മുല്ലപ്പെരിയാര്‍ കവിയും; ഇടുക്കി ഡാം തുറന്നുവിടേണ്ടിവരുമെന്ന്‌ മുന്നറിയിപ്പ്‌

Wednesday 7 August 2013 10:02 pm IST

ഇടുക്കി: മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളില്‍ നിമിഷംതോറും ജലനിരപ്പ്‌ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ജലനിരപ്പ്‌ ഉയരുന്ന അതേ വേഗത്തില്‍ ജനങ്ങളുടെ ആശങ്കയും വര്‍ദ്ധിക്കുകയാണ്‌.
ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ച്‌ മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ 135 അടിയാണ്‌. ഇന്ന്‌ നേരം പുലരുമ്പോഴേക്കും 136 അടി കവിയാനാണ്‌ സാധ്യത.
വണ്ടിപ്പെരിയാറിലെ ജനങ്ങള്‍ സുരക്ഷിതത്വം ആവശ്യപ്പെട്ട്‌ പ്രക്ഷോഭവും ആരംഭിച്ചു. ജനങ്ങള്‍ക്ക്‌ ജില്ലാകളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്‌. അയ്യപ്പന്‍കോവില്‍ മുതല്‍ വള്ളക്കടവ്‌ വരെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന പതിനായിരത്തോളം കുടുംബങ്ങള്‍ സുരക്ഷാഭീഷണി നേരിടുകയാണ്‌. ദേവികുളം സബ്‌ കളക്ടറുടെ നേതൃത്വത്തില്‍ ജലവിഭവ വകുപ്പ്‌ എഞ്ചിനീയര്‍മാരടക്കം ഉയര്‍ന്നഉദ്യോഗസ്ഥര്‍ പീരുമേട്‌ താലൂക്ക്‌ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. ദ്രുതകര്‍മസേനയുടെ 40 പേരടങ്ങുന്ന സംഘം പീരുമേട്ടിലുണ്ട്‌.
മറ്റൊരു സംഘത്തെ അടിമാലിയിലും നിലനിര്‍ത്തിയിരിക്കുകയാണ്‌. ഇന്ന്‌ മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേയിലൂടെ വെള്ളം ഒഴുകിത്തുടങ്ങുന്നതോടെ പെരിയാറ്റിലെ ജലനിരപ്പ്‌ ഉയരും.
പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. അതിനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുകഴിഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചു.
മുല്ലപ്പെരിയാറില്‍ നിന്ന്‌ പെരിയാറ്റിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഇടുക്കി ജലസംഭരണിയിലാണ്‌ ചെന്നുചേരുന്നത്‌. ഇതോടെ ഇടുക്കി ഡാമിലെ ജലനിരപ്പും പെട്ടെന്ന്‌ ഉയരും. ഇന്നലെ രാവിലെ വരെ ഇടുക്കി ഡാമിലെ ജലനിരപ്പ്‌ 2394 അടിയാണ്‌.
2404 അടിയാണ്‌ പരമാവധി സംഭരണശേഷി. 2400 അടിയില്‍ ജലനിരപ്പ്‌ എത്തിയാല്‍ ഏതുനിമിഷവും ഡാം തുറന്നുവിടേണ്ടിവരുമെന്നും തീരദേശവാസികളും ഡാമിന്‌ സമീപമുള്ളവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അജിത്ത്‌ പാട്ടീല്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. മുല്ലപ്പെരിയാര്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാ ഭീഷണി നേരിടുകയാണെന്നും തദ്ദേശവാസികള്‍ പറയുന്നു. ഡാമില്‍ 4 സ്ഥലത്ത്‌ ചോര്‍ച്ച ഉണ്ടായിട്ടുണ്ട്‌. ഇതില്‍ ഒരു ചോര്‍ച്ചയിലൂടെ ശക്തിയായി വെള്ളം പുറത്തേക്ക്‌ ഒഴുകുന്നുണ്ടെന്നും പറയപ്പെടുന്നു.
ഡാമിന്റെ ഭിത്തിക്ക്‌ സിമെന്റ്‌ പൊളിഞ്ഞ്‌ ബലക്ഷയം ഉണ്ടെന്നുമാണ്‌ ആക്ഷേപം. സംസ്ഥാന ജലവിഭവ വകുപ്പ്‌ എഞ്ചിനീയര്‍മാര്‍ ഇന്നലെ ഡാമില്‍ പരിശോധന നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.