ഹൈദരാബാദിനെ വിട്ടുകൊടുക്കില്ലെന്ന്‌ ചന്ദ്രശേഖര റാവു

Sunday 4 August 2013 9:30 pm IST

ഹൈദരാബാദ്‌: തെലങ്കാന സംസ്ഥാന രൂപീകരണ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദിനുവേണ്ടിയുള്ള വടംവലി മുറുകുന്നു. കേന്ദ്ര ഭരണ പ്രദേശമായോ തെലങ്കാനയുടെയും ആന്ധ്രാ പ്രദേശിന്റെയും സംയുക്ത തലസ്ഥാനമായോ ഹൈദരാബാദിനെ മാറ്റുന്നത്‌ അംഗീകരിക്കില്ലെന്ന്‌ ടിആര്‍എസ്‌ (തെലങ്കാന രാഷ്ട്ര സമിതി) തലവന്‍ കെ. ചന്ദ്രശേഖര റാവു വ്യക്തമാക്കി. അടുത്ത പ്രക്ഷോഭം ഹൈദരാബാദിനു വേണ്ടിയാവുമെന്നും റാവു മുന്നറിയിപ്പ്‌ നല്‍കി.
ഹൈദരാബാദിനെ വിട്ടുകൊടുക്കുന്നത്‌ തെലങ്കാനയിലെ ജനങ്ങള്‍ അംഗീകരിക്കില്ല. കേന്ദ്രം പറഞ്ഞതുപോലെ അടുത്ത പത്തുവര്‍ഷത്തേക്ക്‌ ആന്ധ്രാ സര്‍ക്കാര്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിച്ചോട്ടെ. പക്ഷേ നഗരത്തെ ഭരിക്കുന്നത്‌ തെലങ്കാന സര്‍ക്കാരാവണം, തെലങ്കാന ജേര്‍ണലിസ്റ്റ്‌ ഫോറവുമായുള്ള ആശയ വിനിമയത്തിനിടെ ചന്ദ്രശേഖര റാവു പറഞ്ഞു.
ഞങ്ങളെ സംബന്ധിച്ചടത്തോളം തെലങ്കാന യാഥാര്‍ഥ്യമായിക്കഴിഞ്ഞു. ആന്ധ്രയിലെ സ്ഥിതിഗതികളെക്കുറിച്ച്‌ ആശങ്കയില്ല. അക്രമം നടക്കുന്നെങ്കില്‍ തടയേണ്ടത്‌ അവിടത്തെ സര്‍ക്കാരാണ്‌ സീമാന്ധ്രയിലെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.
സീമാന്ധ്രയിലെ ജീവനക്കാരെ തെലങ്കാന വിട്ടുപോകാന്‍ ആവശ്യപ്പെട്ടില്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. സീമാന്ധ്രക്കാര്‍ ആന്ധ്രാപ്രദേശിനുവേണ്ടിയും തെലങ്കാനക്കാര്‍ തെലങ്കാന ഭരണകൂടത്തിന്‌ വേണ്ടിയും ജോലി ചെയ്യണമെന്നെ ഉദ്ദേശിച്ചിട്ടുള്ളു.
മാധ്യമങ്ങള്‍ എന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ്‌. തെലങ്കാനയില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധരായവര്‍ ആരായാലും സ്വാഗതം ചെയ്യുന്നെന്നും ചന്ദ്രശേഖര റാവു കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.