ആന്ധ്രയിലും റായലസീമയിലും പ്രതിഷേധം തുടരുന്നു

Thursday 1 August 2013 8:41 pm IST

ഹൈദരാബാദ്‌: തെലങ്കാന പ്രഖ്യാപനത്തില്‍ നിന്ന്‌ നേട്ടമുണ്ടാക്കാമെന്ന കോണ്‍ഗ്രസ്‌ പ്രതീക്ഷ പാളം തെറ്റുന്നു.ആന്ധ്രയെ വിഭജിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ തീര ആന്ധ്രയിലും റായലസീമയിലും പ്രതിഷേധം കത്തുകയാണ്‌.കര്‍ണൂല്‍, അനന്ത്പൂര്‍ ജില്ലകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാകാത്തതും പ്രതിഷേധത്തിന്‌ ആക്കം കൂട്ടുന്നു.ഈ ജില്ലകളെ തെലങ്കാനയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ്‌ തീരുമാനം നീണ്ടുപോകുന്നത്‌.
ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള തീരുമാനത്തില്‍ നഗരവാസികള്‍ക്കിടയിലും ആശങ്കയുണ്ട്‌. തീര ആന്ധ്ര, റായലസീമ മേഖലകളില്‍ കോണ്‍ഗ്രസിനെതിരെയാണ്‌ കലാപം ഉയരുന്നത്‌. ഇന്ദിര ഗാന്ധി, രാജീവ്‌ ഗാന്ധി പ്രതിമകളും കോണ്‍ഗ്രസ്‌ സ്തൂപങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്‌.കോണ്‍ഗ്രസ്‌ നിയമസഭ കക്ഷിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും വിഭജന തീരുമാനത്തിനെതിരാണെന്നതും കോണ്‍ഗ്രസിനു തലവേദന സൃഷ്ടിക്കുന്നു.
പുതിയ തെലങ്കാനയില്‍ വിവിധ താത്പര്യഗ്രൂപ്പുകളെ കൈകാര്യം ചെയ്യുന്നതും പാര്‍ട്ടിക്ക്‌ വെല്ലുവിളിയാണ്‌.ടി ആര്‍ എസ്‌ കോണ്‍ഗ്രസില്‍ ലയിക്കുമെന്ന്‌ പറയുന്നുണ്ടെങ്കിലും രണ്ട്‌ പാര്‍ട്ടികള്‍ക്കുള്ളിലും ലയനകാര്യത്തില്‍ സമവായമില്ല.അതിനിടെ തെലങ്കാനയുടെ ഔദ്യോഗിക ഭാഷയായി ഉറുദുവിനെ അംഗീകരിക്കണമെന്ന്‌ മജ്ലിസ്‌-ഇത്തിഹാദ്‌-ഉല്‍ മുസ്ലീമിന്‍ നേതാവ്‌ അസാദുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടു. രണ്ട്‌ സംസ്ഥാനങ്ങളിലെയും മുസ്ലീങ്ങളുടെ ക്ഷേമത്തിനു വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും ഒവൈസി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.