ജില്ലയില്‍ കാറ്റിന്റെ കലി; വ്യാപക നാശനഷ്ടം

Friday 2 August 2013 9:00 pm IST

കോട്ടയം: ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ ജില്ലയില്‍ വ്യാപകമായ നാശനഷ്ടം. പുലര്‍ച്ചെ വീശിയടിച്ച ചുഴലിക്കാറ്റ് ജില്ലയില്‍ കനത്തനാശം വിതച്ചു. നിരവധി വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പനച്ചിക്കാട്, മുണ്ടക്കയം, തൃക്കോതമംഗലം, മറ്റക്കര, അയര്‍ക്കുന്നം, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കടനാട്, ചാന്നാനിക്കാട്, ഞാലിയാംകുഴി, വാകത്താനം എന്നിവിടങ്ങളിലായി മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി ലൈന്‍ പലയിടത്തും പൊട്ടിവീണു. ടെലിഫോണ്‍ ബന്ധവും വിച്ഛേദിക്കപ്പെട്ടു. പത്തുമിനിട്ടിലധികം നീണ്ടുനിന്ന ചുഴലിക്കാറ്റില്‍ നിരവധി വീടുകളുടെയും മറ്റും ഓടുകളും മേല്‍ക്കൂരഷീറ്റുകളും കാറ്റില്‍ പറന്നുപോയി. കൂടാതെ വന്‍ കൃഷിനാശവും ഉണ്ടായി. റബ്ബര്‍ മരങ്ങളും തേക്ക്, ആഞ്ഞിലി, പ്ലാവ്, മഹാഗണി, തുടങ്ങിയ മരങ്ങളും കാറ്റില്‍ നിലം പൊത്തി. തെങ്ങണ-മണര്‍കാട് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ മുകളിലേക്ക് തേക്ക് വീണ് ലോറി തകര്‍ന്നു. ജില്ലയില്‍ വ്യാപകമായ നാശനഷ്ടമാണ്. ഉണ്ടായത്. നാശനഷ്ടങ്ങളുടെ കണക്ക് അറിവായിട്ടില്ല. നെടുംകുന്നം മേഖലയില്‍ നിരവധി വീടുകള്‍ തകര്‍ന്നു കറുകച്ചാല്‍: ഇന്നലെ പുലര്‍ച്ചെ 1.30 ഓടെ നെടുംകുന്നം മേഖലയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ നിരവധി വീടുകളും മരങ്ങളും തകര്‍ന്നു. കൃഷിയിടങ്ങളും താറുമാറായി. പള്ളിപ്പടി, മാണികളും, നെടുകുന്നം ഗവ: സ്‌കൂള്‍ ഭാഗം, പാറക്കല്‍, മഠത്തുംപടി, തൊട്ടില്‍, പുതുപ്പള്ളിപ്പടവ് എന്നിവിടങ്ങളിലാണ് നാശം വിതച്ചത്. മുപ്പത്തഞ്ചോളം വീടുകള്‍ മരങ്ങള്‍ വീണു തകര്‍ന്നിട്ടുണ്ട് കഴിഞ്ഞ ഒരു മാസം മുമ്പ് ഉണ്ടായ കാറ്റിലും മഴയിലും നിരവധി വീടുകളും മരങ്ങളും തകര്‍ന്നിരുന്നു. തൊട്ടുപിന്നാലെയാണ് ഈ ദുരന്തവുമുണ്ടായത്. ഇവിടങ്ങളില്‍ വൈദ്യുതിയും നിലച്ചിരിക്കുകയാണ്. നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. വാഹനം ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. നെടുംകുന്നം കണിയാമ്പറമ്പില്‍ രവീന്ദ്രന്റെ മരങ്ങള്‍ വീണു തകര്‍ന്നു. പുതുപ്പള്ളിപ്പടവ് ദിവാകരന്റെ വീട് പെരുമരം വീണു തകര്‍ന്നു. തൊട്ടിക്കല്‍ ഫിലിപ്പ്, തൊട്ടിക്കല്‍ വാടകയ്കക്കു താമസിക്കുന്ന ഉഷയുടെ വീട് തകര്‍ന്ന് വീട്ടുകാര്‍ക്കു പരിക്കേറ്റു. കൊക്കാവയലില്‍ സിബിച്ചന്റെ നൂറോളം റബ്ബര്‍ മരങ്ങള്‍ നിലം പൊത്തിപാറക്കല്‍ ഭാഗത്ത് വന്‍നാശമാണുണ്ടായിരിക്കുന്നത്. ചെമ്പുങ്കല്‍ റോയിയുടെ വീട് പൂര്‍ണ്ണമായി തകര്‍ന്നു. ഷീറ്റു മേഞ്ഞിരുന്ന വീടുകളുടെ ഷീറ്റും കാറ്റില്‍ പറന്നുപോയി. നെടിയാംപാക്കല്‍ ജോസുകുട്ടിയുടെ വീടിനു മുകളില്‍ മാവും ആഞ്ഞിലിയും വീണ് വീട് ഭാഗികമായി തകര്‍ന്നു. പ്രദേശത്ത് വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടതായി വരും.നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. വാകത്താനത്തും വീടുകള്‍ക്ക് നാശനഷ്ടം കറുകച്ചാല്‍: വീശിയടിച്ച കൊടുങ്കാറ്റില്‍ വാകത്താനം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ വീടുകള്‍ക്കും കൃഷികള്‍ക്കും നാശമുണ്ടായി. തൃക്കോതമംഗലം മനോജ് ഭവനില്‍ സോമശേഖരന്‍ നായരുടെ വീടിനു മുകളില്‍മരംവീണ് ഭാഗികമായ നാശനഷ്ടമുണ്ടായി. പേരുകുന്ന് പുത്തന്‍പുരയ്ക്കല്‍ വീടിനും കുളിയാട്ടു വിജയന്റെ വീടിനും നാശനഷ്ടമുണ്ടായി. വട്ടോലില്‍ ചാലുവേലില്‍ സൂസി, തോട്ടയ്ക്കാട് കോട്ടുകുന്നേല്‍ രാധമ്മ, എന്നിവരുടെ വീടുകളും തകര്‍ന്നു. തീയാനില്‍ സാബുവിന്റെ വാഴകൃഷി വാകത്താനം പഞ്ചായത്തംഗം ഇളങ്കാവില്‍ ബെന്നി, ചെന്നക്കാട്ടു ജോര്‍ജ്ജുകുട്ടി എന്നിവരുടെ റബര്‍മരങ്ങളും കാറ്റില്‍ നിലംപൊത്തി. ഈരാറ്റുപേട്ട: കനത്തകാറ്റില്‍ ഈരാറ്റുപേട്ട മേഖല യില്‍ വന്‍ കൃഷിനാശം. മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഈരാറ്റുപേട്ട, പൂഞ്ഞാര്‍, തിടനാട്, മേലുകാവ്, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രദേശത്താണ് ഇന്നലെ മഴ യെ തുടര്‍ന്ന് ശക്തമായ കാറ്റ് ആഞ്ഞടിച്ചത്. റബര്‍, വാഴ, തേക്ക്, ആഞ്ഞിലി തുടങ്ങിയ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞു വീണു. പൂഞ്ഞാര്‍ പനച്ചിപ്പാറ, കൊണ്ടൂര്‍, അരുവിത്തുറ കോളേജ് റോഡ് എന്നിവിടങ്ങളില്‍ മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. അരുവിത്തുറ കോളേജ് റോഡിലും, മൂന്നിലവ് കളത്തൂക്കടവ് റോഡിലും മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നോന്നി കോയിക്കാട്ട് ബാബു, പുതുപ്പറമ്പില്‍ ലീല, മേലുകാവ് എരുമാപ്ര കല്ലു ങ്കല്‍ സണ്ണി എന്നിവരുടെ വീടുകളാണ് മരം വീണ് ഭാഗികമായി തകര്‍ന്നത്. മുണ്ടക്കയം: മലയോര മേഖലകളില്‍ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. കാറ്റില്‍ പത്തിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മുണ്ടക്കയം ഇട്ടിക്കല്‍ പെരുവന്താനം കോരൂത്തോട് പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. കൂടാതെ നൂറുകണക്കിന് റബ്ബര്‍ മരങ്ങളും വാഴ, കുരുമുളക്, ചേന, തുടങ്ങിയ വിളകളും തേക്ക്, പ്ലാവ്, ആഞ്ഞിലി, മാവ്, മഹാഗണി, തെങ്ങ് തുടങ്ങിയവൃക്ഷങ്ങളും കാറ്റില്‍ നിലംപതിച്ചു. കോസടിയില്‍ കൊല്ലം തറപ്പേല്‍ തങ്കമ്മ സുകുമാരന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. കാറ്റില്‍ പറന്ന ടിന്‍ഷീറ്റ് മേല്‍ക്കൂര തൊട്ടടുത്ത വൈദ്യുതി ലൈനില്‍ തൂങ്ങിക്കിടക്കുകയാണ്. പനക്കച്ചിറ ഗവ.ഹൈസ്‌കൂളിന്റെ മേല്‍ക്കൂരയും ശക്തമമായ കാറ്റില്‍ പറന്നു. കോരൂത്തോട് ചുണ്ണവിളാവ് ചാലില്‍ പ്രസാദിന്റെ വീടിന്റെ ഷെഡ് തെങ്ങ് വീണ് പൂര്‍ണമായും തകര്‍ന്നു. പള്ളിപടിക്ക് സമീപം റബര്‍ ഉത്പാദകസംഘത്തിന്റെ കെട്ടിടവും മരം വീണ് തകര്‍ന്നു. വണ്ടന്‍പതാല്‍ പത്ത് സെന്റ് ഇല്ലിക്കല്‍ ജലാല്‍, പെരുവന്താനം തോട്ടത്തില്‍ പുരയിടത്തില്‍ ഷാജഹാന്‍, വടക്കേല്‍ പെരിങ്ങാട്ടു സൈനബ, മുണ്ടക്കയം ഇല്ലിക്കല്‍ ജലീല എന്നിവരുടെ വീടുകളും തകര്‍ന്നു. ഏന്തയാര്‍ വള്ളക്കാട് കല്ലുതലയ്ക്കല്‍ ഷാന്റിസിന്റെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് മരം വീണ് ഓട്ടോ പൂര്‍ണമായും തകര്‍ന്നു. പനക്കച്ചിറ കുഴിപാലപറമ്പില്‍ ബിജു അയിലുകുന്നേല്‍ ജോയി, പണിക്കവീട്ടില്‍ അബ്ദുള്ള, മേമനയില്‍ ബിജു, പഴയപറമ്പില്‍ അപ്പച്ചന്‍, എന്നിവരുടെ നൂറുകണക്കിന് റബ്ബര്‍ മരങ്ങളാണ് നശിച്ചത്. റവന്യൂ അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.