മേയര്‍ക്കെതിരെ ജനരോഷം ലണ്ടനില്‍ കലാപം പടരുന്നു

Wednesday 10 August 2011 9:36 pm IST

ലണ്ടന്‍: പോലീസ്‌ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപം ലണ്ടന്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുന്നു. പോലീസിനെ നോക്കുകുത്തിയാക്കി നിര്‍ത്തി കലാപകാരികള്‍ അഴിഞ്ഞാടുകയാണ്‌.
ഇംഗ്ലണ്ടിലെ മധ്യഭാഗത്തും വടക്കന്‍ പ്രദേശങ്ങളിലും മുഖംമൂടി ധരിച്ച യുവാക്കള്‍ കടകള്‍ തകര്‍ത്തും വാഹനങ്ങള്‍ തീവെച്ചും വ്യാപാരസ്ഥാപനങ്ങള്‍ കവര്‍ച്ച ചെയ്തും നാലാം രാത്രിയും അഴിഞ്ഞാടി. ദശാബ്ദങ്ങളായി ബ്രിട്ടണ്‍ കണ്ട ഏറ്റവും ഭീകരമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്‌. അപ്രതീക്ഷിതമായ അക്രമങ്ങള്‍ അരങ്ങേറിയ ലണ്ടന്‍ നഗരത്തിന്റെ പല ഭാഗങ്ങളും അസ്വസ്ഥമാണ്‌. 16,000 പോലീസുകാര്‍ ക്രമസമാധാന പാലനത്തിനായി നിയോഗിക്കപ്പെട്ട മാഞ്ചസ്റ്റര്‍, ഡാല്‍ഫോര്‍ഡ്‌, ലിവര്‍പൂള്‍, വോള്‍വേര്‍ ഹാംടണ്‍, നോട്ടിങ്ന്‍ഘാം, ലെക്ഡെസ്റ്റര്‍ എന്നീ നഗരങ്ങളില്‍ കടകള്‍ അഗ്നിക്കിരയാക്കി സാധനങ്ങള്‍ കൊള്ളയടിച്ചു. അക്രമികള്‍ കടകള്‍ തല്ലിത്തകര്‍ത്ത്‌ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍, ബൈക്കുകള്‍, സ്പോര്‍ട്സ്‌ ഷൂകള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ഒരെതിര്‍പ്പും നേരിടേണ്ടിവരാതെ അനായാസമായി മോഷ്ടിച്ചു. ഇതിനിടെ സിഖ്‌ ഗുരുദ്വാര സംരക്ഷണത്തിനായി വാളുകളും ഹോക്കി സ്റ്റിക്കുകളും മറ്റുമായി 700ഓളം സിഖുകാര്‍ തെരുവിലിറങ്ങി.
800 പേര്‍ അറസ്റ്റിലാവുകയും 100 പേര്‍ക്കെതിരെ തലസ്ഥാനത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്‌ കേസെടുത്തു. 2012ലെ ഒളിമ്പിക്സ്‌ നടത്താനുള്ള ബ്രിട്ടന്റെ കാര്യക്ഷമതയെക്കുറിച്ച്‌ ലഹളകളുടെ പശ്ചാത്തലത്തില്‍ ആശങ്കകളുയര്‍ന്നു. ഇറ്റലിയില്‍ അവധി ആഘോഷിക്കുകയായിരുന്ന പ്രധാനമന്ത്രി അത്‌ നിര്‍ത്തിവെച്ച്‌ രാജ്യത്തേക്ക്‌ മടങ്ങി അടിയന്തര പാര്‍ലമെന്റ്‌ സമ്മേളനം വിളിച്ചുകൂട്ടി. അതേസമയം അഞ്ച്‌ ദിവസങ്ങളായി തുടരുന്ന അക്രമങ്ങള്‍ തടയാന്‍ പരാജയപ്പെട്ട മേയര്‍ ബോറിസ്‌ ജോണ്‍സണെതിരെ ജനരോഷം. ക്ലാഫോം കവലയിലുള്ള തന്റെ ഹെയര്‍ സലൂണ്‍ അക്രമികള്‍ അടിച്ചുതകര്‍ത്തുവെന്നും ഒരു യുദ്ധ സിനിമപോലെയാണ്‌ സംഭവങ്ങള്‍ അരങ്ങേറിയതെന്നും ഒണേലി യേഗി രാറ്റാനോ പരാതിപ്പെട്ടു. കാനഡയില്‍ ഒഴിവുകാലം കഴിഞ്ഞു തിരിച്ചെത്തിയ മേയറെ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നേരിട്ടു. ഞങ്ങള്‍ വലിയൊരു ഞെട്ടലിലായിരുന്നു. ലഹളക്കാര്‍ കളിയാക്കി; ആശ്രയമില്ലാതെ ഞങ്ങള്‍ക്ക്‌ ഭയന്നുകഴിയേണ്ടിവന്നു. അവര്‍ എല്ലാം അടിച്ചുതകര്‍ത്ത ശബ്ദം ഞങ്ങള്‍ക്ക്‌ കേള്‍ക്കാമായിരുന്നു. ഭീകരമായ ശബ്ദമായിരുന്നു അത്‌. അവര്‍ പരസ്പരം അട്ടഹസിച്ചു.
