ആരോരുമറിയാതെ

Wednesday 10 August 2011 9:30 pm IST

പ്രധാനമന്ത്രിയുടെ ഓഫീസില്‍ സോണിയ ഗാന്ധിയുടെ സ്വാധീനം വേണ്ടപോലെ ഫലിക്കുന്നില്ലെന്ന ധാരണയില്‍ മലയാളിയായ ടി.കെ.എ.നായരെ മാറ്റി, സോണിയയുടെ വിശ്വസ്തനായ ലോകബാങ്കിലെ പുലോക്‌ ചാറ്റര്‍ജിയെ മന്‍മോഹന്‍സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതിനെ കഴിഞ്ഞ വ്യാഴാഴ്ച ഈ പംക്തിയില്‍ പരാമര്‍ശിച്ചിരുന്നു. വെള്ളിയാഴ്ച അറിയുന്നത്‌ ചാറ്റര്‍ജി ദല്‍ഹിയിലെത്തുന്നതിന്‌ പകരം ന്യൂയോര്‍ക്കില്‍, മെമ്മോറിയല്‍ സ്ലോണ്‍ കെറ്റെറിംഗ്‌ കാന്‍സര്‍ സെന്ററില്‍ (എംഎസ്കെസിസി) ചികിത്സയില്‍ കഴിയുന്ന സോണിയ ഗാന്ധിയെ പരിചരിക്കുന്നതായാണ്‌. രോഗബാധിതയായ സോണിയയോടൊപ്പം ന്യൂയോര്‍ക്കിലുള്ളത്‌ രാഹുല്‍, പ്രിയങ്ക, റോബര്‍ട്ട്‌ വധേര എന്നിവരെ കൂടാതെ പുലോക്‌ മാത്രമാണ്‌.
ഇന്ത്യയാകെ ഞെട്ടിച്ചതാണ്‌ രോഗബാധിതയായ സോണിയ ഗാന്ധി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക്‌ വിധേയയായി എന്ന വാര്‍ത്ത. പരസ്പ്പര വിരുദ്ധവും അതിലേറെ ദുരൂഹവും അപൂര്‍ണവുമായിരുന്നു ഇന്ത്യയിലെ 'പ്രഥമവനിത'യുടെ രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയും നല്‍കിയ ഔദ്യോഗിക വിശദീകരണം. അനാവശ്യമായി അഭ്യൂഹങ്ങളും ആശങ്കയും സൃഷ്ടിച്ചുകൊണ്ട്‌, എന്തൊക്കെയോ മനഃപൂര്‍വം മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ വേണം സോണിയയുടെ രോഗത്തെയും ചികിത്സയെയും സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളില്‍നിന്ന്‌ അനുമാനിക്കാന്‍.
മറച്ച്‌ വെയ്ക്കുന്നത്‌ തുറന്നു കാണിക്കുന്നതാണല്ലൊ മാധ്യമപ്രവര്‍ത്തനം. ജനം അറിയേണ്ടവ, അവരെ അറിയിക്കേണ്ടത്‌ മാധ്യമങ്ങളുടെ മൗലിക ധര്‍മവും. എപ്പോള്‍, എവിടെ, അത്‌ അസാധ്യമാവുന്നോ അപ്പോള്‍, അവിടെ, മാധ്യമപ്രവര്‍ത്തനം അര്‍ത്ഥരഹിതമാവുന്നു. അവിടെ ജനാധിപത്യം അപൂര്‍ണമാവുന്നു. ജനം എന്തറിയണം, എപ്പോള്‍ അറിയണമെന്ന്‌ തീരുമാനിക്കേണ്ടതും മാധ്യമങ്ങള്‍ തന്നെ. ഇന്ത്യയെന്ന ജനാധിപത്യരാഷ്ട്രത്തിലെ സര്‍വശക്തയും സര്‍വാധികാരിയുമായ കിരീടം ചൂടാത്ത വ്യക്തി രോഗബാധിതയാണെന്നും ചികിത്സയിലാണെന്നും ഉള്ള വിവരം ജനം അറിയേണ്ടെന്നും അറിയിക്കേണ്ടെന്നും ഇവിടുത്തെ ഭരണകൂടവും ഭരണകക്ഷിനേതൃത്വവും ആദ്യം തീരുമാനിക്കുന്നു. അറിയാനും അറിയിക്കാനും ബാധ്യസ്ഥരായ മാധ്യമങ്ങള്‍ അതറിയാതിരിക്കുകയോ, അഥവാ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന്‌ ഭാവിക്കുകയോ, അതുകൊണ്ട്‌ ജനത്തെ അറിയിക്കാതിരിക്കുകയോ ചെയ്യുന്നു. അധികകാലം അത്‌ മറച്ചുവെയ്ക്കാനാവില്ലെന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ അല്‍പ്പവിവരം മാത്രം മാധ്യമങ്ങളെ അറിയിക്കുന്നു. അപൂര്‍ണമായ ആ വിവരം മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കുന്നു. കൂരിരുട്ടില്‍ കറുത്ത പൂച്ചയെ തിരയുന്നതുപോലെ എന്ന ഇംഗ്ലീഷിലുള്ള പ്രയോഗം ഓര്‍മിപ്പിക്കുന്ന തരത്തിലാണ്‌ സോണിയ ഗാന്ധിയുടെ രോഗവിവരം ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌.
രോഗമെന്തെന്നോ ചികിത്സയെന്തെന്നോ ചികിത്സിക്കപ്പെടുന്നത്‌ എവിടെ, ഏത്‌ ആശുപത്രിയിലെന്നോ വെളിപ്പെടുത്തുന്നില്ല. ഒരജ്ഞാത രോഗത്തിന്‌, ഒരജ്ഞാത കേന്ദ്രത്തില്‍ സോണിയ ഗാന്ധി ചികിത്സയിലാണെന്നും അതിന്റെ ഭാഗമായി അവര്‍ക്ക്‌ ശസ്ത്രക്രിയ അനിവാര്യമാണെന്നും മാത്രമാണ്‌ കോണ്‍ഗ്രസ്‌ വക്താവ്‌ ജനാര്‍ദ്ദനന്‍ ദ്വിവേദി മാധ്യമ പ്രവര്‍ത്തകരെ കഴിഞ്ഞ വ്യാഴാഴ്ച വൈകി അറിയിച്ചത്‌. അതില്‍ തന്നെ, അറിഞ്ഞൊ അറിയാതെയോ ഒരു തിരുത്തല്‍ വേണ്ടിവന്നു കോണ്‍ഗ്രസ്‌ വക്താവിന്‌. ശസ്ത്രക്രിയയ്ക്ക്‌ വിധേയയായി എന്ന്‌ ആദ്യം അറിയിച്ച ദ്വിവേദി പിന്നെ ശസ്ത്രക്രിയ നടക്കാനിരിക്കുന്നതേ ഉള്ളൂ എന്ന്‌ സ്വയം തിരുത്തി.
സോണിയയേയും കുടുംബാംഗങ്ങളേയും സംബന്ധിച്ച്‌ കുറെ നാളുകളായി കേള്‍ക്കുന്ന വാര്‍ത്തകളൊക്കെ ദുരൂഹത സൃഷ്ടിക്കുന്നവയാണ്‌. അവരുടെ ഇടയ്ക്കിടെയുള്ള വിദേശയാത്രകളുടെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിട്ടും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്‌. രാഹുല്‍ഗാന്ധിയുടെ നാല്‍പ്പതാം ജന്മദിനത്തില്‍, ആഘോഷങ്ങള്‍ സംഘടിപ്പിച്ച്‌ കാത്തിരിക്കവേയാണ്‌ അദ്ദേഹം ആ ദിവസം പെട്ടെന്ന്‌ വിദേശത്ത്‌ പോയി എന്ന വിവരം അനുയായികളെ നിരാശപ്പെടുത്തിയത്‌. പിറന്നാള്‍ ആഘോഷിക്കാന്‍ രാഹുല്‍ വിദേശത്തുപോവുക പതിവാണെന്ന്‌ പിന്നീട്‌ നാം കേള്‍ക്കുന്നു. വേറൊരവസരത്തില്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു എന്ന്‌ ദല്‍ഹിയിലെ ബന്ധപ്പെട്ട അധികൃതര്‍ അറിയുന്നത്‌ മടങ്ങിവരവെ അദ്ദേഹത്തിന്റെ സെല്‍ഫോണ്‍ വിമാനത്താവളത്തില്‍ വെച്ച്‌ കൈമോശം വന്നപ്പോഴാണ്‌.
