ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചത്‌ ബംഗ്ലാദേശ്‌ സുപ്രീംകോടതിയും ശരിവച്ചു

Wednesday 7 August 2013 9:54 pm IST

ധാക്ക: ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ച ബംഗ്ലാദേശ്‌ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ചതോടെ രാജ്യത്ത്‌ വലിയ രാഷ്ട്രീയ മാറ്റത്തിന്‌ കളമൊരുങ്ങിയിരിക്കുകയാണ്‌. ബഹുസ്വര, ജനാധിപത്യ സംവിധാനം ബംഗ്ലാദേശില്‍ ശക്തമാകാന്‍ ഇത്‌ ഇടയാക്കുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ബംഗ്ലാദേശിന്റെ ജനനം മുതല്‍ കഴിഞ്ഞ നാല്‌ പതിറ്റാണ്ടായി ജനാധിപത്യരാഷ്ട്രീയ സംവിധാനത്തെ വാര്‍ത്തെടുക്കുന്നതിന്‌ വിഘാതം വരുത്താന്‍ പാക്കിസ്ഥാന്റെ നിരന്തര ഇടപെടലുകള്‍ കാരണമായി.
1971ല്‍ തന്നെ ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയെ സഹായിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍ ജമാ അത്തെ ഇസ്ലാമി നിരവധി മുസ്ലിം രാജ്യങ്ങളെ സമീപിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമിയെ നശിപ്പിക്കാന്‍ ബംഗ്ലാദേശ്‌ സര്‍ക്കാര്‍ ഇന്ത്യയുടെ കല്‍പനയ്ക്കനുസൃതമായി പ്രവര്‍ത്തിക്കുകയാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു.
ഇന്ന്‌ രാജ്യത്തെമ്പാടും ആഴത്തില്‍ വേരോടിയിരിക്കുന്ന ജമാ അത്തെ ഇസ്ലാമി മതമൗലികവാദികളുടെ ശൃംഖല തകര്‍ക്കുകയെന്നതാണ്‌ ബംഗ്ലാദേശ്‌ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഈ മതമൗലികവാദികള്‍ രാജ്യത്തെ സമ്പദ്‌ വ്യവസ്ഥയെ പോലും ആഴത്തില്‍ സ്വാധീനിച്ചിരിക്കുകയാണെന്ന്‌ പ്രമുഖ സാമ്പത്തിക വിദഗ്ധനും ബംഗ്ലാദേശി സാമ്പത്തിക വിഭാഗം പ്രൊഫസറുമായ അബുള്‍ ബര്‍ക്കത്‌ ചൂണ്ടിക്കാണിക്കുന്നു.
അവര്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയ്ക്കുള്ളില്‍ മറ്റൊരു സമ്പദ്‌ വ്യവസ്ഥ സ്ഥാപിക്കുകയും മറ്റൊരു രാഷ്ട്രം സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്‌. തെരഞ്ഞെടുപ്പില്‍പോലും തങ്ങളുടെ സ്വാധീനം പ്രകടിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിയും. തദ്ദേശ ഭരണതലം മുതല്‍ കേന്ദ്രസര്‍ക്കാര്‍ വരെ രാഷ്ട്രീയശൃംഖല രൂപപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ പ്രൊഫ. ബര്‍ക്കത്‌ വ്യക്തമാക്കുന്നു.
പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ജനാധിപത്യസംവിധാനങ്ങളെ തകര്‍ത്ത ജമാ അത്തെ ഇസ്ലാമി ബംഗ്ലാദേശിലും വലിയൊരു ശക്തിയാണ്‌. മതമൗലികവാദികളായ ഇവരുടെ സമ്പദ്‌ വ്യവസ്ഥ വലിയ വലിയ സാമ്പത്തിക സ്ഥാപനങ്ങളില്‍ തുടങ്ങി ചെറുകിട ഗൃഹങ്ങള്‍ വരെയും മുസ്ലിം പള്ളികള്‍, മദ്രസ എന്നിവിടങ്ങളിലാരംഭിച്ച്‌ വാര്‍ത്താ മാധ്യമങ്ങള്‍ വരെയുണ്ട്‌. ഇവരുടെ വര്‍ഷം തോറുമുള്ള ലാഭം 200 ദശലക്ഷം യുഎസ്‌ ഡോളറാണെന്ന്‌ കണക്കാക്കപ്പെടുന്നു.ഇതിലൂടെ ഇസ്ലാമിക മതമൗലികവാദ രാഷ്ട്രീയത്തിനായി പ്രവര്‍ത്തിക്കുന്ന 5,00,000 മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക്‌ ശമ്പളം നല്‍കാനും ഇവര്‍ക്ക്‌ കഴിയുന്നതായി ബര്‍ക്കത്‌ പറയുന്നു.
ജമാ അത്തെ ഇസ്ലാമിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലാണ്‌ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്‌. ഇവരെ വേരോടെ പിഴുതെറിയാനുള്ള കടുത്ത പ്രക്ഷോഭങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. അതിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ഉചിത സമയമാണിപ്പോള്‍. കാരണം ഇസ്ലാമിക സംഘടനകള്‍ ലോകമെമ്പാടും നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്‌, പ്രത്യേകിച്ചും ഏഷ്യയില്‍. സാഹോദര്യം ഊട്ടിയുറപ്പിക്കാനും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന ബംഗ്ലാദേശി സംഘടനകളെ സഹായിക്കാനും സംരക്ഷിക്കാനും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ്‌ ബംഗ്ലാദേശി ജനത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.