നിരാഹാര വേദി ലഭിച്ചതില്‍ സന്തോഷമെന്ന്‌ ഹസാരെ

Thursday 11 August 2011 1:12 pm IST

ന്യൂദല്‍ഹി: ലോക്‌പാല്‍ ബില്ലിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ ദല്‍ഹി പോലീസ്‌ ഫിറോസ്ഷാ കോട്‌ല മൈതാനത്തിന്‌ സമീപമുള്ള ജയപ്രകാശ്‌ നാരായണന്‍ നാഷണല്‍ പാര്‍ക്ക്‌ അനുവദിച്ചതില്‍ സന്തോഷവാനാണെന്ന്‌ അണ്ണാ ഹസാരെ പറഞ്ഞു. ഓഗസ്റ്റ്‌ 16 മുതലുള്ള അനിശ്ചിത കാല നിരാഹാരത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തര്‍മന്തറില്‍ അനിശ്ചിതകാല സമരം നടത്താന്‍ ഹസാരെയ്ക്ക്‌ നേരത്തെ പോലീസ്‌ അനുമതി നിഷേധിച്ചിരുന്നു. ഹസാരെയെ പിന്തുണയ്ക്കുന്നവരുടെ യോഗം ഇന്നു രാവിലെ ചേര്‍ന്നിരുന്നു. അണ്ണാ ഹസാരെയും അരവിന്ദ് കജ്‌രിവാളും യോഗത്തില്‍ പങ്കെടുത്തു. പുതിയ ബില്ലുണ്ടാക്കണമെന്ന് ഹസാരെയും സംഘവും സ്റ്റാന്‍ഡിങ് കമ്മിറ്റിയോട് വീണ്ടും ആവശ്യപ്പെട്ടു. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്നു പിന്‍മാറില്ലെന്നു കജ്‌രിവാള്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കു തയാറാണ്, എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും കജ്‌രിവാള്‍ അറിയിച്ചു. ഓഗസ്റ്റ് നാലിനാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താത്തതിനെ ബി.ജെ.പി. എതിര്‍ത്തിരുന്നു. ഇപ്പോഴത്തെ ബില്ലിന് യഥാര്‍ഥത്തില്‍ അഴിമതി തടയാനുള്ള ശക്തിയില്ലെന്നാണ് ഹസാരെയുടെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.