വളരെ പ്രധാനപ്പെട്ട വേളകളിലെ സോണിയ ഗാന്ധിയുടെ ശ്രദ്ധേയമായ അസാന്നിദ്ധ്യത്തിനും വിചിത്രമായ വിശദീകരണങ്ങളാണ്‌ പലപ്പോഴും അധികൃതരില്‍നിന്നുണ്ടായിട്ടുള്ളത്‌. അവരുടെ ഇടയ്ക്കിടെയുള്ള വിദേശയാത്രകള്‍ ഇവിടെ ആരെയും അറിയിക്കാറില്ല, ആരും അറിയാറുമില്ല. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ്‌ അദ്ദേഹവുമായി മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച പെട്ടെന്ന്‌ റദ്ദാക്കി സോണിയ വിദേശത്തേക്ക്‌ പറന്നത്‌. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിന്റെ ഉദ്ഘാടനവേളയിലും ഭരണമുന്നണിയുടെ അധ്യക്ഷ സന്നിഹിതരായിരുന്നില്ല. അതിനൊക്കെ കോണ്‍ഗ്രസ്‌ വക്താക്കള്‍ക്ക്‌ മുടന്തന്‍ ന്യായങ്ങള്‍ പറയാനുണ്ടായിരുന്നു.
കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്കുള്ളില്‍ ഇത്‌ രണ്ടാമത്തെ പ്രാവശ്യമാണ്‌ ആരുമറിയാതെ സോണിയ ഗാന്ധി ഇന്ത്യ വിടുന്നത്‌. ആദ്യതവണയും അമേരിക്കയിലേക്കാണ്‌ അവര്‍ പോയതെന്നും അനാരോഗ്യവുമായി ബന്ധപ്പെട്ടായിരുന്നു ആ യാത്രയെന്നും വെളിപ്പെടുത്തിയിരുന്നില്ല. രണ്ടുവര്‍ഷം മുമ്പ്‌ ദല്‍ഹിയില്‍ തന്നെ ഗംഗാഗ്രാം ആശുപത്രിയില്‍ ചികിത്സാര്‍ത്ഥം സോണിയ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അതും പരമരഹസ്യമായിരുന്നു.
സോണിയ ഗാന്ധി എന്തു രോഗത്തിന്‌ ഏത്‌ ആശുപത്രിയില്‍ ചികിത്സിക്കപ്പെടുന്നു എന്ന്‌ ഒരു കാരണവശാലും വെളിപ്പെടുത്തരുതെന്ന ശക്തമായ നിര്‍ദ്ദേശമാണ്‌ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സലേറ്റിനും വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിക്കും നല്‍കിയിരിക്കുന്നത്‌. ആശുപത്രിയില്‍ 'അണ്‍ലിസ്റ്റഡ്‌ വിഐപി പേഷ്യന്റ്‌' ആയാണ്‌ അവര്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നതത്രെ. അതുകൊണ്ടുതന്നെ സോണിയയെ അഡ്മിറ്റ്‌ ചെയ്തതായോ ഡിസ്ചാര്‍ജ്‌ ചെയ്തതായോ ആശുപത്രി അധികൃതര്‍ക്ക്‌ ഔദ്യോഗികമായി വിശദീകരിക്കാനുമാവില്ല. അതേയവസരത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ന്യൂയോര്‍ക്കിലെ സ്ലോണ്‍ കെറ്റെറിംഗ്‌ കാന്‍സര്‍ സെന്ററിന്‌ മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ ചിത്രം ചില പത്രങ്ങളില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. ആശുപത്രിയ്ക്കുള്ളിലെ ചാപ്പലില്‍ തന്നെ പ്രാര്‍ത്ഥന നടത്താന്‍ തങ്ങളെ അനുവദിക്കണമെന്ന അവരുടെ ആവശ്യം അധികൃതര്‍ അനുവദിച്ചില്ലെന്ന വാര്‍ത്തയും പ്രസിദ്ധീകരിച്ചിരുന്നു.
ആഗോള പ്രശസ്തിയാര്‍ജിച്ച കാന്‍സര്‍ ചികിത്സാ കേന്ദ്രമാണ്‌ ന്യൂയോര്‍ക്കിലെ സ്ലോണ്‍ കെറ്റെറിംഗ്‌ സെന്റര്‍. സുപ്രസിദ്ധ ഓങ്കോളജിസ്റ്റായ ഡോ.ദത്താത്രേയ നൂറിയുടെ മേല്‍നോട്ടത്തിലാണ്‌ സോണിയ ചികിത്സിക്കപ്പെടുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. സ്ത്രീകളിലെ കാന്‍സര്‍ ബാധ ചികിത്സിക്കുന്നതില്‍ ഡോ.നൂറി അതിവിദഗ്ദ്ധനാണെന്ന്‌ ഒരു യുഎസ്‌ വനിതാ മാസിക സാക്ഷ്യപ്പെടുത്തുന്നു. ന്യൂയോര്‍ക്കിലെ വീല്‍ കോര്‍ണല്‍ മെഡിക്കല്‍ കോളേജിലെ റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തിന്റെ തലവനാണ്‌ ഡോ.നൂറി.
