കനത്ത ജാഗ്രത വേണം

Monday 5 August 2013 7:25 pm IST

ഇടുക്കിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 15 പേരാണ്‌ മരണമടഞ്ഞിരിക്കുന്നത്‌. 30 ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ടൂറിസ്റ്റ്‌ ബസ്സ്‌ അടക്കം മൂന്ന്‌ വാഹനങ്ങള്‍ കൊക്കയിലേക്ക്‌ മറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്‌. ഇടുക്കിയില്‍ ഒരു മലയിടിഞ്ഞ്‌ ഗതാഗതക്കുരുക്കില്‍ കിടന്ന ബസ്സുകളുടെ മുകളില്‍ വീണ്‌ അവ മണ്ണിനടിയില്‍ ആയതായും റിപ്പോര്‍ട്ടുകളുണ്ട്‌. കേരളം അഭൂതപൂര്‍വമായ ഒരു കാലര്‍ഷപ്പെരുമഴക്കാണ്‌ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്‌. ജൂണ്‍ ഒന്ന്‌ മുതല്‍ ഈ ഞായറാഴ്ച വരെ സംസ്ഥാനത്ത്‌ ശരാശരി 1447.6 മില്ലിലിറ്റര്‍ മഴ ലഭിച്ചതായാണ്‌ കണക്ക്‌. ഈ വര്‍ഷം ഇതുവരെ കിട്ടിയ മഴ 1994.8 ലിറ്ററാണ്‌.
അതായത്‌ 36 ശതമാനം അധികം. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്‌. കൊടുംമഴയില്‍ മരിച്ചവരുടെ കണക്ക്‌ ഇനിയും ഉയരാനാണ്‌ സാധ്യത. അടിമാലിക്കും നേര്യമംഗലത്തിനും മധ്യേ ചീരപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞാണ്‌ അഞ്ചുപേര്‍ മരിച്ചത്‌. ഈ പ്രദേശത്ത്‌ തുടര്‍ച്ചയായി മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നത്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ വിഘാതമാണ്‌. ഇടുക്കിയില്‍ തടിയമ്പാട്‌, മരിയാപുരം, മുണ്ടാന്‍പടി എന്നിവിടങ്ങളില്‍ പതിനേഴിടത്താണ്‌ ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്‌. ഇടുക്കി ജില്ലയില്‍ മാത്രം നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു.
സംസ്ഥാനത്തെ ഉലച്ചിരുന്ന സരിതാ വിവാദവും രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം പ്രശ്നം സൃഷ്ടിച്ച ഊരാക്കുടുക്കുകളും ജോസ്‌ കെ. മാണിയെ ചൊല്ലിയുള്ള കെ.എം. മാണിയുടെ ചാഞ്ചാട്ടവും സംസ്ഥാനത്തെ വിഴുങ്ങിയ ദുരന്തത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും അപ്രത്യക്ഷമായി. രമേശ്‌ "ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്കില്ല" എന്ന്‌ പറഞ്ഞ പശ്ചാത്തലവും രീതിയും രമേശിന്റെ മുഖഭാവവും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ ചൂളിനിന്ന മുഖ്യമന്ത്രിക്ക്‌ തല്‍ക്കാലത്തേക്കെങ്കിലും രക്ഷാകവചമൊരുക്കിയാണ്‌ ഇടുക്കിയിലെ ചീയപ്പാറയിലെ ഉരുള്‍പൊട്ടല്‍ ദുരന്തം. മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌ 133 അടി കഴിയുകയും ഇടുക്കി ഡാം നിറയാന്‍ രണ്ടടി വെള്ളം മാത്രം മതി എന്ന നിലയിലാകുകയും ഇടമലയാര്‍ തുറന്നുവിടേണ്ടിവരികയും ചെയ്തിരിക്കുകയാണ്‌. മഴദുരന്തത്തിന്‌ പുറമെ അണക്കെട്ട്‌ തുറന്നതും പെരിയാര്‍നിവാസികളെ ദുരിതക്കയത്തിലാഴ്ത്തിയിരിക്കുകയാണ്‌. പഴയ മൂന്നാറിലെ പാലം വെള്ളത്തിനടിയിലാകുകയും റോഡുകള്‍ തകരുകയും ചെയ്ത്‌ മൂന്നാര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്‌. പത്തനംതിട്ടയിലെ സീതത്തോട്ടിലും തൃശൂരില്‍ അതിരപ്പിള്ളിയിലും മൂഴിയാര്‍ ഡാമില്‍ എത്തുന്ന പ്രധാന നീര്‍ച്ചാലായ സായിപ്പന്‍കുഴി തോട്ടിലും ഉരുള്‍പൊട്ടി ജലനിരപ്പുയര്‍ന്നു. ദുരന്തം മലമേഖലകളില്‍ ഒതുങ്ങാതെ തീരദേശമേഖലയെയും ഗ്രസിച്ച്‌ മത്സ്യബന്ധനത്തിന്‌ പോയ രണ്ട്‌ തൊഴിലാളികളെ കാണാതായിരിക്കുകയാണ്‌. ഇടുക്കിയില്‍ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ നടക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിക്കുന്നു. പ്രതിരോധമന്ത്രി എ.കെ. ആന്റണി കേന്ദ്രസേനയുടെ സഹായം വാഗ്ദാനം ചെയ്തുകഴിഞ്ഞു. ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ ടീമിനെ അയക്കണമെന്ന്‌ മുഖ്യമന്ത്രി കേന്ദ്രത്തോടാവശ്യപ്പെട്ടുകഴിഞ്ഞു.
കേരളത്തിലെ മലകള്‍, പ്രത്യേകിച്ച്‌ ഇടുക്കി വനപ്രദേശങ്ങള്‍ മനുഷ്യര്‍ക്ക്‌ സുരക്ഷിതമല്ലാതാക്കിയത്‌ ലാഭക്കൊതി മൂത്ത ജനങ്ങളുടെ പരിസ്ഥിതിവിരുദ്ധ നടപടികളാണ്‌. പശ്ചിമഘട്ട വനമേഖല പാരിസ്ഥിതിക ദുര്‍ബല പ്രദേശമാണെന്ന്‌ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടുള്ളതാണ്‌. പരിസ്ഥിതിയെ അവഗണിച്ച്‌ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളാണ്‌ ഈ വര്‍ഷത്തെ അത്യപൂര്‍വമായ കാലവര്‍ഷത്തില്‍ കേരളം അനുഭവിക്കുന്നത്‌. മഴയുടെ ശക്തി അടുത്തൊന്നും കുറഞ്ഞില്ലെങ്കില്‍ ഇടുക്കി ഡാം നിറഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധി ആശങ്കാജനകമാണ്‌. മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാടിനോട്‌ അപേക്ഷിക്കാമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറയുമ്പോഴും ആണവോര്‍ജമുള്‍പ്പെടെ കേരളത്തോട്‌ തമിഴ്‌നാടിനുള്ള സമീപനം ഒട്ടും ആശ്വാസജനകമല്ലല്ലോ. നെയ്യാര്‍ ഡാമില്‍നിന്നും കൂടുതല്‍ വെള്ളത്തിനുവേണ്ടി തമിഴ്‌നാട്‌ കോടതിയെ സമീപിച്ചിരിക്കുകയാണ്‌. ഈ ശക്തമായ മഴയും കൊടുങ്കാറ്റും കേരളത്തെ ശാരീരികമായും മാനസികമായും വിറപ്പിക്കുകതന്നെയാണ്‌. മരണനിരക്ക്‌ കൂടുകയും ജനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ അപ്രത്യക്ഷരാകുകയും ചെയ്യുന്നുമുണ്ട്‌. തോട്ടില്‍നിന്നും ബോട്ടില്‍നിന്ന്‌ കടലില്‍ വീണും ആളുകളെ കാണാതായിട്ടുണ്ട്‌. സര്‍ക്കാര്‍ രക്ഷാനടപടികളുമായി ജാഗ്രത പുലര്‍ത്തിയിരിക്കേണ്ട സമയമാണിത്‌. മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക്‌ എല്ലാവിധ സൗകര്യങ്ങളും ഒരുക്കേണ്ടതായുണ്ട്‌. വെള്ളം കയറിയതിനാല്‍ വിമാനത്താവളം അടച്ചു. നാഷണല്‍ ഹൈവേ വഴി ഗതാഗതം നിലച്ചു. കേരളവും നിശ്ചലാവസ്ഥയിലാകുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.