വള്ളസദ്യയുടെ ഉദ്ഘാടന വേദിയിലെ എംഎല്‍എയുടെ പ്രകടനം: സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും വ്യാപക പ്രതിഷേധം

Thursday 1 August 2013 9:30 pm IST

കോട്ടയം: വള്ളസദ്യയുടെ ഉദ്ഘാടനവേദിയില്‍ ആറന്മുള എം എല്‍എ ശിവദാസന്‍നായരുടെ രാഷ്ട്രീയലക്ഷ്യം വച്ചുള്ള പ്രകടനത്തിനെതിരെ ഫെയ്സ്ബുക്കടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വ്യാപക പ്രതിഷേധം. ഒരുജനതയുടെ മുഴുവന്‍ പ്രതിഷേധവും എതിര്‍പ്പും നിലനില്‍ക്കെ ആ പ്രതിഷേധങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ജനപ്രതിനിധിയുടെ ധാര്‍ഷ്ട്യമാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമായതെന്നാണ്‌ സോഷ്യല്‍നെറ്റ്‌ വര്‍ക്കുകളില്‍ പ്രതികരിക്കുന്നവരുടെ പൊതുമനോഭാവം.
ആറന്മുള പൈതൃകഗ്രാമത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഭഗവാന്‍ പാര്‍ഥസാരഥി തന്നെ പണികൊടുക്കുന്നു എന്നവിശ്വാസം പുലര്‍ത്തുന്നവരും ഉണ്ട്‌. ശിവദാസന്‍നായര്‍ക്ക്‌ തന്റെ മുന്നിലിട്ടുതന്നെ ശിക്ഷ ലഭിക്കണം എന്ന ആറന്മുളേശ്വരന്റെ നിശ്ചയമാണ്‌ തിരുനടയില്‍വച്ചു തന്നെ ജനങ്ങളുടെ കൈക്കരുത്ത്‌ അറിയാന്‍ ആറന്മുള എംഎല്‍എയ്ക്ക്‌ ഇടവന്നതെന്ന വിശ്വാസം പ്രകടിപ്പിക്കുന്നവരും ഈ കൂട്ടായ്മകളിലുണ്ട്‌.
എംഎല്‍എയെ ക്ഷേത്രത്തില്‍ തടഞ്ഞു എന്ന പ്രചരണം നടത്തുന്നവരോടും ഫെയ്സ്ബുക്ക്‌ കൂട്ടായ്മക്കാര്‍ മറുപടി നല്‍കുന്നു. എം എല്‍എ ക്ഷേത്രത്തില്‍ കടന്നതിനെ ആരും തടഞ്ഞില്ല എന്ന്‌ ബോധ്യപ്പെടുത്തുന്ന അവര്‍ പള്ളിയോടസേവാസംഘത്തിന്റെ ക്ഷണം ഇല്ലാതെ എത്തിയ എംഎല്‍എ നാട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെ വള്ളസദ്യ ഉദ്ഘാടനചടങ്ങില്‍ നിലവിളക്ക്‌ തെളിയിക്കാന്‍ ശ്രമിച്ചതാണ്‌ അനിഷ്ടസംഭവങ്ങള്‍ക്ക്‌ കാരണം എന്നും ചൂണ്ടിക്കാണിക്കുന്നു.
ക്ഷണം ഇല്ലാഞ്ഞിട്ടും വേദിയിലെത്തി നിലവിളക്ക്‌ തെളിയിക്കാന്‍ ശ്രമിച്ച എംഎല്‍എയുടെ അതിബുദ്ധിയും ഇവര്‍ എടുത്തുകാട്ടുന്നു. കഴിഞ്ഞ കുറേക്കാലമായി ചാനല്‍ ചര്‍ച്ചകളില്‍ ആറന്മുളക്കാര്‍ എല്ലാവരും വിമാനത്താവളത്തിന്‌ അനുകൂലമാണെന്ന്‌ എംഎല്‍എ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. തന്റെവാദം തെളിയിക്കാന്‍ വള്ളസദ്യയുടെ ഉദ്ഘാടനചടങ്ങുതന്നെയാണ്‌ ഏറ്റവും പറ്റിയ വേദി എന്ന്‌ കെ. ശിവദാസന്‍ നായര്‍ കരുതി എന്നും ഫെയ്സ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയവര്‍ പറയുന്നു.
ആറന്മുളക്ഷേത്രസന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുത്ത്‌ നിലവിളക്ക്‌ തെളിയിച്ചാല്‍ എല്ലാ വാര്‍ത്താമാധ്യമങ്ങളില്‍ക്കൂടിയും ആറന്മുളക്കാര്‍ വിമാനത്താവളത്തിന്‌ അനുകൂലമാണ്‌ എന്ന്‌ കള്ളപ്രചാരണം നടത്താം എന്ന എംഎല്‍എ യുടെ കുബുദ്ധിയാണ്‌ ഈ സാഹസത്തിന്‌ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും കമന്റുകളില്‍ കാണാം.
പ്രതിഷേധം ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ നമ്മെ ചുറ്റി നില്‍ക്കുന്ന എയര്‍പോര്‍ട്ട്‌ എന്ന മഹാദുരന്തം നമുക്ക്‌ ഇഷ്ടമാണെന്ന തെറ്റായ ധാരണ ഇവര്‍ ഉണ്ടക്കിയേനെ എന്നും ആ ഒരു കാരണം കൊണ്ട്‌ ഇത്‌ അനിവാര്യമായിരുന്നെന്ന്‌ നമുക്ക്‌ ആശ്വസിക്കാം എന്നും ഫെയ്സ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയവര്‍ പറയുന്നു.
വിരല്‍ നീട്ടി മഷി തേച്ചു കുത്താന്‍ മാത്രമല്ല, മുഷ്ടി ചുരുട്ടി മൂക്കിടിച്ചു പരത്താനും തങ്ങളുടെ കൈകള്‍ ഉയരുമെന്ന്‌ കാണിച്ചുതന്ന ആറന്മുളയിലെ നല്ലവരായ, പ്രബുദ്ധരായ ധീരന്മാരായ ജനങ്ങള്‍ക്ക്‌ ആയിരമായിരം അഭിനന്ദനങ്ങള്‍ എന്നും അധികാരമുണ്ടെങ്കില്‍ ജനങ്ങളെയും ജനാധിപത്യത്തെയും നീതിപീഠത്തെയും വെല്ലുവിളിക്കുന്ന മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇതൊരു പാഠമാകട്ടേ.. നല്ലൊരു തുടക്കവും എന്ന ആശംസയും ഫെയ്സ്ബുക്കില്‍ ഇടംപിടിച്ചിട്ടുണ്ട്‌.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.