ആശങ്കയും അഭ്യൂഹങ്ങളും ഉണര്‍ത്തുന്നവയാണ്‌ സോണിയയുടെ ആരോഗ്യത്തെ സംബന്ധിച്ച്‌ ഇന്ത്യന്‍ ഭരണകൂടവും ഭരണമുന്നണി നേതൃത്വവും പുലര്‍ത്തുന്ന വാചാലമായ മൗനം. അപകടകരമായ കിംവദന്തികള്‍ നാട്ടിനകത്തും പുറത്തും അതിവേഗത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ സംവിധാനത്തിന്റെ നേതാവും മാര്‍ഗദര്‍ശിയുമായ വ്യക്തിയുടെ ആരോഗ്യനിലയെ പറ്റിയുള്ള യഥാര്‍ത്ഥ ചിത്രമറിയാന്‍ ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ട്‌. അത്‌ നിഷേധിക്കുന്നത്‌ ജനങ്ങളോടുള്ള അവഹേളനവും ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയുമാണ്‌.
സാങ്കേതികമായി സോണിയ ഭരണാധികാരിയല്ല. പക്ഷെ ഭരണത്തെ നയിക്കുന്നതും നിയന്ത്രിക്കുന്നതും സോണിയയാണ്‌. അക്കാരണത്താല്‍ തന്നെ ഇന്ത്യയിലെ പ്രഥമകുടുംബത്തിന്റെ സ്വകാര്യതയ്ക്ക്‌ പരിമിതിയുണ്ട്‌. ഇന്ത്യയില്‍ നാളിതുവരെ പ്രധാനമന്ത്രിമാര്‍ക്കൊ രാഷ്ട്രപതിമാര്‍ക്കൊ പോലും അനുവദിച്ചിട്ടില്ലാത്ത സ്വകാര്യതയാണ്‌ സോണിയയും കുടുംബവും ഇപ്പോള്‍ അനുഭവിക്കുന്നത്‌. അടല്‍ ബിഹാരി വാജ്പേയ്‌ പ്രധാനമന്ത്രി ആയിരിക്കേ അദ്ദേഹത്തിന്റെ വ്യക്തി ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങളും കാല്‍മുട്ടില്‍ നടത്തിയ ശസ്ത്രക്രിയയും അങ്ങാടിപ്പാട്ടായിരുന്നു. രാഷ്ട്രപതിമാരായിരുന്നവരില്‍ പലരുടേയും രോഗമൊ ചികിത്സയൊ രഹസ്യമായിരുന്നില്ല. ഇന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ആരോഗ്യനിലയും ആരും മറച്ചുവെയ്ക്കുന്നില്ല. ഇന്ത്യയില്‍ തന്നെയാണ്‌ അദ്ദേഹത്തിന്‌ ഹൃദയശസ്ത്രക്രിയ നടത്തിയത്‌. ഓരോ ഘട്ടത്തിലും പ്രധാനമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക മെഡിക്കല്‍ ബുള്ളറ്റിനുകളായി പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയുള്‍പ്പെടെയുള്ള ഇതര ജനാധിപത്യ രാജ്യങ്ങളിലും ഇതാണ്‌ പതിവ്‌. ഭരണാധികാരിയുടെ ആരോഗ്യാവസ്ഥ പരമരഹസ്യമായി സൂക്ഷിക്കുന്നത്‌ ജനായത്തമില്ലാത്ത ഭരണവ്യവസ്ഥകളില്‍ മാത്രമാണ്‌.
ഇനിയെന്നാണ്‌ സോണിയ ചികിത്സ കഴിഞ്ഞ്‌ ഇന്ത്യയിലേക്ക്‌ മടങ്ങുകയെന്നതും ഇപ്പോള്‍ വ്യക്തമല്ല. മൂന്നാഴ്ച കഴിഞ്ഞ്‌ എത്തുമെന്ന്‌ കോണ്‍ഗ്രസ്‌ വക്താവും കുറഞ്ഞത്‌ ഒരുമാസമെങ്കിലും കഴിഞ്ഞേ മടങ്ങാനാവൂ എന്ന്‌ അമേരിക്കയില്‍നിന്നുള്ള റിപ്പോര്‍ട്ടുകളും പറയുന്നു. സോണിയ ഗാന്ധിയേയും ഇന്ത്യയേയും ദൈവം രക്ഷിക്കട്ടെ എന്നല്ലാതെ എന്തുപറയാന്‍.
ഹരി എസ.്‌ കര്‍ത്താ
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.