ലഹളക്കാര്‍ കൗമാരക്കാരായിരുന്നു. സംഭവം നടന്ന്‌ രണ്ട്‌ മണിക്കൂറിനുശേഷവും ഭയം കൊണ്ട്‌ എന്റെ ശരീരമാകെ വിറക്കുകയായിരുന്നു. ഇതൊരു യുദ്ധക്കളമാണ്‌. അതോ ഞാന്‍ കണ്ടത്‌ ഒരു യുദ്ധ സിനിമയിലെ ദൃശ്യങ്ങളോ, ഗിരാറ്റാനോ പറഞ്ഞതായി ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മേയര്‍ ജോണ്‍സനെ കൂടാതെ ആഭ്യന്തര സെക്രട്ടറി തെരേസ മേയ്ക്കും തങ്ങളുടെ സ്ഥലങ്ങള്‍ സംരക്ഷിക്കാത്തതില്‍ കുപിതരായ നിവാസികളുടെ ആക്ഷേപം കേള്‍ക്കേണ്ടിവന്നു. കലാപബാധിത പ്രദേശം സന്ദര്‍ശിച്ച ഉപപ്രധാനമന്ത്രി നിക്ക്‌ ക്ലെഗ്ഗിനെ ബര്‍മിങ്ന്‍ഘാമില്‍ തടഞ്ഞുനിര്‍ത്തിയ ജനക്കൂട്ടം അദ്ദേഹത്തോട്‌ സ്വഭവനത്തിലേക്ക്‌ മടങ്ങാന്‍ ഉപദേശിച്ചു.
ഇവിടെ കടകളും മറ്റു വ്യവസായ സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടതില്‍ നഷ്ടം പറ്റിയവരോട്‌ ഞാന്‍ ക്ഷമചോദിക്കുന്നു. ഈ സംഭവത്തില്‍ കലാപം ഉണ്ടാക്കിയവരേയും സാധനങ്ങള്‍ മോഷ്ടിച്ചവരേയും പിടികൂടുമെന്നും ഇരി ഒരിക്കലും ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കാത്തവിധം അവര്‍ക്ക്‌ മാതൃകാപരമായ ശിക്ഷ നല്‍കുമെന്നും ഞാന്‍ നിങ്ങള്‍ക്ക്‌ ഉറപ്പുതരുന്നു, ജോണ്‍സണ്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ പോലീസിന്‌ വീഴ്ചപറ്റിയതായുള്ള പരാമര്‍ശങ്ങളെക്കുറിച്ചും ഞങ്ങള്‍ സമഗ്രമായ അന്വേഷണം നടത്തും, അദ്ദേഹം തുടര്‍ന്നു.
ലഹളകളൊതുക്കാന്‍ പ്ലാസ്റ്റിക്‌ വെടിയുണ്ടകള്‍ മാത്രമാണ്‌ തങ്ങളുപയോഗിച്ചതെന്ന്‌ പോലീസ്‌ വ്യക്തമാക്കി. പ്രധാനമന്ത്രി കാമറൂണ്‍ 16000 സുരക്ഷാ ഭടന്മാരോട്‌ പ്രദേശത്ത്‌ നിയന്ത്രണം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ലാഹോര്‍ നേതാവ്‌ എഡ്മിലി ബാണ്‍സ്‌ ലണ്ടനിലെ ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.