രാഹുലിനെ വാനോളം പുകഴ്ത്തി അഞ്ചാംക്ലാസ്‌ പുസ്തകം

Thursday 1 August 2013 8:41 pm IST

ന്യൂദല്‍ഹി: അഞ്ചാം ക്ലാസ്‌ പാഠപുസ്തകത്തില്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക്‌ താരപരിവേഷം. രച്ന സാഗര്‍ എന്ന പ്രസാധകര്‍ തയ്യാറാക്കിയ അഞ്ചാം ക്ലാസ്‌ ഗൈഡിലാണ്‌ രാഹുലിനെ മഹാത്മാ ഗാന്ധിക്കും ജവഹര്‍ലാല്‍ നെഹ്‌റുവിനുമൊപ്പം പ്രതിഷ്ഠിക്കുന്നത്‌. 'ടുഗദര്‍ വിത്ത്‌ ഇംഗ്ലീഷ്‌' എന്ന പേരിലുള്ള ഒരു ഖണ്ഡികയാണ്‌ രാഹുല്‍ ഗാന്ധിക്കായി ഗൈഡില്‍ സമര്‍പ്പിച്ചിരിക്കുന്നത്‌.
രാജ്യത്തെ ഏറ്റവും സ്വാധീനിച്ചതും ബഹുമാന്യവുമായ രാഷ്ട്രീയകുടുംബത്തിലെ അഞ്ചാംതലമുറക്കാരനാണ്‌ രാഹുലെന്ന്‌ തുടങ്ങുന്ന ഖണ്ഡിക രാഹുല്‍ഗാന്ധിയെ വാനോളം പുകഴ്ത്തുന്നുണ്ട്‌. അമേഠിയില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ സീറ്റില്‍ മത്സരിച്ച രാഹുല്‍ തന്റെ ഊര്‍ജം കൊണ്ടും വിനയംകൊണ്ടും വ്യക്തിപ്രഭാവംകൊണ്ടും രാജ്യത്തെ അതിശയിപ്പിക്കുന്നു. അമേരിക്കയിലും ബ്രിട്ടനിലും ജീവിതത്തിന്റെ കൂടുതല്‍ ഭാഗം ചെലവഴിച്ച രാഹുല്‍ എങ്ങനെയാണ്‌ ഇന്ത്യയിലെ പരുക്കന്‍രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതെന്ന്‌ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍പോലും അതിശയിക്കുന്നു. രാഹുല്‍ ആകസ്മികമായി രാഷ്ട്രീയത്തിലേക്ക്‌ കടന്നു വന്നതല്ലെന്നും അപാരമായ ആത്മവിശ്വാസവും പക്വതയും പ്രകടപ്പിക്കുന്ന നേതാവാണ്‌ അദ്ദേഹമെന്നും ഈഖണ്ഡികയില്‍ പറയുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ യുവനേതാക്കളിലെ തിളങ്ങുന്ന താരമാണ്‌ രാഹുലെന്നും മറ്റും പോകുന്നു ഖണ്ഡികയിലെ വിശേഷണങ്ങള്‍. ഖണ്ഡിക വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതാന്‍ ചോദ്യങ്ങളും താഴെ കൊടുത്തിട്ടുണ്ട്‌. ഇക്കാര്യം സോഷ്യല്‍നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെ പുറത്തുവന്നതോടെ ശക്തമായ വിമര്‍ശനമാണുയര്‍ന്നിരിക്കുന്നത്‌.
സിക്കിമിലെ അഞ്ചാംക്ലാസ്‌ പാഠപുസ്തകവും ഇത്തരത്തില്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നിറച്ചാണ്‌ പുറത്തിറക്കിയിരിക്കുന്നത്‌. സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തെ കള്ളന്‍മന്ത്രിയെന്നാണ്‌ പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്‌.
ഓര്‍ഗാനിക്‌ മിഷന്റെ ചുമതലയുള്ള പവന്‍ ചമലിംഗിനെയാണ്‌ കള്ളന്‍ മന്ത്രിയാക്കിയിരിക്കുന്നത്‌. പല വാക്കുകളുടെയും സ്പെല്ലിംഗ്‌ തെറ്റിച്ച്‌ നല്‍കിയതാണ്‌ വിദ്യാര്‍ഥികളെയും അധ്യാപകരെയും വലയ്ക്കുന്നത്‌. ദല്‍ഹി കേന്ദ്രമായ തുളിപ്‌ പബ്ലിക്കേഷന്‍സ്‌ എന്ന സ്വകാര്യ പ്രസാധക കമ്പനിയാണ്‌ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്‌. സംസ്ഥാനത്തെ ഒട്ടേറെ വിദ്യാലയങ്ങളില്‍ ഈ പുസ്തകം പഠിപ്പിക്കുന്നുണ്ട്‌. വിദ്യാര്‍ഥികള്‍ അക്ഷരത്തെറ്റുകള്‍ അതേപടി പഠിച്ചുവയ്ക്കുകയാണെന്ന്‌ ഒട്ടേറെപ്പേര്‍ ചൂണ്ടിക്കാട്ടിയിട്ടും പുസ്തകത്തിലെ തെറ്റുകള്‍തിരുത്താന്‍ ഇതുവരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.