തലശ്ശേരി: ദിനംപ്രതി നാട്ടില്‍ നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹ്യതിന്മകള്ക്കെതിരെ തൊഴിലാളികള്‍ രംഗത്തിറങ്ങാന്‍ തയ്യാറാകണമെന്ന് ഭാരതീയ മസ്ദൂര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് ആഹ്വാനം ചെയ്തു. കേരള തയ്യില്‍ മസ്ദൂര്‍ ഫെഡറേഷന് ദ്വിദിന സംസ്ഥാന പഠനശിബിരം തലശ്ശേരി ടാഗോര്‍ വിദ്യാപീഠത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും അനീതിയും കൈമുതലാക്കി പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ പിണിയാളുകളായി ഇനിയും പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് ഉറക്കെ വിളിച്ചു പറയാന്‍ അധ്വാനിച്ചു ജീവിക്കുന്ന തൊഴിലാളികള്‍ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ സോളാര്‍ തട്ടിപ്പിനെതിരെ രാപ്പകല്‍ സമരം നടത്തുന്ന എല്‍ഡിഎഫിന് നേതൃത്വം വഹിക്കന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കെതിരെ ലാവ്ലിന് കേസില്‍ കോടികള്‍ അഴിമതി നടത്തിയെന്നതിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.
അഴിമതിയുടെ കാര്യത്തില്‍ രണ്ട് മുന്നണികളും പരസ്പരം മത്സരിക്കുകയാണ്. ആദിവാസികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ വലഞ്ഞിരിക്കുന്നു. റോഡുകള്‍ തകര്‍ന്നു കിടക്കുകയാണ്. ഇതൊന്നും ശ്രദ്ധിക്കാന്‍ ഇവിടെ രാഷ്ട്രീയക്കാര്‍ക്കോ ഭരണപക്ഷത്തിനോ സമയമില്ല. ഇവിടെയാണ് ബിഎംഎസിന്റെ പ്രസക്തി തൊഴിലാളികള്‍ തിരിച്ചറിയേണ്ടത്. മാതൃകാപരമായ സംഘടനാ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ബിഎംഎസിന്റെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അംഗസംഖ്യ വര്‍ദ്ധിക്കുന്നതിനൊപ്പം സാമൂഹ്യതിന്മകള്‍ക്കെതിരെയും പ്രതികരിക്കാന്‍ തൊഴിലാളികള്‍ രംഗത്തിറങ്ങി പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കും തയ്യാറാവണമെന്നും ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.
പഠനശിബിരത്തില്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട് പി.കൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് കെ.പി.ജ്യോതിര്‍മനോജ്, സെക്രട്ടറി പി.ബാലന് എന്നിവര്‍ സംസാരിച്ചു. സംഘടനാ-സാമ്പത്തിക സംവിധാനത്തെക്കുറിച്ച് ബിഎംഎസ് സംസ്ഥാന ട്രഷറര്‍ വി.രാധാകൃഷ്ണന്, ക്ഷേമനിധി പ്രവര്‍ത്തനത്തെക്കുറിച്ച് സി.സുരേഷ്, സംഘടനാ വികാസത്തെ ആസ്പദമാക്കി സംസ്ഥാന സെക്രട്ടറി പി.ശശിധരന്, കാര്യകര്‍ത്താവ് എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.രാജീവന് എന്നിവര്‍ ക്ലാസെടുത്തു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി വിവേകാനന്ദ സന്ദേശത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഫെഡറേഷന് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു. ഇന്ന് കാലത്ത് 9.30 ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.മുരളീധരനും 11.30 ന് സംസ്ഥാന സംഘടനാ സെക്രട്ടറി പി.എന്‍.ഹരികൃഷ്ണകുമാറും പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: