ഹൃദയമെന്ന ബോധകേന്ദ്രം

Wednesday 10 August 2011 8:17 pm IST

ഹൃദയമെന്ന വാക്ക്‌ നാം നിര്‍ല്ലോഭം ഉപയോഗിക്കുന്നു. എന്നാല്‍ എന്താണതുകൊണ്ടുദ്ദേശിക്കുന്നത്‌? വികസിച്ചും ചുരുങ്ങിയും ശരീരത്തില്‍ രക്തസഞ്ചാരം നടത്തുന്ന ആ പൊള്ളയായ, മാംസ പേശികൊണ്ടു നിര്‍മ്മിച്ച അവയവത്തെ - ശാരീരിക ഹൃദയത്തെ - ആണോ നാമുദ്ദേശിക്കുന്നത്‌? ഒരിക്കലൊരു ശിഷ്യന്‍ ബ്രഹ്മാനന്ദ സ്വാമികളോട്‌ ചോദിച്ചു. "സ്വാമിജി, ഏത്‌ സ്ഥാനത്താണ്‌ ഞാന്‍ ധ്യാനിക്കേണ്ടത്‌? ഹൃദയത്തിലോ, അതോ ശിരസ്സിലെ കേന്ദ്രത്തിലോ? " ബ്രഹ്മാനന്ദസ്വാമികള്‍ പറഞ്ഞു: "കുഞ്ഞേ, നിനക്കേത്‌ കേന്ദ്രമാണോ ഇഷ്ടം, അവിടെ ധ്യാനിക്കാം; എന്നാല്‍ ഹൃദയപത്മത്തില്‍ ഇഷ്ടദേവതയെ ധ്യാനിക്കുക." ശിഷ്യന്‍ വീണ്ടും ചോദിച്ചു: "പക്ഷേ, സ്വാമിജി ഹൃദയം രക്തമാംസമയമാണ്‌. അവിടെ ഞാനെങ്ങനെ ഈശ്വരനെ ധ്യാനിക്കും? " സ്വാമികള്‍ പറഞ്ഞു: "ശാരീരികഹൃദയമല്ല ഞാനുദ്ദേശിക്കുന്നത്‌. അതിനടുത്തുള്ള അദ്ധ്യാത്മകേന്ദ്രത്തെ ഭാവന ചെയ്യുക. തുടക്കത്തില്‍ സ്വശരീരത്തിനകത്ത്‌ ഈശ്വനെ ഭാവന ചെയ്യുമ്പോള്‍ രക്തമാംസങ്ങളുടെ ചിന്തയുണ്ടായെന്ന്‌ വരും. എന്നാല്‍ താമസിയാതെ നീ ശരീരത്തെ മറക്കുകയും ഇഷ്ടദേവതയുടെ ആനന്ദമയമായ രൂപം മാത്രം അവശേഷിക്കുകയും ചെയ്യും."
ചിലപ്പോള്‍ നാം നമ്മുടെ വികാരങ്ങളെ കാണിക്കുന്നതിന്‌ ഹൃദയം ചൂണ്ടിക്കാട്ടുന്നു. 'എന്റെ ഹൃദയത്തിന്നഗാധതയില്‍ നിന്ന്‌' എന്നും മറ്റും നാം പറയുന്നു. അതിനെ വൈകാരികഹൃദയമെന്ന്‌ പറയാം.
ശാരീരിക-വൈകാരിക ഹൃദയങ്ങില്‍ നിന്ന്‌ വ്യക്തമായി വേറൊന്നുണ്ട്‌ - ഹൃദയപത്മമായി പലപ്പോഴും ചിത്രീകരിക്കപ്പെടുന്ന ആദ്ധ്യാത്മഹൃദയം - ഹൃദയകേന്ദ്രം - അനാഹതചക്രം. പ്രചോദനത്തിന്റെയും ഉയര്‍ന്ന ആദ്ധ്യാത്മബോധത്തിന്റെയും കേന്ദ്രമാണത്‌.
