കുംഭകോണവും കുമ്പസാരവും

Saturday 3 August 2013 9:22 pm IST

കുംഭകോണവും കുമ്പസാരവും കൈമുതലാക്കിയ യുപിഎയുടെ പ്രധാനമന്ത്രി അവസാനം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്‌ സമ്മതിച്ചിരിക്കുന്നു. സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ ബഡ്ജറ്റില്‍ വാഗ്ദാനം ചെയ്തതുപോലെ 6.5 ശതമാനം എത്തിക്കാനാവില്ലെന്ന്‌ സാമ്പത്തിക വിദഗ്ധന്‍കൂടിയായ മന്‍മോഹന്‍സിംഗ്‌ പറയുന്നു. സാമ്പത്തിക വളര്‍ച്ചയുടെ താഴോട്ടുപോക്കും വിലക്കയറ്റവും, കുത്തനെ ഇടിയുന്ന ഇന്ത്യന്‍ കറന്‍സിയും വിദേശ നിക്ഷേപം സമാഹരിക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയും നാണയപ്പെരുപ്പവും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ രോഗാവസ്ഥ വിളിച്ചോതുകയാണ്‌. മാസങ്ങള്‍ക്കുമുമ്പ്‌ ഇതേ രോഗലക്ഷണങ്ങളെല്ലാം പകല്‍പോലെ വ്യക്തമായിരുന്നിട്ടും സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്കരണ നടപടികള്‍ കൊട്ടിഘോഷിച്ച്‌ ധനമന്ത്രി ചിദംബരം സാമ്പത്തികരംഗം സുദൃഢമാക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നതാണ്‌. രാജ്യമാസകലമുള്ള മാധ്യമങ്ങളും അവരുടെ മാനസപുത്രന്മാരായ ഹൈടെക്‌ സാമ്പത്തിക പണ്ഡിതന്മാരും ഒത്തുകൂടി വളരുന്ന സമ്പദ്‌വ്യവസ്ഥയെപ്പറ്റി പ്രതീക്ഷയുണര്‍ത്തി വാചാലമായ നാളുകള്‍ മറക്കാറായിട്ടില്ല. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമൂഹത്തെ കാര്‍ന്നുതിന്നുന്ന അപകടാവസ്ഥ തന്നെയാണ്‌. ധനകാര്യമന്ത്രി എല്ലാം നല്ല നിലയിലെന്ന്‌ ജനങ്ങളോട്‌ പറഞ്ഞ്‌ മാസങ്ങള്‍ക്കുള്ളില്‍ പ്രധാനമന്ത്രി അപകടമണി മുഴക്കത്തക്കവിധം കാര്യങ്ങള്‍ അശുഭകരമായി നീങ്ങുകയാണ്‌.
സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകള്‍ മുതല്‍ സാമ്പത്തിക മേഖലയില്‍ കോണ്‍ഗ്രസ്സിനാല്‍ വഞ്ചിക്കപ്പെട്ട ജനങ്ങളാണ്‌ ഇന്ത്യക്കാര്‍. സ്വാതന്ത്ര്യസമരഘട്ടത്തില്‍തന്നെ ഭാരതം ഗാന്ധിയന്‍ സാമ്പത്തിക പദ്ധതിക്കനുസരിച്ച രൂപപ്പെടുത്തണമെന്ന്‌ ആഗ്രഹിച്ചവരായിരുന്നു ദേശീയ നേതാക്കന്മാര്‍. ഭാരതീയ കാഴ്ചപ്പാടിനനുസരിച്ച്‌ ഗ്രാമീണരേയും ചെറുകിടക്കാരേയും പാരമ്പര്യ മേഖലകളേയും അടിസ്ഥാനഘടകമാക്കികൊണ്ടുള്ള ധര്‍മ്മാധിഷ്ഠിത സാമ്പത്തികനീതിക്കും ഉത്കര്‍ഷത്തിനുമാണ്‌ ഗാന്ധിജി കൊതിച്ചത്‌. സ്വാതന്ത്ര്യസമരത്തിന്റെ ആദ്യഘട്ടം മുതല്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രായോഗിക പരിപാടികള്‍ക്ക്‌ ഗാന്ധിജി രൂപം നല്‍കിയിരുന്നു. 1946 ആകുമ്പോഴേക്കും ബ്രിട്ടീഷുകാര്‍ നാടിനോട്‌ വിടപറയുമെന്നുറപ്പായിരുന്നു. ഗാന്ധിജി തദ്ദേശിയ സാമ്പത്തിക നയം നടപ്പാക്കുന്നതിനായി രൂപീകരിച്ച അന്നത്തെ ഉപസമിതിയുടെ അദ്ധ്യക്ഷന്‍ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ പരാജയകാരണം തേടി പോകുന്നവര്‍ തങ്ങളുടെ ഉദ്ദ്യമത്തിന്‌ ഹരിശ്രീ കുറിക്കേണ്ടത്‌ നെഹ്‌റുവിനെ അദ്ധ്യക്ഷനാക്കിയ സാമ്പത്തിക ഉപസമിതിയുടെ ആദ്യ പാഠത്തില്‍ നിന്നാണ്‌. ഇത്തരമൊരു പഠനം നമ്മെ കൊണ്ടെത്തിക്കുക കോണ്‍ഗ്രസ്സിന്റെ കാപട്യത്തിലും ചതിയിലുമായിരിക്കും.
