ഗദ്ദാഫി ഭരണത്തെ അട്ടിമറിക്കാന്‍ യുഎസ്‌ നീക്കം

Wednesday 10 August 2011 9:34 pm IST

വാഷിംഗ്ടണ്‍: ലിബിയയിലെ ഗദ്ദാഫിയെ അട്ടിമറിയിലൂടെ അധികാരത്തില്‍നിന്ന്‌ പുറത്താക്കാന്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. അധികാരത്തില്‍നിന്നൊഴിയാന്‍ ഗദ്ദാഫിയെ പ്രേരിപ്പിക്കുവാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളോടാവശ്യപ്പെടാനാണ്‌ ഈ സന്ദര്‍ശനം.
ഗദ്ദാഫിയുടെ നയങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിച്ച ആഫ്രിക്കന്‍ രാജ്യങ്ങള്‍ ദീര്‍ഘകാലമായി അധികാരത്തില്‍ തുടരുന്ന അദ്ദേഹത്തോട്‌ സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുന്നതില്‍ മടി കാണിച്ചിരുന്നു. ലിബിയയില്‍ നാറ്റോയുടെ നേതൃത്വത്തില്‍ നടക്കുന്ന മുന്നേറ്റങ്ങളേയും അവര്‍ വിമര്‍ശന ദൃഷ്ട്യാ നോക്കിക്കണ്ടു. ഫെബ്രുവരിയില്‍ രാജ്യത്ത്‌ കലാപം പൊട്ടിപ്പുറപ്പെട്ടശേഷം അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയായ ജീന്‍ ക്രെറ്റ്സ്‌ ലിബിയ വിട്ടുപോവുകയുണ്ടായി. കഴിഞ്ഞ ദിവസം അമേരിക്കന്‍ അസിസ്റ്റന്റ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഡോണാള്‍ഡ്‌ യമാന്റോ ആഫ്രിക്കന്‍ യൂണിയന്റെ കേന്ദ്രമായ അഡിസ്‌ അബാബയിലെത്തിച്ചേര്‍ന്നതായി വിദേശകാര്യ വക്താവ്‌ മാര്‍ക്‌ ടോണര്‍ അറിയിച്ചു. നയതന്ത്ര പ്രതിനിധികള്‍ ആഫ്രിക്കന്‍ യൂണിയനിലെ അംഗങ്ങളെ സന്ദര്‍ശിക്കുകയും ലിബിയയിലെ പ്രതിസന്ധിയും ഗദ്ദാഫി അധികാരം വിട്ടൊഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്ന്‌ അദ്ദേഹം തുടര്‍ന്നു. എത്യോപ്യന്‍ പ്രധാനമന്ത്രി മീലസ്‌ സെനാവിയേയും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാന്‍ ജീന്‍ പിങ്ങിനേയും അവര്‍ അഡിസ്‌ അബാബ വിടുന്നതിനുമുമ്പ്‌ സന്ദര്‍ശിക്കും. ലിബിയന്‍ പ്രതിപക്ഷമായ നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ നേതാവായ മഹ്മൂദ്‌ ജിബ്രിലിയുമായും അവര്‍ ചര്‍ച്ച നടത്തും. ഗദ്ദാഫിയുടെ മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച്‌ രാഷ്ട്രങ്ങളെല്ലാം ബോധവാന്മാരാണെന്ന്‌ ടോണര്‍ അറിയിച്ചു. ജൂണില്‍ ആഫ്രിക്കന്‍ യൂണിയന്‍ കേന്ദ്രത്തിലെത്തിയ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളോടും ഗദ്ദാഫിയെ പുറത്താക്കണമെന്നും ഗദ്ദാഫി ഭരണകൂടം നിയമിച്ച നയതന്ത്ര ഉദ്യോഗസ്ഥന്മാരേയും തിരിച്ചയയ്ക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇതുകൂടാതെ ഇപ്പോഴത്തെ പ്രതിപക്ഷത്തെ സഹായിക്കാന്‍ ഹിലരി ക്ലിന്റണ്‍ ആഫ്രിക്കന്‍ യൂണിയനില്‍പ്പെട്ട രാഷ്ട്രങ്ങളോടഭ്യര്‍ത്ഥിച്ചു.
ആഫ്രിക്കന്‍ നേതാക്കള്‍ ഗദ്ദാഫി ഭരണത്തിനെതിരെയുള്ള നാറ്റോയുടെ അക്രമങ്ങളെ പരസ്യമായി എതിര്‍ത്തിരുന്നു. ലിബിയയില്‍ ബോംബ്‌ വര്‍ഷിക്കാന്‍ അനുവദിക്കുന്ന ഐക്യരാഷ്ട്രപ്രമേയത്തേയും അവര്‍ അപലപിച്ചു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.