സ്നോഡന്‍ വിഷയം: അമേരിക്ക- റഷ്യ ബന്ധം ഉലയുന്നു

Friday 2 August 2013 9:15 pm IST

വാഷിങ്ങ്ടണ്‍: അമേരിക്ക ചാരവൃത്തിക്കുറ്റം ചുമത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ്‌ സ്നോഡന്‌ അഭയം നല്‍കാനുള്ള റഷ്യയുടെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നു. റഷ്യയ്ക്കു തിരിച്ചടി നല്‍കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രതിഫലനങ്ങള്‍ക്ക്‌ വഴിവച്ചേക്കും.
ചാരപദ്ധതിയായ പ്രിസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട സ്നോഡനെ രാഷ്ട്രീയ അഭയാര്‍ത്ഥിയായി അംഗീകരിച്ചതിലൂടെ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ മുഖത്തടിച്ചതിനു സമാനമായ നിലപാടിലേക്ക്‌ നീങ്ങിയിരിക്കുകയാണ്‌ റഷ്യ. ഇതിനുള്ള അമേരിക്കന്‍ പ്രതികരണം എങ്ങനെയാവുമെന്നത്‌ നയതന്ത്രലോകം ഉറ്റുനോക്കുകയാണ്‌. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ്‌ സൈനികരുടെ പിന്മാറ്റത്തിന്‌ റഷ്യന്‍ അതിര്‍ത്തി ഉപയോഗിക്കേണ്ടിവരുമെന്നത്‌ ഉള്‍പ്പെടെയുള്ള ചില കാര്യങ്ങള്‍ യുഎസിന്റെ ആക്രമണോത്സുകത കുറയ്ക്കുന്നുണ്ട്‌. പക്ഷേ സെപ്റ്റംബറിലെ മോസ്കോ ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടെന്ന്‌ ഒബാമ തീരുമാനിച്ചാല്‍ അതു റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിനു ക്ഷീണമാകും. പിന്നാലെ സെന്റ്‌ പീറ്റേഴ്സ്‌ ബര്‍ഗ്‌ ആതിഥ്യം വഹിക്കുന്ന ജി-20 സമ്മേളനത്തില്‍ നിന്ന്‌ ഒബാമ പിന്മാറുകകൂടി ചെയ്താല്‍ സ്ഥിതിഗതികള്‍ അതിലും സങ്കീര്‍ണതയിലേക്ക്‌ നീങ്ങും മോസ്കോ ഉച്ചകോടി പ്രതീക്ഷിച്ചതുപോലെ നടന്നാലും അമേരിക്ക- റഷ്യ ഭിന്നതകളില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ്‌ വിലയിരുത്തല്‍. ഒബാമ- പുടിന്‍ രസതന്ത്രം അത്ര വിജയകരമല്ലെന്ന്‌ മുന്‍ കൂടിക്കാഴ്ച്ചകളുടെ ഫലപ്രാപ്തിയെ ചൂണ്ടിക്കാട്ടി നയതന്ത്ര വിദഗ്ധര്‍ സമര്‍ത്ഥിക്കുന്നു.
സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്‌ അന്ത്യം കുറിക്കല്‍, ഇറാനുമായുള്ള ആണവ നിര്‍വ്യാപന കരാര്‍ യാഥാര്‍ത്ഥ്യമാക്കല്‍ തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ക്ക്‌ റഷ്യയുടെ ഇപ്പോഴത്തെ നടപടി വിഘാതം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. ആണവായുധങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഉദ്ദേശിച്ച്‌ ഇരുരാജ്യങ്ങളുമായി ഒപ്പിടാനിരിക്കുന്ന കരാറിനെയും സ്നോഡന്‍ വിഷയം ബാധിച്ചേക്കും.
ഭീകരവിരുദ്ധ പോരാട്ടത്തിനുള്ള യുഎസ്‌-റഷ്യ കൂട്ടുകെട്ട്‌ പ്രതീക്ഷാ നിര്‍ഭരമായ ചില ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബോസ്റ്റണ്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവിരുദ്ധ പോരാട്ടത്തിലെ പ്രതിബദ്ധത ഇരുരാജ്യങ്ങളും അടിവരയിടുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭീകരത തടയാനുള്ള നടപടികള്‍ എത്രത്തോളം മുന്നോട്ടുപോകുമെന്ന്‌ കണ്ടറിയേണ്ടിരിക്കുന്നു.
ശീതസമരകാലം മുതല്‍ അസ്വാരസ്യങ്ങള്‍ തുടര്‍ച്ചയായ അമേരിക്ക-റഷ്യ നയതന്ത്രബന്ധത്തില്‍ അടുത്തകാലത്തായി നേരിയ ഊഷ്മള കൈവന്നിരുന്നു. യുഎസ്‌ പ്രസിഡന്റ്‌ പദത്തില്‍ വീണ്ടുമെത്തിയ ഒബാമ റഷ്യന്‍ ഈ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ പരിശ്രമിച്ചു. പക്ഷേ, റഷ്യയുടെ ഭരണസാരഥ്യം പുടിന്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ അവതാളത്തിലായി.
സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന റഷ്യന്‍ നടപടി അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇറാന്‍ പ്രശ്നമടക്കമുള്ള കാര്യങ്ങളില്‍ റഷ്യയുടെ തന്ത്രപരമായ നീക്കങ്ങള്‍ മനസിലാക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടെന്ന്‌ പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്‌. അതിനാല്‍ത്തന്നെ പുടിന്‌ തക്കതായ മറുപടി നല്‍കാനാവും അമേരിക്കന്‍ നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.