ബാലരാമായണം 23

Wednesday 7 August 2013 7:18 pm IST

അയോധ്യാകാണ്ഡം അരയന്‍ ഗുഹനന്‍പാര്‍ന്നു നീട്ടും കൈയേന്തി രാഘവന്‍ മാറോടണച്ചാനവനെ; മഹാന്‍ ജാതി നിനച്ചിടാ അന്നെല്ലാവരുമായങ്ങു വാണു പിറ്റേന്നു രാഘവന്‍ ആശ്വസിപ്പിച്ചൊരുവിധം സുമന്ത്രരെ മടക്കിനാന്‍. തിരിയെത്തേരുമായ്ക്കേണു പോമസ്സചിവനന്നഹോ കാടുതാന്‍ പുരമായ്ത്തോന്നി കാടായ്ത്തോന്നി പുരാന്തികം. ഓടലെണ്ണതലോടിത്തന്നോമല്‍ക്കാര്‍കചമാകവേ പിണച്ചു ജടയായ്ക്കെട്ടി പിന്നെ ശ്രീരാമലക്ഷ്മണര്‍. മുനിവേഷത്തിലും രമ്യന്‍ രാമനെക്കണ്ടു ജാനകി മെല്ലെച്ചിരിച്ചു നെടുവീര്‍പ്പിട്ടാള്‍ ബാഷ്പാവിലാക്ഷിയായ്‌ സ്വയം ഗുഹന്‍താനമരം പിടിച്ചോടുന്ന തോണിയില്‍ സ്വൈരം ഭാഗീരഥികടന്നെത്തീ തെക്കേക്കരയ്ക്കവര്‍. മടക്കിഗ്ഗുഹനെപ്പിന്നെ മഹാടവി കടന്നവര്‍ ഭരദ്വാജാശ്രമം കണ്ടാര്‍ പ്രയാഗവനസീമയില്‍. സന്തുഷ്ടനായ്‌ മുനിശ്രേഷ്ഠന്‍ ചെയ്ത സല്‍ക്കാരമേറ്റര്‍ സര്‍വ്വഖേദങ്ങളും തീര്‍ന്നമട്ടിലന്നങ്ങു മേവിനാര്‍. മുനിയെത്തൊഴുതാശിസ്സുവാങ്ങിപ്പിറ്റേന്നു രാവിലെ മുതിര്‍ന്നു സൂര്യന്‍ പൊന്‍പൂശും കാടേറിപ്പോയി മൂവരും. ക്രമേണ വനസഞ്ചാരം പഴകീ ഖേദമറ്റവര്‍ കൗതൂഹലംപൂണ്ടു പാര്‍ത്താരടവീ തടശോഭകള്‍. കണ്ടാരവര്‍ ശരല്‍ക്കാലശബളാംബരഭംഗിയില്‍ ഗംഗായമുനകള്‍ക്കുള്ള ഹൃദയംഗമസംഗമം. കണ്ടാര്‍ തെക്കോട്ടു വീണ്ടും പോംവഴിക്കതിമനോഹരം കവിപ്രശസ്തിനേടാത്ത വാല്‍മീകിയുടെയാശ്രമം വാത്സല്യമേറും മുനിതന്‍ വിരുന്നേറ്റങ്ങു തുഷ്ടരായ്‌ വീട്ടിലെന്നവിധം സ്വൈരം വസിച്ചാര്‍ ചിലനാളവര്‍. ചിന്തിച്ചു പിന്നമ്മുനീന്ദ്രന്‍ ചൊന്ന പാതവഴിക്കവര്‍ ചിത്രകൂടാചലത്തിന്റെ ചരിവില്‍ ചെന്നുചേര്‍ന്നിതു. പൂവും കായും പൊഴിക്കുന്ന ബഹുവൃക്ഷലതാദിയും പ്രമദംപൂണ്ടു ശബ്ദിക്കും നാനാപക്ഷിമൃഗങ്ങളും. പരന്ന പുല്‍ത്തകിടിയും നദിയും പുളിനങ്ങളും പാറപ്പുറങ്ങളും കണ്ടുതുള്ളി ജാനകിതന്മനം. ആ രമ്യവനഭാഗത്തൊരാശ്രമം തീര്‍ത്തു വാഴുവാന്‍ ആഗ്രഹിച്ചു ജനകജാ സമ്മതിച്ചു രഘൂത്തമന്‍ (തുടരും...)
മഹാകവി കുമാരനാശാന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.