മനുഷ്യശരീരമാകുന്ന ഈ അത്ഭുതപ്രതിഭാസത്തെ വിവിധ ചക്രങ്ങള്‍ - ബോധകേന്ദ്രങ്ങള്‍ ഉണ്ട്‌. ഓരോ ചക്രവും മനുഷ്യന്റെ ഭൗതിക-മാനസിക-ആദ്ധ്യാത്മിക ശരീരങ്ങള്‍ കൂടിച്ചേരുന്ന സ്ഥാനമാണ്‌. അവയില്‍ ഏറ്റവും താഴെയുള്ള മൂന്നെണ്ണം ഗുദം, ജനനേന്ദ്രിയം, നാഭി എന്നീ പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്നു. ഇവ മനുഷ്യന്റെ താണതും മൃഗസദൃശവും ഇന്ദ്രിയബദ്ധവുമായ ജീവിതത്തോട്‌ ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്ദേശത്തുള്ള അനാഹതചക്രമാണ്‌ നാലാമത്തേത്‌. അത്‌ അടിയിലെ മൂന്നു കേന്ദ്രങ്ങള്‍ക്കും മുകളിലെ മൂന്നുകേന്ദ്രങ്ങള്‍ക്കും മദ്ധ്യത്തിലാണ്‌. ഹൃദയവും അതിന്റെ മുകളിലെ മൂന്നുകേന്ദ്രങ്ങളും മനുഷ്യന്റെ ആദ്ധ്യാത്മിക ജീവിതത്തോട്‌ ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന മൂന്നു കേന്ദ്രങ്ങള്‍ തൊണ്ട, ഭ്രൂമദ്ധ്യം, ശിരസ്സ്‌ എന്നീ പ്രദേശങ്ങളില്‍ വര്‍ത്തിക്കുന്നു. ഈ കേന്ദ്രങ്ങളെ ശാരീരിക ബുദ്ധ്യാധരിക്കരുത്‌. ഇവ വിഭിന്നങ്ങളായ ആദ്ധ്യാത്മബോധമണ്ഡലങ്ങളിലേക്കുള്ള പടിവാതിലുകള്‍പോലെയാണ്‌.
താന്ത്രികാചാര്യന്മാരുടെ മതപ്രകാരം ശിരസ്സിലെ കേന്ദ്രമായ സഹസ്രാരത്തില്‍ വര്‍ത്തിച്ചിരുന്ന കുണ്ഡലിനി-മനുഷ്യന്റെ ഉറങ്ങിക്കിടക്കുന്ന ആദ്ധ്യാത്മപഥത്തിലൂടെ താഴേക്കിറങ്ങി വിവിധ ബോധകേന്ദ്രങ്ങള്‍ കടന്ന്‌ നട്ടെല്ലിന്റെ അടിയിലെത്തിച്ചേര്‍ന്ന്‌ അവിടെ അത്‌ സ്വയം മറന്നുപോയി. അപ്പോള്‍ അത്‌ അജ്ഞാനത്തിന്‌ വശംവദമാവുകയും ആഗ്രഹങ്ങളും വികാരങ്ങളും അതിനെ കീഴ്പ്പെടുത്തുകയും ചെയ്തു. അത്‌ തിരിച്ചുപോകാനുള്ള വഴി മറന്നു. നമ്മുടെ യഥാര്‍ത്ഥ സ്വരൂപം സ്മരിച്ച്‌ ബോധത്തെ അടിയിലെ കേന്ദ്രങ്ങളില്‍ നിന്ന്‌ മുകളിലെ കേന്ദ്രങ്ങളിലേക്കുയര്‍ത്തുകയാണ്‌ ആദ്ധ്യാത്മ ജീവിതത്തിലെ കര്‍ത്തവ്യം. അടിയിലെയും മുകളിലെയും കേന്ദ്രങ്ങള്‍ക്ക്‌ നടുവില്‍ വര്‍ത്തിക്കുന്നതുകാരണം ഹൃദയത്തിന്‌ മുന്‍ഗണന കൊടുക്കണം. അവിടെ ധ്യാനിക്കാനെളുപ്പമാണ്‌.