ജവഹര്‍ലാല്‍ നെഹ്‌റു സമാരാധ്യനായ ദേശീയ നേതാവായിരുന്നെങ്കിലും ഗാന്ധിയന്‍ സാമ്പത്തിക കാഴ്ചപ്പാടിന്റെ നിശബ്ദഘാതകനായിരുന്നുവെന്ന്‌ പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഒരു പാവപ്പെട്ട ഗ്രാമീണ കുടുംബത്തില്‍നിന്നും വളര്‍ന്നുവന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയോളമെത്തിയ ലാല്‍ ബഹദൂര്‍ ശാസ്ത്രി നെഹ്‌റുജിയെ ഉള്ളിന്റെയുള്ളില്‍ എതിര്‍ത്തതിന്റെ കാരണവും സാമ്പത്തികാസൂത്രണത്തില്‍ അദ്ദേഹം കാട്ടിയ ജനവിരുദ്ധതയും സോവിയറ്റ്‌ ആഭിമുഖ്യവുമായിരുന്നു. ഭാരതീയ കര്‍ഷകന്റെയും ഗ്രാമീണന്റെയും ഹൃദയമിടിപ്പ്‌ മനസ്സിലാക്കുന്നതില്‍ ഗാന്ധിജി വിജയിയും നെഹ്‌റുജി പരാജിതനുമായിരുന്നു. ഇന്ത്യന്‍ ആസൂത്രണത്തിന്റെ അടിസ്ഥാന ബിന്ദു ഗ്രാമവും കര്‍ഷകനുമെന്നായിരുന്നു ഗാന്ധിജി നിഷ്കര്‍ഷിച്ചത്‌. എന്നാല്‍ നെഹ്‌റുജി അധികാരമേറ്റെടുത്തശേഷം ഗാന്ധിയന്‍ സാമ്പത്തിക സമീപനത്തിന്റെനേരെ എതിര്‍ദിശയിലാണ്‌ നിലയുറപ്പിച്ചത്‌. മാനവരാശിയുടെ മൂന്നിലൊരുഭാഗം ജനങ്ങള്‍ ആവേശപൂര്‍വ്വം വാരിപ്പുണര്‍ന്ന കമ്യൂണിസത്തിന്‌ ഒപ്പം നിന്ന്‌ ലോകത്തിന്റെ കൈയ്യടിവാങ്ങാനാണ്‌ ആദ്യ പ്രധാനമന്ത്രി ശ്രമിച്ചത്‌. റഷ്യന്‍ മോഡല്‍ ആസൂത്രണം കടമെടുത്ത്‌ നടപ്പാക്കുകവഴി ഇന്ത്യന്‍ ആസൂത്രണം ചാപിള്ളയായിപ്പോയി എന്നതാണ്‌ ചരിത്രസത്യം. എന്തുകൊണ്ട്‌ ഇന്ത്യന്‍ ആസൂത്രണം പരാജയപ്പെട്ടു എന്ന ചോദ്യത്തിന്‌ ഇപ്പോഴും ശരിയായിട്ടുള്ള ഉത്തരം ലഭ്യമല്ല.
1991 ലെ നരസിംഹറാവുഭരണത്തിന്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിന്റെ പാര്‍ലമെന്റിലെ ഡിസംബര്‍ പ്രസംഗമാണ്‌ ഉദാരവല്‍ക്കരണത്തിന്റെ വിളംബരരേഖയായി സാമ്പത്തിക ചരിത്രം കുറിച്ചിട്ടിട്ടുള്ളത്‌. സാമ്പത്തിക മാന്ദ്യത്തിന്റെ കയത്തില്‍നിന്നും നാടിനെ രക്ഷിക്കാന്‍ സഹായിക്കണമെന്ന അപേക്ഷ അന്ന്‌ വാജ്പേയിജീയോടും, ജോര്‍ജ്ജ്‌ ഫെര്‍ണ്ണാണ്ടസിനോടും അവരുടെ പെരെടുത്ത്‌ പറഞ്ഞ്‌ മന്‍മോഹന്‍സിംഗ്‌ പാര്‍ലമെന്റില്‍ നടത്തിയിരുന്നു.
