മാലിന്യസംസ്‌കരണം: നഗരസഭയില്‍ വീണ്ടും ഒച്ചപ്പാട്

Friday 2 August 2013 9:02 pm IST

കോട്ടയം: വടവാതൂരിലെ മാലിന്യസംസ്‌ക്കരണം ഇന്നലെയും നഗരസഭാ കൗണ്‍സില്‍യോഗത്തില്‍ ഒച്ചപ്പാടിനിടയാക്കി. ഇവിടെ ഇപ്പോള്‍ നിലനില്‍ക്കുന്നത് താല്‍ക്കാലിക പരിഹാരം മാത്രമാണെന്നും ബദല്‍ സംവിധാനം ഒരുക്കാന്‍ തയാറാകണമെന്നും കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നതാണ് ഒച്ചപ്പാടിന് ഇടയാക്കിയത്. വരുന്ന മാര്‍ച്ച് 31ന് മുന്‍പ് രണ്ടായിരം ചെറിയ ബയോഗ്യാസ് പ്ലാന്റുകള്‍ മാലിന്യ സംസ്‌ക്കരണത്തിനായി സ്ഥാപിക്കും എന്ന് ചെയര്‍മാന്‍എം പി സന്തോഷ്‌കുമാര്‍ പറഞ്ഞു. മൂന്നിടങ്ങളിലായി 66ലക്ഷം രൂപ ചിലവില്‍ വലിയ മാലിന്യസംസ്‌ക്കരണപ്ലാന്റുകള്‍ പണിയും എന്ന് ചെയര്‍മാന്‍ ഉറപ്പു നല്‍കിയതോടെയാണ് ബഹളം ശമിച്ചത്. റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കേണ്ടി വന്ന വ്യവാസിയകളെ സഹായിക്കാനുള്ള മനോഭാവം നഗരസഭ കാട്ടണമെന്നും പുനര്‍നിര്‍മ്മിച്ച കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത് നഗരസഭ അവസാനിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. നഗരസഭ അറിയാതെ നിര്‍മ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുനീക്കണമെന്നും കൗണ്‍സിലംഗങ്ങള്‍ ആവശ്യപ്പെട്ടു. കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ച ഏജന്‍സികള്‍ നിരവധി ഡിവൈഡറുകള്‍ സംഭാവന ചെയ്‌തെന്നും അതിനാല്‍ ഇത് പൊളിച്ചുനീക്കാന്‍ പറയാനാവില്ലെന്നുമായിരുന്നു ചെയര്‍മാന്റെ മറുപടി. ട്രാഫിക് അഡൈ്വസറി ബോര്‍ഡുമായി കൂടിയാലോചിക്കട്ടെയെന്നും ചെയര്‍മാന്‍ പറഞ്ഞു. 1998-99ല്‍ നഗരസഭയും സോഫ്ട് വെയര്‍ ടെക്‌നോളജി ഓഫ് ഇന്ത്യയും ചേര്‍ന്ന് ആരംഭിക്കാനിരുന്ന സോഫ്റ്റ് വെയര്‍ ടെക്‌നോളജി പാര്‍ക്ക് പദ്ധതി നടപ്പിലാകാതിരുന്നതിനെ തുടര്‍ന്ന് 6,93,600 രൂപ വിവിധ സാധനങ്ങള്‍ വാങ്ങിയ വകയില്‍ എസ്.ടി.പി.ഐ നഗരസഭയ്ക്ക് നല്‍കാനുണ്ട്. പണം ആവശ്യപ്പെട്ടപ്പോള്‍ വാങ്ങിയ വസ്തുക്കള്‍ തിരികെ നല്‍കാമെന്നായിരുന്നു എസ്ടിപിഐ പറഞ്ഞത്. എന്നാല്‍ ഇവ ഉപയോഗ ശൂന്യമായെന്നും ലേലം ചെയ്താല്‍ പോലും 50000 രൂപയില്‍ കൂടുതല്‍ ലഭിക്കില്ലെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പണമോ പുതിയ വസ്തുക്കളോ തിരികെ ലഭിക്കുന്നതിന് എസ്ടിപിഐക്കെതിരെ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോടാവശ്യപ്പെടാനും കൗണ്‍സില്‍ തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.