കര്‍ക്കിടകവാവ്‌ ബലി തര്‍പ്പണം നാളെ; ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങളായി

Sunday 4 August 2013 9:55 pm IST

തൃപ്പൂണിത്തുറ: കര്‍ക്കിടകവാവ്‌ ബലിതര്‍പ്പണത്തിന്‌ മേഖലയിലെങ്ങുമുള്ള മഹാദേവ ക്ഷേത്രങ്ങളിലും തീര്‍ത്ഥാടനസങ്കേതങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കര്‍ക്കിടകമാസത്തിലെ അമാവാസി ദിവസമായ നാളെയാണ്‌ കുടുംബങ്ങളിലെ പൂര്‍വികരുടെ സ്മരണക്ക്‌ ബലിതര്‍പ്പണം നടത്തുന്നത്‌.
കൊച്ചി-തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തില്‍ പ്രമുഖ ക്ഷേത്രങ്ങളിലടക്കം ഭക്തര്‍ക്ക്‌ ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുലര്‍ച്ചെ നാല്‌ മുതല്‍ ആരംഭിക്കുന്ന കര്‍ക്കിടകവാവുബലിക്കായി പന്തലുകളും ഹാളുകളും മറ്റും പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. പ്രത്യേക ബലിത്തറകള്‍ ഒരുക്കിയും പുരോഹിതരെ ഏര്‍പ്പെടുത്തിയും തിരക്ക്‌ നിയന്ത്രിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വിപുലമാക്കിയിട്ടുണ്ട്‌.
തൃപ്പൂണിത്തുറ മേഖലയില്‍ നെട്ടൂര്‍ മഹാദേവക്ഷേത്രം, പൂത്തോട്ട ശ്രീനാരായണവല്ലഭക്ഷേത്രം, എരൂര്‍ പോട്ടയില്‍ ക്ഷേത്രം, തെക്കുംഭാഗം തറമേക്കാവ്‌ ക്ഷേത്രം, ഉദയംപേരൂര്‍ പൊതുമന്ദിരം, ചോറ്റാനിക്കര കുഴിയേറ്റ്‌ മഹാദേവക്ഷേത്രം, തെക്കുംഭാഗം ശ്രീകുമാരമംഗലം ക്ഷേത്രം എന്നിവിടങ്ങളില്‍ കര്‍ക്കിടകവാവ്‌ ബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ഭക്തജനങ്ങള്‍ക്ക്‌ ക്ലേശം കൂടാതെ ബലിതര്‍പ്പണം നടത്തുന്നതിനും ക്ഷേത്രദര്‍ശനത്തിനുമായി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.
പിതൃമോക്ഷത്തിനായുള്ള കര്‍ക്കിടകവാവ്‌ ബലിതര്‍പ്പണത്തിന്‌ നെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രം ഒരുങ്ങി. ആറിന്‌ ചൊവ്വാഴ്ചയാണ്‌ കര്‍ക്കിടകവാവ്‌ ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടക്കുക. പതിവിന്‌ വിപരീതമായി ശിവക്ഷേത്രത്തിന്‌ പകരം വിഷ്ണുക്ഷേത്രത്തിലാണ്‌ ഈവര്‍ഷം പിതൃക്കള്‍ക്കുള്ള വടാപൂജ സമര്‍പ്പണം നടക്കുക. അഷ്ടമംഗല പ്രശ്നവിധി പ്രകാരമാണ്‌ ക്ഷേത്രം തന്ത്രിയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന്‌ തീരുമാനിച്ച പ്രകാരമാണ്‌ ഈ മാറ്റം.
ചൊവ്വാഴ്ച രാവിലെ 6 ന്‌ വടാപൂജ സമര്‍പ്പണം വിഷ്ണുക്ഷേത്രത്തില്‍ ആരംഭിക്കും. ക്ഷേത്രത്തില്‍ തയ്യാറാക്കുന്ന ബലിച്ചോറ്‌ ഭക്തര്‍ക്ക്‌ വിതരണം ചെയ്യുന്നതിന്‌ പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്‌. മഹാദേവര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി രാമചന്ദ്രന്‍ എമ്പ്രാന്തിരിയും വിഷ്ണുക്ഷേത്രത്തില്‍ കൃഷ്ണറാവു എമ്പ്രാന്തിരിയും ചടങ്ങുകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കും. പുനരുദ്ധാരണം പൂര്‍ത്തിയായ ക്ഷേത്രക്കുളം ശുദ്ധികര്‍മ്മങ്ങള്‍ക്കുശേഷം ക്ഷേത്രത്തിന്‌ സമര്‍പ്പിച്ചു. ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രോപദേശകസമിതിയുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.