചത്‌ നരേന്ദ്രമോദിയെയാണ്‌. മോദിയുടെ നേതൃത്വം വരാന്‍ പോകുന്ന നാല്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക്‌ കനത്ത വിജയം സമ്മാനിക്കും.
ബിജെപി അധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ്‌ ആര്‍എസ്‌എസ്‌ സര്‍ സംഘചാലക്‌ മോഹന്‍ ഭാഗവത്‌ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ നേരില്‍ക്കണ്ട്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ചര്‍ച്ച ചെയ്ത്‌ തയ്യാറാക്കും. എല്‍.കെ. അദ്വാനി അടക്കമുള്ള ബിജെപി നേതാക്കളുമായി കഴിഞ്ഞ ഏതാനും ആഴ്ചകളായി മോഹന്‍ ഭാഗവത്‌ ചര്‍ച്ച നടത്തിവരികയാണ്‌. കഴിഞ്ഞ മാസമാണ്‌ മോദിയുടെ നേതൃത്വത്തിലുള്ള 11 അംഗ പ്രചാരണ സമിതിയെയും 20 പ്രചാരണ സമിതികളെയും പാര്‍ട്ടി നിശ്ചയിച്ചത്‌. പ്രകടനപത്രിക, പ്രദര്‍ശന രേഖകള്‍, പുതിയ വോട്ടര്‍മാര്‍, മാധ്യമഇടപെടല്‍ എന്നിവ തയ്യാറാക്കലാണ്‌ ഇവരുടെ ചുമതല.
20 പ്രചാരണ കമ്മറ്റികളുടെ പട്ടിക പ്രഖ്യാപിച്ചത്‌ അനന്തകുമാറാണ്‌. ഇവ മോദിയുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. മുതിര്‍ന്ന നേതാക്കളായ അടല്‍ ബിഹാരി വാജ്പേയി, എല്‍.കെ. അദ്വാനി, പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ്‌ എന്നിവരായിരിക്കും മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയെന്നും അനന്ത്കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.