രാജ്യസ്നേഹികളായ പ്രസ്തുത ദേശീയ നേതാക്കന്മാര്‍ രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത്‌ സാമ്പത്തിക പ്രശ്നപരിഹാരത്തിന്‌ ഭരണകൂടത്തിനോട്‌ സഹകരിക്കുകയാണുണ്ടായത്‌. എന്നാല്‍ എന്തുകൊണ്ട്‌ 44 കൊല്ലം പിന്നിട്ട സ്വതന്ത്ര ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പരാജയപ്പെട്ടു എന്ന ചോദ്യത്തിന്‌ കോണ്‍ഗ്രസ്സിനെകൊണ്ട്‌ ഉത്തരം പറയിപ്പിക്കാന്‍ അന്നത്തെ പ്രതിപക്ഷം ശ്രമിക്കാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്തു. കോണ്‍ഗ്രസ്സിന്റെ തെറ്റായ നയങ്ങളും റഷ്യന്‍ ആഭിമുഖ്യവുംകൊണ്ട്‌ അപഥസഞ്ചാരംചെയ്ത്‌ തകര്‍ന്നടിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ജനങ്ങളുടെ സ്മൃതിപഥത്തില്‍ അവശേഷിക്കുന്നു.
1991 മുതല്‍ നരസിംഹറാവു സര്‍ക്കാരും ഇടതുപക്ഷ സര്‍ക്കാരും ഇന്ദ്രപസ്ഥം ഭരിച്ചിരുന്നു. 1998 ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യസഖ്യം അധികാരത്തില്‍ വന്നു. 1997-98 കാലഘട്ടം മുതല്‍ 2003-2004 വരെയുള്ള അരവ്യാഴവട്ടക്കാലം ഒരു ഭാഗത്തും അതിനു മുമ്പും അതിനു ശേഷമുള്ള കാലഘട്ടം മറുതട്ടിലുമായി സാമ്പത്തികരംഗത്തെകുറിച്ച്‌ രാജ്യമാസകലം ചര്‍ച്ച ചെയ്യേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. ഇപ്പോഴുള്ള മന്‍മോഹന്‍സിംഗിന്റെ കുമ്പസാരത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു താരതമ്യപഠനവും വിലയിരുത്തലും നല്ലതാണ്‌. 1997 -98 ല്‍ 4.9 ശതമാനം വളര്‍ച്ചാനിരക്കുള്ള സമ്പദ്‌വ്യവസ്ഥയാണ്‌ ബിജെപിസഖ്യം ഭരണം ഏറ്റെടുത്തത്‌. ശാശ്വതമായ ഭക്ഷ്യ ദുര്‍ലഭ്യതയായിരുന്നു അക്കാലഘട്ടത്തിന്റെ മുഖമുദ്ര. ഭക്ഷ്യധാന്യങ്ങള്‍ അന്ന്‌ ഇന്ത്യാരാജ്യം ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലായിരുന്നു. നാണയപ്പെരുപ്പ നിരക്ക്‌ 7 മുതല്‍ 10 വരെ ശതമാനമായിരുന്നു.
വിദേശനാണ്യശേഖരം കേവലം 29 ബില്ല്യന്‍ ഡോളര്‍ മാത്രമായി ചുരുങ്ങിയത്‌ അന്നായിരുന്നു. ആന്തരിക സൗകര്യങ്ങളുടെ അഭാവവും ഇന്ധന ചാര്‍ജ്ജിന്റെയുംമറ്റും ഉയര്‍ന്ന നിരക്കും കാരണം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 'ഹൈക്കോസ്റ്റ്‌ എക്കോണമിയായി' അന്ന്‌ അറിയപ്പെട്ടിരുന്നു. രൂക്ഷമായ വിലക്കയറ്റംകൊണ്ട്‌ നാട്‌ അന്ധാളിച്ചുപോയ കാലഘട്ടംകൂടിയായി പ്രതിസന്ധിയുടെ ആ നാളുകളെ വിശേഷിപ്പിക്കാവുന്നതാണ്‌. സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്‌ എന്‍ഡിഎ ഭരണമേറ്റെടുത്തത്‌.
2004 ല്‍ വാജ്പേയ്‌ ഭരണകൂടം കോണ്‍ഗ്രസ്സിന്‌ അധികാരം കൈമാറുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമായിരുന്നെന്ന്‌ യുപിഎയുടെ കന്നി ബഡ്ജറ്റില്‍തന്നെ സമ്മതിച്ചിരുന്നു. ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്ത ഇന്ത്യാരാജ്യം എന്‍ഡിഎ ഭരണത്തില്‍ കയറ്റുമതി ചെയ്ത അവസ്ഥയുണ്ടായി. ഭക്ഷ്യ ഉല്‍പാദനം സര്‍വ്വകാല റിക്കാര്‍ഡായി വര്‍ദ്ധിച്ചു. സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ 8.4 ശതമാനമായി അക്കാലത്ത്‌ വര്‍ദ്ധിച്ചു. ഹൈവേ ടെലികോം തുറമുഖം, റെയില്‍വേ ഭവന നിര്‍മ്മാണം ശുദ്ധജലവിതരണം എന്നീ മേഖലകളില്‍ വന്‍ നേട്ടമുണ്ടായതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.
ഭക്ഷണ സാധനങ്ങള്‍ക്കും ഫോണ്‍ കണക്ഷനും, ഗ്യാസ്‌ കണക്ഷനുമായി ജനങ്ങള്‍ക്ക്‌ ക്യൂ നില്‍ക്കേണ്ടി വരികയോ ശുപാര്‍ശ നടത്തുകയോ വേണ്ടെന്ന രീതിയിലേക്ക്‌ കാര്യങ്ങള്‍ വാജ്പേയി സര്‍ക്കാരിങ്കീഴില്‍ മാറിയിരുന്നു. വിലക്കയറ്റമെന്ന പ്രശ്നം 2000-2004 കാലഘട്ടത്തില്‍ പാര്‍ലമെന്റിന്‍ ഒരിക്കല്‍പോലും പ്രതിപക്ഷത്തിന്‌ ഉന്നയിക്കേണ്ടിവന്നില്ല. ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം കണ്ട്‌ അക്കാലത്ത്‌ വര്‍ദ്ധിച്ച്‌ റിക്കാര്‍ഡ്‌ സൃഷ്ടിച്ചിരുന്നു. നാണയപ്പെരുപ്പം 4 ശതമാനത്തിലും താഴേക്കു കൊണ്ടുവരാന്‍ വാജ്പേയ്‌ ഭരണകൂടത്തിന്‌ സാധിച്ചത്‌ മികച്ച നേട്ടമായിരുന്നു. ഇന്ത്യയുടെ പുറംകടം 24.3 ശതമാന (ജിഡിപിയുടെ) ത്തില്‍നിന്നും 17.8 ശതമാനമാക്കി കുറച്ചതും അക്കാലത്തായിരുന്നു. ഏഷ്യ മുഴുവന്‍ സൗത്ത്‌ ഈസ്റ്റ്‌ പ്രതിസന്ധിയുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്ന കാലഘട്ടത്തിലാണ്‌ ബിജെപി ഭരണകൂടം സാമ്പത്തികരംഗത്ത്‌ ഇത്തരമൊരു ചരിത്രനേട്ടമുണ്ടാക്കിയത്‌. സ്വാഭിമാനം ഉയര്‍ത്തിപ്പിടിച്ച്‌ ഇന്ത്യ പൊക്രാന്‍ ആണവ പരീക്ഷണം നടത്തി നേട്ടമുണ്ടാക്കിയ കാലഘട്ടം കൂടിയായിരുന്നു അത്‌. ഇതിന്റെപേരില്‍ അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി തടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധം ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വിസ്മയകരമായ സുസ്ഥിരതയും, ജനക്ഷേമവും കൈവരിച്ചു.
2004 ല്‍ വാജ്പേയി സര്‍ക്കാരിന്റെ തുടര്‍ച്ചയായി അധികാരം കൈയ്യാളിയ കോണ്‍ഗ്രസ്സിന്റെ ഒരു ദശകമെത്തുന്ന ഭരണത്തിന്‍കീഴില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്ന്‌ 2007 നേക്കാള്‍ മോശമായ പതനത്തിലെത്തിയിരിക്കുന്നു. കോണ്‍ഗ്രസ്സ്‌ ഭരണത്തിന്റെ തെറ്റായ നയങ്ങളും കൊള്ളയും കെടുകാര്യസ്ഥതയുംകൊണ്ടാണ്‌ സമ്പദ്‌വ്യവസ്ഥ നാശോന്മുഖമായിത്തീര്‍ന്നത്‌. സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇന്നൊരു സ്വപ്നം മാത്രമായി ജനമനസ്സുകളില്‍ ഒതുങ്ങിയിരിക്കുന്നു. ജനങ്ങള്‍ക്ക്‌ ശാപവും ഭാരവുമായ ഭരണകൂടത്തിന്റെ പതനം പൂര്‍ത്തിയാകുകവഴി മാത്രമേ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക കരകയറാന്‍ കഴിയുകയുള്ളൂ.
psspillai@yahoo.in അഡ്വ. പി.എസ്‌ ശ്രീധരന്‍പിള്ള

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.